Pages

2010 ഒക്‌ടോബർ 2, ശനിയാഴ്‌ച

കഥ: അവന്‍ വീണ്ടും ജനിച്ചത് എങ്ങനെയെന്നാല്‍...

പതിവുപോലെ ഇന്നും സാധാരണ ദിവസമായിരുന്നു. സൂര്യന്‍ എല്ലാ പ്രഭയോടും കൂടി കത്തി ജ്വലിച്ച് നിന്നു. അവനെ താങ്ങിപിടിച്ച് €ിനിക്കിലേക്ക് കയറ്റുമ്പോഴാണ് പുറത്തെ താപനില അമ്പത് ഡിഗ്രി സെല്‍ഷ്യസ് എങ്കിലും കാണുമെന്ന് സൈറ്റ് എന്‍ജിനീയര്‍ പറഞ്ഞത്. പതിനാലാം നിലയിലെ കോണ്‍ക്രീറ്റിനുവേണ്ടിയുളള ഇരുമ്പ് കമ്പികള്‍ ചുട്ട് പഴുത്തിരുന്നു. ഇന്നലെ സൂര്യതാപത്താല്‍ ചെവിമടക്കുകളും കണ്‍പോളകളും പൊളളി അടര്‍ന്നവര്‍ കുറെ ഉണ്ടായിരുന്നു. തളര്‍ന്ന് വീണവരില്‍ ചിലര്‍ക്ക് ഇന്ന് അവധി ലഭിച്ചു. ബാക്കി എല്ലാവരും എത്തിയിട്ടുണ്ട്. തളര്‍ന്ന് വീണാല്‍ ഒരു ദിവസം അവധി ലഭിച്ചേക്കും. തനിക്കും അവധി ലഭിച്ചേക്കുമെന്നയാള്‍ പ്രത്യാശിച്ചു. ചൂട് ഏറുമ്പോള്‍ കൂടുതല്‍ വിയര്‍ക്കില്ല. പിന്നെ ചുട്ടു പഴുത്ത ഒരു വലിയ ഒാവനിലേക്ക് ശരീരം കയറ്റിയാലത്തെ അവസ്ഥയാണ്. വെളളം കുടിച്ചുകൊണ്ടേയിരിക്കണം. ഇല്ലെങ്കില്‍ സൂര്യാഘാതത്താല്‍ മരിച്ചു പോയേക്കാമെന്ന് ഡോക്ടര്‍ ഉപദേശിച്ചു. ലവണ നഷ്ടം ഒഴിവാക്കാന്‍ കുറെ ഗുളികകളും തന്നു. അത് വെളളത്തില്‍ കലക്കി കുടിക്കണമത്രെ.വളരെ പെട്ടെന്നായിരുന്നല്ലോ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്. 'ചോര.... ചോര' - തൊട്ടടുത്തുനിന്ന് കോണ്‍ക്രീറ്റ് കമ്പി കെട്ടികൊണ്ടിരുന്ന സഹപ്രവര്‍ത്തകന്‍ മുഖത്തേക്ക് നോക്കി ആശങ്കയോടെ പറഞ്ഞപ്പോഴാണ് അക്കാര്യം തിരിച്ചറിഞ്ഞത്. മുഖത്ത് കൂടി വിയര്‍പ്പ് ചാലുകള്‍ നിരന്തരം ഒലിച്ച് ഇറങ്ങിയിരുന്നതിനാല്‍ മൂക്കിലൂടെ ഒഴുകിയ ചോരയുടെ കുത്തൊഴുക്ക് അറിഞ്ഞിരുന്നില്ല്. നീല കവറോളില്‍ (നിര്‍മ്മാണ ജീവനക്കാര്‍ ധരിക്കുന്ന പാന്റും ഷര്‍ട്ടും ചേര്‍ന്ന ഒറ്റക്കുപ്പായം) ചുവന്ന തുളളികള്‍ ചിതറി വീണു. സമീപത്തു നിന്ന് മറ്റു പണിക്കാരും ഒാടിക്കൂടി. 'കടുത്ത ചൂടാണ്. നായിന്റെ മക്കള്‍. എന്നാലും മാടിനെപ്പോലെ പണിയെടുപ്പിക്കും'. ഒരു പാകിസ്ഥാനി കല്‍പ്പണിക്കാരന്‍ ആത്മരോഷം കൊണ്ടു. 'ഭായി സാബ്, വിഷമിക്കേണ്ട. വെളളം കുടിക്കൂ. തലയില്‍ തണുത്ത വെളളം ഒഴിക്കൂ. തണലിലേക്ക് മാറി ഇരിക്കൂ. തലകുനിച്ചിരിക്കാതെ മുകളിലേക്ക് ഉയര്‍ത്തി പിടിക്കൂ'. അയാള്‍ പറഞ്ഞു. മുഖത്ത് അമര്‍ത്തി പിടിച്ചിരുന്ന അഴുക്കും വിയര്‍പ്പും നിറഞ്ഞ തൂവാലയിലേക്ക് ചുവപ്പ് നിറം പടര്‍ന്നുകേറിക്കൊണ്ടേയിരുന്നു. അതിനിടയില്‍ ആരോ വെളളക്കുപ്പി നീട്ടി. വെളളം പോലും ചൂടില്‍ തിളച്ചിരിക്കുന്നു. ചൂടില്‍ ഉരുകിയ പ്ളാസ്റ്റിക് കുപ്പി ഒരു കോമാളിയുടെ മുഖം പോലെ കോടിയിരിക്കുന്നു. ഒന്നു രണ്ട് കവിള്‍ വെളളം കുടിച്ചു. വായില്‍ ചോരയുടെ രുചി. മറ്റൊരാള്‍ ചുട്ടു പഴുത്ത ഹെല്‍മറ്റ് ഉൌരിമാറ്റി തലയില്‍ വെളളമൊഴിച്ചു. ചോരയും വെളളവും കലര്‍ന്ന് ഇളം ചുവപ്പായി മുഖത്ത് കൂടി പരന്ന് ഒഴുകി. ചുടു മണലും കോണ്‍ക്രീറ്റും അത് ആര്‍ത്തിയോടെ ഏറ്റുവാങ്ങി. കവറോളില്‍ പറ്റിപ്പിടിച്ചിരുന്ന ചോര തുടച്ച് കളയാന്‍ വൃഥാ ശ്രമം നടത്തി. അതാകെ നീല നിറത്തില്‍ പടര്‍ന്നു.തലയില്‍ മുള്‍കിരീടവും മുഖത്തുകൂടെ വാര്‍ന്നൊഴുകുന്ന ചോരയുമായി ക്രൂശില്‍ക്കിടക്കുന്ന ക്രിസ്തുവിന്റെ രൂപം ഒരോര്‍മ്മയായി അവന്റെ മനസില്‍ നിറഞ്ഞു. കഴുത്തില്‍ക്കിടന്ന കുരിശില്‍ ചുംബിച്ച് താടിയില്‍ തങ്ങി നിന്ന രക്തത്തുളളികള്‍ അവന്‍ തുടച്ചുകളഞ്ഞു. നനഞ്ഞു കുതിര്‍ന്ന മുടി കഴുത്തില്‍ പറ്റിപ്പിടിച്ചു കിടന്നു. 'ഇന്ന് കൊടുംചൂടാണ്. പല സൈറ്റുകളിലും പണി നിര്‍ത്തി വച്ചു. ഇൌ ചൂടില്‍ സൂര്യാഘാതമേറ്റ് മരിച്ച് പോകാത്തത് ഭാഗ്യം'. മലയാളി സഹപ്രവര്‍ത്തകന്‍ ആരോടെന്നില്ലാതെ പറഞ്ഞു. €ിനിക്കില്‍ നിന്ന് ക്യാമ്പിലേക്ക് കമ്പനി ബസില്‍ ഒറ്റയ്ക്ക് മടങ്ങുമ്പോള്‍ സൂര്യാഘാതത്താലുളള മരണത്തെക്കുറിച്ചായിരുന്നു ചിന്ത. എങ്ങനെയാകും ആ മരണം. ഹൃദയം നിലയ്ക്കുകയാണോ? അതോ തലച്ചോറിനെ ബാധിച്ച് ഒാര്‍മ്മ നഷ്ടപ്പെട്ട് മരിക്കുമോ? എങ്ങനെയാണെങ്കിലും അതൊന്ന് സംഭവിച്ചിരുന്നെങ്കില്‍. മരണത്തെക്കുറിച്ച് അവന്‍ കൊതിയോടെ ഒാര്‍ത്തു. മതിയായി. അറവുമാടിനെപ്പൊലെയുളള ഇൌ പണിയും കിതച്ച് നുരതുപ്പലും. മാതാപിതാക്കള്‍, സഹോദരങ്ങള്‍, ഹൃദയവും സ്വപ്നവും പങ്കിട്ട കാമുകി..... നിരവധി മുഖങ്ങള്‍ ഒരു മഹാപ്രളയം പോലെ ഒാര്‍മ്മയിലേക്ക് ഇരച്ചുകയറി. എന്നിട്ടും നിര്‍വികാരത മരണത്തിന്റെ തണുപ്പോളം എത്തിയിരിക്കുന്നു. ആ ചിന്തയില്‍ അവന്‍ ഉറഞ്ഞു. ആവശ്യങ്ങളുടെ അവസാനിക്കാത്ത പട്ടിക നിരത്തുന്ന വീട്ടുകാര്‍ ആഢംബരങ്ങളുടേയും പ്രായോഗികതയുടേയും മേച്ചില്‍പുറങ്ങള്‍ തേടിയപ്പോള്‍ മൂന്ന് വട്ടം തളളിപറഞ്ഞ പ്രണയിനി.ആകാശകവാടം തുറന്ന് തീമഴപോലെ സൂര്യകിരണങ്ങള്‍ വര്‍ഷിച്ചാല്‍ മരിച്ചേനെ. ഇല്ലെങ്കില്‍, ദൈവമേ നിന്റെ ഏകജാതനെ ക്രൂശിലേറ്റിയതുപോലെ ഇൌയുളളവനേയും കോണ്‍ക്രീറ്റ് കമ്പികളിലൊന്നില്‍ കൊരുത്തിടേണമേ. പതിനാലാം നിലയുടെ മുകളില്‍ നിന്ന് താഴേക്ക് പറന്ന്, മാനത്തേക്ക് തുറിച്ച് നില്‍ക്കുന്ന ഭീമന്‍ കമ്പികളിലൊന്നില്‍ കൊരുത്ത് കിടക്കുന്നത് അവന്‍ ഒാര്‍ത്തു. എന്റെ ദൈവമേ, എന്റെ ദൈവമേ എന്നെ കൈവിട്ടതെന്ത്? ബസ് മരുഭൂമിയുടെ നടുവിലൂടെ ക്യാമ്പ് ലക്ഷ്യമാക്കി കുതിക്കുന്നു. അകലെ റോഡും മരുഭൂമിയും മരീചികപോലെ തിളക്കുന്നു. ഇൌ കൊടുംചൂടില്‍ ക്യാമ്പിലേക്ക് തനിക്കുവേണ്ടി മാത്രം ബസോടിക്കുന്നതില്‍ സര്‍ദാര്‍ജി ഡ്രൈവര്‍ക്ക് ഉളളില്‍ അമര്‍ഷം കാണും. എങ്കിലും മൂക്കിലൂടെ നിലക്കാതെ ഒഴുകിയ ചോര കണ്ട് അയാളും ഒന്ന് പകച്ചു. ഇൌ ചെറിയ ശരീരത്തിലെ ചോരയുടെ പ്രവാഹത്തിന് ഇത്രയും ശക്തിയോ? €ിനിക്കിലെ പരിശോധന കഴിഞ്ഞപ്പോഴാണ് ഒപ്പം എത്തിയവര്‍ക്ക് ആശ്വാസമായത്. അതോടെ അവന്‍ നിരാശനായി.മരണം അകലുകയാണ്. ദൈവമേ, കൈവിടല്ലേ. കഴുത്തില്‍ കിടന്ന കുരിശുമാലയില്‍ മുറുക്കിപിടിച്ചു.ക്യാമ്പ് വിജനമായിരുന്നു. സൂര്യാഘാതത്താല്‍ ഇന്നലെ മയങ്ങി വീണ ചിലരെങ്കിലും മറ്റു മുറികളിലെ പൊത്തുകളില്‍ ഉണ്ടാകും. ആരേയും പുറത്ത് കണ്ടില്ല. മുറിയില്‍ ആദ്യമായാണ് ഇങ്ങനെ ഒറ്റയ്ക്ക്. മുറിയിലാകെ വിയര്‍പ്പിന്റെ ഗന്ധം. നാല് ഇരട്ടക്കട്ടിലുകളിലായി എട്ട് പേരാണ് താമസം. അവരുടെ വിയര്‍പ്പുപുരണ്ട മുഷിഞ്ഞ വസ്ത്രങ്ങളും സോക്സുകളുമൊക്കെയായി മനംപുരട്ടുന്ന ഗന്ധം അവിടാകെ നിറഞ്ഞ് നിന്നിരുന്നു. എയര്‍കണ്ടീഷണര്‍ ഒരു വന്‍ മുരള്‍ച്ചയോടെ പ്രവര്‍ത്തിച്ചുതുടങ്ങി. ഇൌ കൊടും ചൂട് താങ്ങാനുളള ത്രാണി അതിനില്ല. ചെറിയൊരു കാറ്റ് മാത്രം അതിലൂടെ വരുന്നുണ്ട്. വസ്ത്രം മാറി ഇരട്ടകട്ടിലിന്റെ മുകളിലേക്ക് ഒരു വിധത്തില്‍ കയറിപ്പറ്റി തളര്‍ന്ന് കിടന്നു. രക്തം കുടിച്ച് വീര്‍ത്ത മൂട്ടകള്‍ ഭിത്തിയുടെ മുകളിലത്തെ ഇരുണ്ട മൂലകള്‍ നോക്കി അലസഗമനം നടത്തുന്നു. ഭിത്തിയില്‍ പലയിടത്തും മൂട്ടയെ കൊന്നതിന്റെ രക്തപാടുകള്‍. ശരീരമാകെ വല്ലാത്ത ഒരു പുകച്ചില്‍. എത്രനേരം അങ്ങനെ കിടന്നുവെന്ന് ഒാര്‍മ്മയില്ല. ഏകാന്തത അവനെ മടുപ്പിച്ച് തുടങ്ങി. കിടന്ന കിടപ്പില്‍ ടിവിയുടെ റിമോട്ടില്‍ കൈയമര്‍ത്തി ചാനലുകള്‍ മാറ്റി നോക്കി. പഴയ ടിവിയാണ്. ചിത്രങ്ങള്‍ പലപ്പോഴും ഫ്രീസാകുന്നു. ഏതോ റിയാലിറ്റി ഷോയുടെ പരസ്യത്തില്‍ അവതാരികയുടെ ചിത്രം സ്ക്രീനില്‍ ഉറഞ്ഞ് നില്‍ക്കുന്നു. അവതാരിക വാപൊളിച്ച് ഉറഞ്ഞിരിക്കുമ്പോള്‍ അതിന് ഒരു വൃത്തികേടുണ്ട്. ദൃശ്യങ്ങള്‍ ചലനാത്മകമായപ്പോള്‍ അയാള്‍ വീണ്ടും കമഴ്ന്ന് കിടന്നു. മെത്തയും തലയണയും ഷീറ്റുമെല്ലാം ദുര്‍ഗന്ധം വമിക്കുന്നു. ടിവിയില്‍ ഉറഞ്ഞ അവതാരികയെ ഒാര്‍ത്തു, നഷ്ടപ്പെട്ട കാമുകിയെ ഒാര്‍ത്തു. മടുപ്പോടെ ടിവി ഉച്ചത്തില്‍ വച്ചു. രാവിലേയും ഉച്ചയ്ക്കും ഒന്നും കഴിച്ചിട്ടില്ല. ഉച്ചഭക്ഷണത്തിന് കൊണ്ടുപോയ പൊതി അനാഥമായി അവിടെ കിടപ്പുണ്ടാകും. അതല്ലെങ്കില്‍ സഹപ്രവര്‍ത്തകര്‍ ആരെങ്കിലും അത് പങ്കിട്ടെടുത്തിട്ടുണ്ടാകും. വല്ലാത്ത വിശപ്പ്. നേരം ഇരുണ്ട് തുടങ്ങുന്നു. ചാനല്‍ വീണ്ടും മാറ്റി. അര്‍ദ്ധനഗ്നയായ നായികയുടെ നൃത്തവുമായി തമിഴ് സിനിമാഗാനം. വിശപ്പ് കത്തിക്കയറുകയാണ്. അതിനിടയിലും സൂര്യാഘാതമേറ്റ് മരിക്കാഞ്ഞതെന്തേ എന്ന ചിന്തയിലായിരുന്നു അവന്‍.ആത്മഹത്യ ചെയ്താലോ? ഒരു പ്ളാസ്റ്റിക് കയറില്‍ മുറിയിലെ ഫാനില്‍ കുരുക്കിട്ട് താഴേക്ക്... ഇരുനിലക്കട്ടിലിന്റെ മുകളിലത്തെ ബര്‍ത്തില്‍ കിടന്ന കിടപ്പില്‍ ഫാനിലും കഴുത്തിലും കുരുക്കിടാം. കിടന്നുകൊണ്ടു തന്നെ താഴേക്ക് വീണ് മരിക്കാം. ഒരു പക്ഷെ ചരിത്രത്തില്‍ ആദ്യമായാകും ഒരുവന്‍ കിടന്നുകൊണ്ട് തൂങ്ങി മരിക്കുന്നത്. ആത്മഹത്യാ വിവരങ്ങള്‍ ഒരു കുറിപ്പില്‍ എഴുതിയാല്‍ ഒരു പക്ഷെ ഇത്തരമൊരു മരണത്തിന് ഗിന്നസ് ബുക്കില്‍ കയറിക്കൂടാമായിരിക്കും. അവന്‍ ദൈന്യതയോടെ ചിരിച്ചു. തൂങ്ങുന്നതിന് മുമ്പ് കൈലി മാറി പാന്റ് ഇടണം. ഇല്ലെങ്കില്‍ മരണ വെപ്രാളത്തിനിടയില്‍ നഗ്നനായാലോ? തെറിച്ച് നില്‍ക്കുന്ന നഗ്നത ഒരു ചോദ്യചിഹ്നം പോലെ വിരല്‍ചൂണ്ടി നില്‍ക്കും. അത് ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തും. വേണ്ട, അത് അശ്ളീലമാണ്. ചത്ത് കിടന്നാലും ചമഞ്ഞ് കിടക്കണം. തൂങ്ങി മരണമല്ലാതെ എങ്ങനെ മരിക്കാം എന്ന ചിന്തയായി പിന്നെ..കാമുകിക്ക് ചെവിമുറിച്ചുകൊടുത്ത ഒരു ചിത്രകാരന്‍ ഉണ്ടല്ലോ? പിന്നീട് എപ്പോഴോ അയാള്‍ വെടിവച്ച് മരിക്കുകയായിരുന്നവത്രെ. അത് പോലെ ചങ്ക് പറിച്ചെടുത്ത് ഒരു കുപ്പിഭരണിയിലാക്കി ഒരു കുറിപ്പോടെ അയച്ചുകൊടുത്താലോ. എന്താണീ ചങ്ക്? കരളോ ഹൃദയമോ? അത് പറിച്ചെടുത്ത് ഭരണിയില്‍ ഇടുംവരെ ജീവിക്കാനാവുമോ? നേരത്തെ കുറിപ്പ് എഴുതി വയ്ക്കാം. ഒന്നോ രണ്ടോ വാചകം മതി. 'പ്രിയേ ഇത് നിനക്കായി...' എന്നോ മറ്റോ. ഇത്തിരി പൈങ്കിളിയാണെങ്കിലും അത് മതി. കുറിപ്പിലല്ല നല്‍കുന്ന സാധനത്തിലാണ് കാര്യം. പക്ഷെ ഇത് തന്റെ ചങ്കാണെന്ന് അവള്‍ എങ്ങനെ തിരിച്ചറിയും? മനുഷ്യരുടെ അന്തരികാവയവങ്ങള്‍ക്കെല്ലാം ഒരേ രൂപമാണ്. ബാഹ്യരൂപം മാത്രമാണ് മാറുന്നത്. കറുത്തവന്റെ, വെളളക്കാരന്റെ, ധനികന്റെ, ദരിദ്രന്റെ ഹൃദയങ്ങള്‍ വിവിധ ഭരണികളില്‍ വച്ചാല്‍ അത് ആരുടേതെന്ന് എങ്ങനെ തിരിച്ചറിയും? ബാഹ്യരൂപത്തിലുളള വ്യതിയാനത്തില്‍ മാത്രമാണ് മനുഷ്യന്റെ ഇഷ്ടാനിഷ്ടങ്ങള്‍ പിണഞ്ഞു കിടക്കുന്നത്. അപ്പോള്‍ ആത്യന്തികമായി നാം ആരാണ്? രാജാവും പ്രജയും ധനികനും ദരിദ്രനും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലേ? വേഷഭൂഷാദികളിലും രൂപത്തിലും മാത്രമാണോ ഇൌ വ്യത്യാസം. ഇങ്ങനെ ചിന്ത നീണ്ടു പോയാല്‍ ആത്മഹത്യ എന്ന ലക്ഷ്യത്തില്‍ എത്താനാകില്ല. വിശപ്പ് തളര്‍ത്തിതുടങ്ങി. മരിക്കാനാണെങ്കിലും അതിന് ഒരു ത്രാണി വേണം. വയര്‍ നിറയെ ഭക്ഷണം കഴിച്ചിട്ട് മരിച്ചാലോ? തൂക്കികൊല്ലാന്‍ പോകുന്നവര്‍ക്ക് നിറയെ ഭക്ഷണം നല്‍കുമെന്ന് കേട്ടിട്ടുണ്ട്. ഒരു വിധത്തില്‍ മുകളിലെ ബര്‍ത്തില്‍ നിന്നും താഴേക്ക് ഉൌര്‍ന്നിറങ്ങി. പുറത്ത് ഏതെങ്കിലും റസ്റ്റോറന്റില്‍ പോയെങ്കിലേ ഭക്ഷണം കഴിക്കാനാകൂ. ഇല്ലെങ്കില്‍ സഹപ്രവര്‍ത്തകര്‍ ഏറെ വൈകി വരുംവരെ കാത്തിരിക്കണം. അവര്‍ വന്ന ശേഷമാണ് പാചകം. രാത്രി ഭക്ഷണത്തോടൊപ്പമാണ് ഉച്ചഭക്ഷണവും തയ്യാറാക്കുക. രാവിലെ മിക്കവാറും പട്ടിണിയാണ്. ഉച്ചഭക്ഷണം പൊതിഞ്ഞ് സൈറ്റിലേക്ക് എടുക്കും. സഹപ്രവര്‍ത്തകര്‍ വരാതെ പാചകം ചെയ്യാനുളള ത്രാണി ഇന്നില്ല. ഇൌ ചിന്തകള്‍ക്കിടയില്‍ വസ്ത്രം മാറികഴിഞ്ഞിരുന്നു. സേഫ്റ്റി ഷൂവും സൈറ്റില്‍ നിന്ന് വന്നപ്പോള്‍ ഉൌരിയിട്ട കവറോളും ഹെല്‍മറ്റും അണിഞ്ഞ് കഴിഞ്ഞപ്പോഴാണ് താന്‍ എത്ര യാന്ത്രികമായാണ് ഇത് ചെയ്തതെന്ന് അയാള്‍ ഒാര്‍ത്തത്. റസ്റ്റോറന്റിലേക്ക് പോകാന്‍ അത്യാവശ്യം വൃത്തിയുളള പാന്റും ഷര്‍ട്ടും വേണമായിരുന്നു. മനുഷ്യന്‍ റോബോട്ടിനെ പോലെയാകുന്നുവെന്നും കണ്ടീഷന്‍ഡ് ആകുന്നുവെന്നും ആരാണ് പറഞ്ഞത്. സ്വന്തം നിലയില്‍ അബോധാവാനായ മനുഷ്യന്‍ സ്വയം പ്രോഗ്രാം ചെയ്ത യന്ത്രത്തെപ്പോലെ പ്രവര്‍ത്തിക്കുന്നു! സേഫ്റ്റി ഷൂ നിറയെ പൊടിയും കോണ്‍ക്രീറ്റിന്റെ അവശിഷ്ടങ്ങളും. വിയര്‍പ്പ് ഉണങ്ങി വെളളനിറത്തില്‍ സ്വയം ഡിസൈന്‍ വീണ കവറോളില്‍ രക്തതുളളികള്‍ പതിച്ചതിന്റെ മങ്ങിയ പാട്. ഇനി വസ്ത്രം മാറാനുളള കരുത്തില്ല. ക്ഷീണം കടുത്തു വരുന്നു. ഇതുമതി. ഏതെങ്കിലും ചെറിയ കടയില്‍ കയറി ഭക്ഷണം കഴിക്കാം. ക്യാമ്പില്‍ നിന്ന് നഗരപഥത്തില്‍ എത്താന്‍ കുറെ നടക്കണം. മണലും പൊടിയും നിറഞ്ഞ പാതയിലൂടെ അവന്‍ പതിയെ നടന്നു. എതിരെ ഇടക്കിടക്ക് വാഹനങ്ങള്‍ പൊടിപറത്തി പാഞ്ഞുപോയി. മുന്തിയ നക്ഷത്ര ഹോട്ടലുകളില്‍ ഡ്രസ് കോഡ് ഉണ്ടത്രെ. ചെരുപ്പിന് പകരം ഷൂസിടണമെന്നാണ് പ്രധാന നിര്‍ബന്ധം. സേഫ്റ്റി ഷൂ അനുവദിക്കുമോ ആവോ? കൈയില്‍ ധാരാളം പണമുണ്ടാകുമ്പോള്‍ ഒരിക്കല്‍ സേഫ്റ്റിഷൂ ഇട്ട് അവിടെ പോകണം. അവന്‍ ഉളളില്‍ ചിരിച്ചു. ഇടത്തരം റസ്റ്റോറന്റുകളിലൊന്നിന്റെ മുന്നില്‍ അവന്‍ നിന്നു. ഭക്ഷണം കഴിക്കുന്നവരെ പുറത്ത് നിന്ന് ാസിലൂടെ നോക്കി. എല്ലാവരും വൃത്തിയുളള വസ്ത്രം ധരിച്ചിരിക്കുന്നു. അവന്‍ വീണ്ടും നടന്നു. നേരം ഇരുണ്ടുതുടങ്ങി. വളഞ്ഞു പുളഞ്ഞ് കിടക്കുന്ന ഇടവഴികളിലൂടെയും കൂറ്റന്‍ കെട്ടിടങ്ങളുടെ നിഴലിലൂടെയും അവന്‍ നടന്നലഞ്ഞു. ഒരിക്കലും അവസാനിക്കാത്ത വഴികള്‍. ഒരു ഗല്ലിയുടെ ഇരുണ്ട മൂലയില്‍ അവന്‍ ഉടക്കിനിന്നു. ചിലയിടങ്ങള്‍ മുറുക്കി തുപ്പി വൃത്തികേടായിരിക്കുന്നു. മറ്റ് ചിലയിടത്ത് മാലിന്യം കുന്നുകൂടിക്കിടക്കുന്നു. അവയ്ക്കിടയില്‍ പതുങ്ങുന്ന പൂച്ചകളുടെ കണ്ണുകള്‍ ഇരുട്ടില്‍ തിളങ്ങി. അങ്ങനെ നില്‍ക്കവെ പിന്നില്‍ നിന്ന് ഒരു വിളി. 'ഹലോ...' അരണ്ട വെളിച്ചത്തില്‍ ഒന്നും വ്യക്തമായില്ല. പോകെപോകെ രണ്ട് കെട്ടിടങ്ങള്‍ക്കിടയിലെ ഇടനാഴിയില്‍ നിന്ന് ഒരു കറുമ്പിയുടെ നിഴല്‍ തെളിഞ്ഞുവന്നു. ഇരുളില്‍ അവളുടെ പല്ലുകള്‍ക്കും കണ്ണുകള്‍ക്കും നല്ല തിളക്കം. ഒരു ഇരയെ കിട്ടിയെ സന്തോഷത്താല്‍ അവളുടെ കണ്ണുകളില്‍ പ്രലോഭനത്തിന്റെ തിരയിളക്കം. ആഫ്രിക്കന്‍ സ്ത്രൈണതക്ക് വന്യതയുടെ മുഖമുണ്ട്. വന്യമായതെല്ലാം മൌലീകമാണ്, കലര്‍പ്പില്ലാത്തതാണ്. ഇൌ ഗല്ലികള്‍ ഇത്തരം കച്ചവടങ്ങള്‍ക്ക് കുപ്രസിദ്ധമാണ്. ആദ്യമായാണ് ഇത്തരമൊരു അനുഭവം. ഇവിടുത്തെ ഫ്ളാറ്റുകളില്‍ ഏതിലോ ഒന്നിലാകണം ഇവരുടെ താവളം. അടക്കിവച്ചതെല്ലാം ചുരമാന്തി പുറത്ത് വരുന്നു. ആത്മഹത്യാ ചിന്തക്ക് പ്രേരകമായതെല്ലാം അടക്കിവയ്ക്കലാണ്. രതിയുടെ ഉൌര്‍ജപ്രവാഹത്തില്‍ വിശപ്പ് എരിഞ്ഞടങ്ങുന്നു. മൂന്നാം നിലയിലെ ഫ്ളാറ്റിലേക്ക് അവളെ പിന്തുടരുന്നതിനിടയില്‍ പേര് ചോദിച്ചു. മേരി, സോമാലിയക്കാരിയാണ്. മഗ്ദലനക്കാരിയായ മേരിയെ ഒാര്‍ത്തു. അവള്‍ കറുമ്പിയായിരുന്നോ? ആരും അങ്ങനെ പറഞ്ഞുകേട്ടിട്ടില്ല. ഇൌ സോമാലിയക്കാരി മധ്യവയസ്കയാണ്. അമ്പതിനോടടുത്ത് പ്രായമുണ്ട്. 'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ'. കാന്തത്താല്‍ വലിച്ചടുപ്പിക്കപ്പെട്ടപോലെ, സ്വപ്നാടകനെപോലെ അവളെ അവന്‍ പിന്തുടര്‍ന്നു.ഫ്ളാറ്റിനുളളില്‍ പിന്നെയും കുറെ കറുമ്പികള്‍ ഉണ്ടായിരുന്നു. തടിച്ച മുലകള്‍ ഉളള അര്‍ദ്ധ നഗ്നകള്‍. മേരിയേക്കാള്‍ പ്രായം കുറഞ്ഞ യുവതികളായിരുന്നു അവര്‍. ലിപ്സ്റ്റിക്കിനിടയില്‍ തിളങ്ങുന്ന പല്ലുകളോടെ അവര്‍ ചിരിച്ചു. വേട്ടയാടി രക്തം പുരണ്ട പല്ലുകള്‍ പോലെ അവ തോന്നിച്ചു. അയാളുടെ ഷൂസിലും വേഷത്തിലും നോക്കി അവര്‍ തമാശ പറഞ്ഞു. മേരിക്ക് കിട്ടിയ ഇരയുടെ അവസ്ഥയോര്‍ത്ത് അവര്‍ അവളോടും എന്തൊക്കെയോ പറഞ്ഞ് ചിരിച്ചു. മേരി കാരുണ്യപൂര്‍വ്വം അവനെ മുറിയിലേക്ക് ക്ഷണിച്ചു. കതകുകള്‍ അടഞ്ഞ ഉടനെ വാത്സല്യപൂര്‍വ്വം അവര്‍ അവനെ കെട്ടിപ്പിടിച്ചു. അവന്‍ കിതക്കുന്നുണ്ടായിരുന്നു. മുറിയുടെ മൂലയില്‍ വച്ചിരുന്ന വെളളം അവര്‍ അവന്റ നേരെ നീട്ടി. അവന്‍ ആര്‍ത്തിയോടെ കുടിച്ചു. അതിനിടയില്‍ ഒരു ജാലവിദ്യക്കാരിയെ പോലെ ഞൊടിയിടയില്‍ അവള്‍ വിവസ്ത്രയായി. ശേഷം സാവധാനം അവനെ വിവസ്ത്രനാക്കാന്‍ തുടങ്ങി. കവറോള്‍ പാന്റും ഷര്‍ട്ടും ചേരുന്ന ഒരൊറ്റ വസ്ത്രമായതിനാല്‍ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നു. കഴുത്തിന് താഴെ നിന്ന് സിബ്ബ് താഴേക്ക് അരയോളം വലിച്ചു. അറവുകാരന്റെ കത്തി ആടിന്റെ കഴുത്തില്‍ നിന്ന് പളളവരെ തുകല്‍ കീറിപായും പോലെ അവന്‍ ഒന്നുപിടഞ്ഞു. തോല്‍ പൊളിക്കുന്ന ലാഘവത്തോടെ അവള്‍ അവന്റെ രക്തം പുരണ്ട കവറോള്‍ ഉരിഞ്ഞ് ഒരു മൂലയിലേക്ക് എറിഞ്ഞു. വസ്ത്രം ഉൌരി എണ്ണ തേയ്പ്പിക്കാന്‍ കിണറ്റിന്‍ കരയില്‍ അമ്മ നിര്‍ത്തിയ കുഞ്ഞിനെപോലെ അവന്‍ നിര്‍മലനായി. തണുത്ത വെളളം തലയിലേക്ക് ഒഴിക്കുമ്പോഴുളള കുളിര്‍ അവന് അനുഭവപ്പെട്ടു. പടം പൊഴിച്ച പാമ്പിനെപോലെ അവന്‍ തന്റെ പുതുശരീരത്തെ കണ്ടു. ശരീരം തരളിതമാകുന്നതും ശിശുവിന്റെ ചര്‍മ്മം പോലെ നേര്‍ത്തതാകുന്നതും അവന്‍ അറിഞ്ഞു. ഉറച്ച മാംസപേശികളും തഴമ്പുളള കൈകളും സൂര്യാഘാതമേറ്റ് കരിഞ്ഞ തൊലിയും പൂപോലെയായി. മേരി അവനെ മാറോടണച്ചു. എന്തെന്നില്ലാത്ത ഒരു സ്വാസ്ഥ്യവും തണുപ്പും അവനറിഞ്ഞു. തടിച്ചുതൂങ്ങിയ കറുത്ത മുലകളില്‍ അവന്‍ മുഖം അമര്‍ത്തി കരഞ്ഞു. മുലകളെ കണ്ണീരുകൊണ്ട് അഭിഷേകം ചെയ്തു. ബോധാബോധങ്ങളുടെ നേര്‍ത്ത വരമ്പില്‍ ഒരു മേഘക്കീറുപോലെ അലയവെ അവന്‍ പറഞ്ഞു 'ദൈവമേ നന്ദി... എല്ലാം നിവര്‍ത്തിയായി..'

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ