2008 ന് പടിയിറക്കം. ഒാരോ ഇറക്കങ്ങളും മറ്റൊന്നിലേക്കുളള തുടര്‍ച്ചയാണ്. കയറ്റത്തിലേക്കോ സമതലത്തിലേക്കോ കൂടുതല്‍ ആഴങ്ങളിലേക്കോ ഉളള യാത്രയുടെ തുടര്‍ച്ച. ഇൌ ദശാസന്ധിയില്‍ നില്‍ക്കുന്ന പ്രവാസിയുടെ യാത്ര ഇനി എങ്ങോട്ട്? കവടി നിരത്തി ഗ്രഹനിലയുടെ അനന്തവും അജ്ഞാതവുമായ സമസ്യകള്‍ പൂരിപ്പിച്ച് ഭാവി പ്രവചിക്കുകയല്ല ഇവിടെ. സാമ്പത്തിക ശാസ്ത്രത്തിന്റേയും രാഷ്ട്രമീമാംസയുടേയും മൂശയില്‍ നിര്‍വചനങ്ങള്‍ ഉരുക്കിയൊഴിച്ച് പാണ്ഡിത്യ വ്യാഖ്യാനങ്ങള്‍ നിരത്തുകയുമല്ല. ഒരു ശരാശരി പ്രവാസിയുടെ ആശങ്കകളും അന്വേഷണങ്ങളുമാണിവിടെ.തീര്‍ച്ചയായും പ്രവാസികള്‍ക്ക് മൊത്തത്തിലും , ഗള്‍ഫ് പ്രവാസികള്‍ക്ക് പ്രത്യേകിച്ചും പ്രതിസന്ധിയുടെ ദിനങ്ങളാണ് വരാനിരിക്കുന്നത്. ലോക സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ എണ്ണവില തകര്‍ച്ചയും ഗള്‍ഫ് മേഖലയെ പിടിച്ചുലക്കും എന്നത് തീര്‍ച്ച. ആവശ്യത്തിന് പണമില്ലാതെ പദ്ധതികള്‍ പലതും ആരംഭിക്കാന്‍ കഴിയുന്നില്ല എന്ന തിരിച്ചറിവ് ഇപ്പോള്‍ തന്നെ നമുക്ക് ഉണ്ടായിക്കഴിഞ്ഞു. ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും അടിമുടി ഉലഞ്ഞുനില്‍ക്കുന്നു. ബാങ്കുകള്‍ വായ്പ്പ നല്‍കുന്നത് ഏറെക്കുറെ നിര്‍ത്തിക്കഴിഞ്ഞു.തുടങ്ങിയ പദ്ധതികള്‍ പകുതി വഴിയില്‍ ഉപേക്ഷിക്കാന്‍ കുറേപ്പേരെങ്കിലും നിര്‍ബന്ധിതരാകും. പല കമ്പനികളും വ്യാപകമായി ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങി. ഇപ്പോള്‍ തന്നെ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം ഏറിവരുന്നു. ഉയര്‍ന്ന ശമ്പളമുളളവര്‍ക്കാണ് ഇപ്പോള്‍ ജോലി നഷ്ടപ്പെടുന്നതെങ്കിലും 2009 ല്‍ ഇടത്തരക്കാര്‍ക്കും കുറഞ്ഞ ശമ്പളമുളളവര്‍ക്കും തൊഴില്‍ നഷ്ടപ്പെടും. നിര്‍മ്മാണ മേഖലയെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന മരവിപ്പ് വരും മാസങ്ങളില്‍ കൂടുതല്‍ വ്യാപകമാകുമ്പോള്‍ കമ്പനികള്‍ക്ക് ജീവനക്കാരെ പിരിച്ചുവിടുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലാതെ വരും. ക്രമേണ ഇത് മറ്റ് മേഖലകളിലേക്കും ബാധിക്കും. പലരോടും ദീര്‍ഘകാല അവധിക്ക് പോകാന്‍ കമ്പനികള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. ഒാവര്‍ടൈം, ബോണസ് തുടങ്ങിയ അധിക വരുമാന മാര്‍ഗ്ഗങ്ങളില്‍ ഇപ്പോള്‍ തന്നെ കുറവ് വന്നിരിക്കുന്നു. കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യാന്‍ പാശ്ചാത്യര്‍ പോലും മുന്നോട്ട് വരുന്ന സ്ഥിതിയാണിപ്പോള്‍. ഇത് തൊഴില്‍ മേഖലയില്‍ കുറഞ്ഞ വേതനത്തിനും അസംതൃപ്തിക്കും വഴിതെളിക്കും.
ഒാഹരികളിലും മ്യൂച്ചല്‍ ഫണ്ടുകളിലും പണം നിക്ഷേപിച്ചവര്‍ ധനികര്‍ മാത്രമല്ല. സാധാരണക്കാര്‍ പോലും ഇതിലേക്ക് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആകൃഷ്ടരായിട്ടുണ്ട്. ഇവര്‍ക്കൊക്കെ വന്‍ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. തങ്ങളുടെ സര്‍വ്വ സമ്പാദ്യങ്ങളും നഷ്ടപ്പെട്ടവര്‍ നിരവധി. ഗള്‍ഫിലും നാട്ടിലും മോഹവിലക്ക് ഫ്ളാറ്റുകളും വില്ലകളും ഭൂമിയും വാങ്ങിയ പ്രവാസികള്‍ ഇന്ന് വന്‍ പ്രതിസന്ധിയിലാണ്. ഇവ വില്‍ക്കാനോ ഉദ്ദേശിച്ച വിലക്ക് വാടകക്ക് നല്‍കാനോ കഴിയുന്നില്ല. ഗള്‍ഫിലേയും ഇന്ത്യയിലേയും റിയല്‍ എസ്റ്റേറ്റ് കുമിള പൊട്ടിയെന്ന് ഏറെക്കുറെ ഉറപ്പിച്ച് പറയാം. നിര്‍മ്മാണത്തിലിരിക്കുന്ന ഫ്ളാറ്റുകളുടേയും മറ്റും തവണങ്ങള്‍ മുടങ്ങി നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകാതെ പല റിയല്‍ എസ്റ്റേറ്റ് കമ്പനികളും കുഴപ്പത്തിലായിരിക്കുകയാണ്. ഗള്‍ഫിലെ ജീവിത ചിലവ് താങ്ങാനാകാതെ കുടുംബത്തെ നാട്ടിലേക്ക് തിരിച്ചയക്കുന്നവരുടെ എണ്ണം 2009 ല്‍ വളരെ കൂടും. സ്കൂള്‍ അധ്യയന വര്‍ഷം അവസാനിക്കുന്നതോടെ ഇതിന് ആക്കം കൂടും. പ്രവാസികളുടെ തിരിച്ചുപോക്കും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തകര്‍ച്ചയും കുതിച്ചുയര്‍ന്ന വാടക നിരക്കിനെ നിയന്ത്രിക്കാന്‍ സഹായകരമാകും. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിന് മുമ്പ് ഉണ്ടായ കുറഞ്ഞ വാടകയിലേക്ക് തിരിച്ചെത്താന്‍ ഇനിയും വര്‍ഷങ്ങള്‍ എടുക്കുമെന്നാണ് കരുതപ്പെടുന്നത്.
വന്‍കിട സ്ഥപാനങ്ങള്‍ മാത്രമല്ല ചെറിയ സ്ഥാപനങ്ങള്‍ പോലും പ്രതിസന്ധി നേരിടാവുന്ന കാലമാണ് വരുന്നത്. നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെയാവും ഇത് സാരമായി ബാധിക്കുക. ചെയ്ത ജോലിക്ക് പോലും പണം ലഭിക്കാത്ത ഇടത്തരം സ്ഥാപനങ്ങള്‍ സാമ്പത്തികമായി നിശ്ശേഷം തകര്‍ന്നുപോകുന്ന കാഴ്ച ഇപ്പോള്‍ തന്നെ കണ്ടുതുടങ്ങി. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും സ്ഥാപനത്തിന്റെ വാടക കൊടുക്കാനും ഇല്ലാതെ വിഷമിക്കുന്നവര്‍ നിരവധി. തൊഴില്‍ സമരങ്ങളും ഇൌ മേഖലയിലെ അസ്വസ്ഥതകളും ധാരാളമായി ഉണ്ടായേക്കാം. പണം ലഭിക്കാതെ കേസും വഴക്കുമായി ജീവിതം തളളി നീക്കുന്നവരുടെ എണ്ണവും കൂടും.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിനുളള തകര്‍ച്ച മൂലം പ്രവാസികളുടെ വരുമാനത്തില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായതാണ് ഇൌ കാലയളവിലെ ഏക ആശ്വാസം. 15 മുതല്‍ 20 ശതമാനം വര്‍ദ്ധനവാണ് ഇൌ രംഗത്തുണ്ടായിരിക്കുന്നത്. നാട്ടിലേക്ക് പണം അയക്കുന്നവര്‍ക്ക് കൂടുതല്‍ രൂപ ലഭിച്ചതോടെ ആ തുക ആഡംബരങ്ങള്‍ക്കായി ചിലവിടുന്നതും കൂടുന്നുണ്ട്. രൂപയുടെ മൂല്യം ഇടിയുന്നത് നാട്ടില്‍ വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. സാധനങ്ങളുടെ വില വര്‍ദ്ധിക്കാന്‍ ഇത് ഇടയാക്കും. സാമ്പത്തിക പ്രതിസന്ധിയുടെ ഇൌ കാലഘട്ടത്തില്‍ ഒാരോ ചില്ലിക്കാശും കരുതലോടെ നിക്ഷേപിക്കേണ്ടതുണ്ട്.
ഇൌ ക്ഷാമകാലത്തേക്കാള്‍ രൂക്ഷമായ ക്ഷാമകാലമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന തിരിച്ചറിവ് ഒാരോ പ്രവാസിക്കും ഉണ്ടാകണം. ധാരാളിത്വത്തിന് പ്രസിദ്ധരാണ് ഗള്‍ഫ് മലയാളികള്‍. തങ്ങളുടേയും കുടുംബത്തിന്റേയും ഭാവിക്ക് വേണ്ടി പരമാവധി കരുതിവയ്ക്കാന്‍ ശ്രമിക്കേണ്ടുന്ന ഒരു കാലമാണ് വരുന്നത്. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ അവസ്ഥ അതീവ ഗുരുതരമാണ്. നാട്ടിലെ വേരുകള്‍ നഷ്ടപ്പെട്ട അവര്‍ ഒാരോരുത്തരും വരുമാനം ഒന്നുമില്ലാതെ അലയുന്ന കാഴ്ച ഇനിയുളള കാലങ്ങളില്‍ ഏറിവരും. ഉളള സമ്പാദ്യം (ഉണ്ടെങ്കില്‍) ഒന്നോ രണ്ടോ വര്‍ഷത്തിനുളളില്‍ തീരുമ്പോഴേക്കും പ്രവാസിയുടേയും കുടുംബത്തിന്റേയും സാമ്പത്തിക സ്ഥിതി വളരെ മോശമാകും. നാട്ടിലെ സാഹചര്യങ്ങളില്‍ ജോലി ചെയ്യാനോ സ്വന്തമായി വരുമാനം ഉണ്ടാക്കാനോ അറിവില്ലാത്തവരെ ഇൌ പ്രതിസന്ധി രൂക്ഷമായി ബാധിക്കുമെന്ന് തീര്‍ച്ചയാണ്. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കായി നമ്മുടെ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുമെന്ന് കരുതാന്‍ വയ്യ. അതിനാല്‍ നാം സ്വയം വഴി കണ്ടെത്തേണ്ടിയിരിക്കുന്നു. പ്രവാസി സുഹൃത്തുക്കള്‍ ചേര്‍ന്നോ, കൂട്ടായ്മകള്‍ മുന്നിട്ടിറങ്ങിയോ പരിചയമുളള മേഖലയില്‍ സംരഭങ്ങള്‍ ആരംഭിക്കാവുന്നതാണ്. ചെറിയ നിലയില്‍ ഒറ്റക്ക് സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെങ്കില്‍ അതായിരിക്കും ഏറെ നല്ലത്. കാര്‍ഷിക മേഖല, പശുവളര്‍ത്തല്‍ ഉള്‍പ്പെടെയുളള അനുബന്ധ മേഖലകള്‍, ചെറിയ ഉല്‍പ്പാദന യൂണിറ്റുകള്‍ തുടങ്ങിയവയൊക്കെ പ്രവാസികള്‍ക്ക് ആലോചിക്കാവുന്നതാണ്. തൊഴില്‍ ചെയ്യാന്‍ കഴിവും സന്നദ്ധതയുമുളളവര്‍ക്ക് നാട്ടില്‍ ജീവിക്കാന്‍ ഏറെ സാധ്യതകള്‍ ഉണ്ടെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ഗള്‍ഫുകാരനെന്ന മിഥ്യാഭിമാനം ഒഴിവാക്കി നാട്ടില്‍ ചെന്നിറങ്ങുന്നതിന്റെ പിറ്റേ ദിവസം മുതല്‍ തന്നെ തൊഴില്‍ ചെയ്യാനുളള ഒരു മാനസിക നില രൂപപ്പെടേണ്ടിയിരിക്കുന്നു.
ഇറാന്‍, ഇറാഖ്, ഇസ്രായേല്‍, ലബനോന്‍, സിറിയ, പലസ്തീന്‍ തുടങ്ങിയവ ഉള്‍പ്പെടെയുളള രാജ്യങ്ങളിലെ അശാന്തിയും അമേരിക്കന്‍ നിലപാടുകളും ഇൌ മേഖലയെ എത്രത്തോളം അശാന്തമാക്കുമെന്ന് പറയാനാവില്ല. ഏതായാലും സമാധാനപരമായൊരു അന്തരീക്ഷം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് പൊതുവെയുളള വിലയിരുത്തല്‍. ആക്രമണങ്ങളോ യുദ്ധമോ പൊട്ടിപ്പുറപ്പെട്ടാല്‍ സ്ഥിതി ഏറെ വഷളാകും. നിരന്തരം തീവ്രവാദി ആക്രമങ്ങള്‍ കൊണ്ട് രക്തം ചീന്തുന്ന ഒരു മാതൃരാജ്യമാണ് ഇന്ന് നമ്മുടേത്. രാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെ നടുവില്‍ ഇന്ത്യയില്‍ ഒരു പൊതുതെരഞ്ഞെടുപ്പ് 2009 ല്‍ വരാന്‍ പോകുന്നു. രാജ്യത്തെ നയിക്കാന്‍ പ്രാപ്തിയുളള ഒരു നേതൃത്വത്തെ കണ്ടെത്തുന്ന പ്രക്രിയയില്‍ ഇടപെടുകയും തീവ്രവാദത്തിനെതിരെ നിലപാടുകള്‍ എടുക്കുകയും ചെയ്യാന്‍ ഒാരോ പ്രവാസിക്കും പ്രതിജ്ഞാബദ്ധതയുണ്ട്. രാഷ്ട്രീയ അനിശ്ചിത്വങ്ങള്‍ക്കിടയില്‍ ഒന്നിലും ഇടപെടാതെ നമുക്ക് മാത്രം സുഖമായി കഴിയാമെന്ന് കരുതിയാല്‍ അത് തീര്‍ച്ചയായും തെറ്റായ നിലപാടായിരിക്കും.
ഗള്‍ഫ് രാജ്യങ്ങളിലേതിനേക്കാള്‍ രൂക്ഷമായ പ്രതിസന്ധിയാണ് യൂറോപ്പ്യന്‍ രാജ്യങ്ങളിലെ പ്രവാസികള്‍ നേരിടുന്നത്. അമേരിക്കയില്‍ മാത്രം 5.5 ലക്ഷം പേര്‍ക്കാണ് അടുത്തിടെ ജോലി നഷ്ടപ്പെട്ടത്.
പ്രവാസികളുടെ പണത്തെ ആശ്രയിച്ച് കഴിയുന്ന കേരളം പോലുളള ഉപഭോഗ സംസ്ഥാനത്തിലേക്ക് വിദേശപണം ലഭിക്കാതിരിക്കുമ്പോഴുളള സ്ഥിതി ആലോചിക്കാവുന്നതേയുളളൂ. പ്രവാസികളുടെ കൂട്ടത്തോടെയുളള ഒഴിഞ്ഞ് പോക്ക് വരും ദിവസങ്ങളില്‍ അനുഭവപ്പെടാനിരിക്കുന്നതേയുളളൂ. ഇത് കേരളത്തിലെ കുടുംബങ്ങളേയും വിപണിയേയും ഒട്ടാകെ ബാധിക്കും. പല കുടുംബങ്ങളേയും സാമ്പത്തികമായി തകര്‍ക്കും. കേരളത്തിലെ ടൂറിസം, നിര്‍മ്മാണ മേഖല, കച്ചവട സ്ഥാപനങ്ങള്‍, ഹോട്ടല്‍, കയറ്റുമതി മേഖല എന്നിവയൊക്കെ ഇത് സാരമായി ബാധിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോ മാധ്യമങ്ങളോ ഇൌ മേഖലയിലെ തിരിച്ചടികളെപ്പറ്റിയോ സ്വീകരിക്കേണ്ട മുന്‍ കരുതലുകളെപ്പറ്റിയോ ഇനിയും ചിന്തിച്ച് തുടങ്ങിയിട്ടില്ല. ഇവരാരും ചിന്തിച്ചില്ലെങ്കിലും ഇവ ആദ്യം നേരിട്ട് ബാധിക്കുന്നത് നാം പ്രവാസികളെയാണ്. അതിനാല്‍ തന്നെ ഏറെ കരുതലോടെ ഉണര്‍ന്നിരിക്കേണ്ടുന്ന ഒരു വറുതിക്കാലമാണ് ഇനി വരാനിരിക്കുന്നത്. പ്രതിസന്ധികളെ അതിജീവിച്ച പ്രവാസികള്‍ക്ക് ഇതിനേയും അതിജീവിക്കാനാകും എന്ന് തന്നെയാണ് പ്രതീക്ഷ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ