Pages

2010 ഒക്‌ടോബർ 2, ശനിയാഴ്‌ച

വാര്‍ത്ത:-- മരണച്ചിറകിലേറാതെ വഴുതിമാറിയവര്‍ 9 പേര്‍

ദുബായ്: അവസാന നിമിഷം യാത്ര റദ്ദാക്കിയവരും വിമാന സമയം തെറ്റായി മനസിലാക്കിയവരുമായി 9 പേര്‍ ദുരന്തം സംഭവിച്ച വിമാനത്തില്‍ കയറാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പലര്‍ക്കും പുലര്‍ച്ചെ 1.15 എന്ന വിമാന സമയമാണ് തുണയായത്. ചിലര്‍ ശനിയാഴ്ച പുലര്‍ച്ചെക്ക് പകരം രാത്രിയാണ് വിമാനം പുറപ്പെടുന്നതെന്ന് തെറ്റിധരിച്ചപ്പോള്‍ മറ്റു ചിലര്‍ ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് ഇതേ റൂട്ടില്‍ പുറപ്പെടുന്ന ഐ.എക്സ് 384 എന്ന വിമാനത്തിലാണ് തങ്ങളുടെ യാത്രയെന്ന് തെറ്റി ധരിച്ചു. സംഭവിച്ച അബദ്ധം അനുഗ്രഹമായി മാറിയതിന്റെ സന്തോഷത്തിലാണ് ഇൌ യാത്രക്കാരും കുടുംബവും. ചങ്ങനാശ്ശേരി സ്വദേശികളും ഷാര്‍ജ ദിബ്ബയില്‍ താമസിക്കുന്നവരുമായ ത്രേസ്യാമ്മാ ഫിലിപ്പും ഭര്‍ത്താവ് തോമസ് ഫിലിപ്പും വിധിയുടെ വിളയാട്ടത്തില്‍ ഇപ്പോഴും പകച്ച് നില്‍ക്കുകയാണ്. ദൈവത്തിന് ഒരായിരം നന്ദി പറഞ്ഞുകൊണ്ട് യാത്ര റദ്ദാക്കേണ്ടി വന്ന കഥ അവര്‍ പറയുന്നു. ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ത്രേസ്യാമ്മ മംഗലാപുരത്ത് പഠിക്കുന്ന മക്കളെ സന്ദര്‍ശിക്കാനായാണ് ആദ്യം ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ വ്യാഴാഴ്ച ജോലി കഴിഞ്ഞ് അന്ന് രാത്രി തന്നെ യാത്ര പുറപ്പെടാന്‍ ബുദ്ധിമുട്ടുളളതിനാല്‍ ടിക്കറ്റ് ഒാണ്‍ലൈനില്‍ റദ്ദാക്കി ദുരന്തം സംഭവിച്ച വിമാനത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്പ്രസിലാണ് യാത്ര എന്നാണ് ഇവര്‍ കരുതിയത്. ഏതായാലും വിമാനസമയത്തെക്കുറിച്ചുളള തെറ്റിധാരണ മൂന്ന് മക്കളുടെ അമ്മയായ ത്രേസ്യാമ്മയുടെ ജീവന്‍ രക്ഷപ്പെടുത്തി.ദുബായ് ഖിസൈസിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ മാനേജരായി ജോലി ചെയ്യുന്ന കുഞ്ഞിക്കണ്ണന്‍ ചന്തുവിന് ജീവന്‍ തിരിച്ചുകിട്ടിയത് അവസാന നിമിഷത്തില്‍ തന്റെ ജനറല്‍ മാനേജറിന്റെ ഇടപെടല്‍ മൂലം. മകന്റെ അഡ്മിഷനുവേണ്ടി ടിക്കറ്റ് ബുക്ക് ചെയ്ത് പത്ത് ദിവസത്തേക്ക് നാട്ടിലേക്ക് പോകാന്‍ ഒരുങ്ങിയ ഇദ്ദേഹത്തിന് അവസാന നിമിഷം അവധി ലഭിച്ചില്ല. 'അവധി ലഭിക്കാതിരുന്നപ്പോള്‍ പ്രയാസം തോന്നിയെങ്കിലും രാവിലെ തന്നെ ഞാന്‍ ജനറല്‍ മാനേജരെ പോയി കണ്ട് കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞു'. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. കര്‍ണാടക സ്വദേശിയായ മെര്‍വിന്‍ ഡിസൂസ(33) വിമാനത്തില്‍ കയറാതിരുന്നത് സഹോദരി ഭര്‍ത്താവിന്റെ അശ്രദ്ധ മൂലം. 22ാം തീയതി പുലര്‍ച്ചെ 1.15 ന് പുറപ്പെടേണ്ട വിമാനത്തിലാണ് ഇദ്ദേഹം ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ വിമാനം പുറപ്പെടുന്നത്് അടുത്ത ദിവസമാണെന്ന് തെറ്റിധരിച്ച് യാത്ര റദ്ദാക്കുകയായിരുന്നു. ലേഖകന്‍ ബന്ധപ്പെട്ടപ്പോഴും സഹോദരി ഭര്‍ത്താവ് വോള്‍ട്ടറിന് അറിയില്ലായിരുന്നു തനിക്ക് പറ്റിയ അബദ്ധം. ടിക്കറ്റ് എടുത്തത് അപകടം നടന്ന വിമാനത്തില്‍ യാത്ര ചെയ്യാനായിരുന്നുവെന്ന് വ്യക്തമാക്കിയപ്പോള്‍ അദ്ദേഹം തരിച്ചിരുന്നുപോയി. തന്റെ അശ്രദ്ധ ഭാര്യാസഹോദരന്റെ ജീവന്‍ രക്ഷിച്ചതില്‍ അദ്ദേഹം ദൈവത്തിന് നന്ദി പറഞ്ഞു. ജോലി അന്വേഷിച്ച് സന്ദര്‍ശക വിസയില്‍ എത്തിയ മെര്‍വിന്‍ ജോലി ലഭിക്കാനാവാതെ മടങ്ങാനൊരുങ്ങുമ്പോഴായിരുന്നു വിധിയുടെ ഇൌ വിളയാട്ടം. ഇവരെ കൂടാതെ വസന്ത ഷെട്ടി, മുഹമ്മദ് അഷ്ഫാഖ്, ഹസ്ന ഫര്‍ഫീന്‍, സഞ്ജീവ ബബാന ഹെഗ്ഡെ, ലൂയിസ് കാര്‍ലൊ, സ്റ്റീഫന്‍ റീഗോ എന്നിവരാണ് അവസാന നിമിഷം യാത്ര മാറ്റി മരണത്തിന്റെ പിടിയില്‍ നിന്ന് വഴുതിമാറിയത്.
മരണമടഞ്ഞവരുടെ നിരവധി ബന്ധുക്കളും കുടുംബാംഗങ്ങളും യു.എ.ഇ യിലാണുളളത്. ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഇവരെ സൌജന്യമായി നാട്ടിലെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചതായി എയര്‍ ഇന്ത്യയുടെ ഗള്‍ഫ് മേഖലാ വിഭാഗം മേധാവികള്‍ അറിയിച്ചു. യു.എ.ഇ യിലെ അഞ്ചോളം റേഡിയോ ചാനലുകള്‍ തങ്ങളുടെ മറ്റ് പരിപാടികള്‍ നിര്‍ത്തിവച്ച് അപകടത്തെക്കുറിച്ചുളള വാര്‍ത്തകള്‍ നല്‍കി കൊണ്ടിരിക്കുകയാണ്. ഷാര്‍ജ മത്സ്യ മാര്‍ക്കറ്റിന് സമീപമുളള അല്‍ ഇന്‍സാബ് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന മുഹമ്മദ് അസ്ളം(30) ഏറെ കാത്തിരിപ്പിന് ഒടുവിലാണ് തന്റെ രണ്ട് പിഞ്ചോമനകളേയും ഭാര്യയേയും കാണാന്‍ കാസര്‍കോട് ഉദുമ പടിഞ്ഞാറുളള കല്ലിംങ്കാല വീട്ടിലേക്ക് പുറപ്പെട്ടത്. മക്കള്‍ക്ക് കുഞ്ഞുടുപ്പുകളും ഭാര്യക്കും ബന്ധുക്കള്‍ക്കുമുളള സമ്മാനങ്ങളുമായി പുറപ്പെട്ട അസ്ളം അറിഞ്ഞിരുന്നില്ല ഇത് തന്റെ മടങ്ങിവരാനാവാത്ത യാത്രയാണന്ന്. സൂപ്പര്‍ മാര്‍ക്കറ്റിലെ സഹപ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും ഇനിയും ഇൌ സത്യവുമായി പൊരുത്തപ്പെടാനായിട്ടില്ല. ഇദ്ദേഹത്തോടൊപ്പം ഭാര്യസഹോദരിയുടെ ഭര്‍ത്താവും യാത്ര ചെയ്തിരുന്നു. നീലേശ്വരം അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് ടി.ടി.വി.ഭാസ്ക്കരനും, ഭാര്യ കോമളവല്ലിയും ദുബായിലുളള മക്കളെ സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് ദുരന്തം സംഭവിച്ചത്. ദുബായിലെ മൂന്ന് വിമാനത്താവളങ്ങളില്‍ ഏറ്റവും ചെറിയ വിമാനത്താവളമായ ടെര്‍മിനല്‍ 2 ല്‍ നിന്ന് ശനിയാഴ്ച വെളുപ്പിന് 1.15 ന് തന്നെ വിമാനം പറന്നുയര്‍ന്നിരുന്നു. യു.എ.ഇ യില്‍ വെളളിയും ശനിയും വാരാന്ത്യ അവധി ആയതിനാല്‍ ഇൌ ദിവസങ്ങളില്‍ ഇൌ റൂട്ടില്‍ പൊതുവെ തിരക്കായിരിക്കും. വെളളിയാഴ്ച രാത്രി ഇതേ വിമാനം മംഗലാപുരത്ത് പോയി തിരിച്ചുവന്നിരുന്നു. അന്ന് തന്നെ ഉച്ചക്ക് ഐ.എക്സ് 384 വിമാനം ദുബായില്‍ നിന്നും പുറപ്പെട്ട് 6.15 ന് മംഗലാപുരത്ത് എത്തിച്ചേര്‍ന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെ ശനിയാഴ്ച പുറപ്പെട്ട വിമാനമാണ് ദുരന്തത്തില്‍പ്പെട്ടത്. ആഴ്ചയില്‍ എല്ലാ ദിവസവും എയര്‍ഇന്ത്യ എക്സ്പ്രസ് ദുബായില്‍ നിന്നും മംഗലാപുരം ബാജ്പെ വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ബുധന്‍, വ്യാഴം, വെളളി ദിവസങ്ങളില്‍ രണ്ട് സര്‍വ്വീസുകള്‍ വീതമാണുളളത്. യാത്രാ നിരക്കില്‍ മറ്റ് വിമാന കമ്പനികളേക്കാള്‍ രണ്ടായിരം രൂപയോളം കുറവുളളതിനാല്‍ സാധാരണക്കാരായ തൊഴിലാളികളും ഇടത്തരക്കാരും ഇൌ സര്‍വീസിനെയാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഒന്നോ രണ്ടോ മാസം മുന്‍കൂറായി ബുക്ക് ചെയ്താല്‍ വീണ്ടും രണ്ടായിരത്തോളം രൂപ കുറവ് വരും. 2006 ല്‍ ബാജ്പെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് മംഗലാപുരത്തും പരിസര പ്രദേശത്തുമുളള മലയാളികളും കര്‍ണ്ണാടക സ്വദേശികളും കോഴിക്കോട്, ബാംൂര്‍, മുംബൈ എന്നീ വിമാനത്താവളങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. രണ്ട് വര്‍ഷം മുമ്പാണ് ദുബായില്‍ നിന്ന് മംഗലാപുരത്തേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വ്വീസ് ആരംഭിച്ചത്. ഷാര്‍ജ, അബുദാബി, മസ്കറ്റ്, ദോഹ, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കും ബാജ്പെ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ