Pages

2010 ഒക്‌ടോബർ 2, ശനിയാഴ്‌ച

ലേഖനം: റിയാലിറ്റി ഷോകള്‍ക്ക് ഒരു നെഗറ്റീവ് വോട്ട്









. കഴിവിന് പകരം ചിലപ്പോള്‍ പണവും മറ്റ് ചിലപ്പോള്‍ ദാരിദ്യ്രവും ശാരീരിക വൈകല്യവുമൊക്കെ വിജയിയെ നിര്‍ണയിക്കുന്നു
. രാഖിയെ കല്യാണം കഴിക്കാന്‍ 12000 പേര്‍! ഒടുവില്‍ ആരേയും വരിച്ചില്ല
. ഭര്‍ത്താവിനെ വഞ്ചിച്ചിട്ടുണ്ടെന്ന് പരസ്യമായി പറഞ്ഞാല്‍ ഒരു കോടി

പ്രശസ്ത ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയോട് ഒരു ടിവി അഭിമുഖത്തില്‍ ചോദിച്ച ചോദ്യം ഇങ്ങനെ. '' അങ്ങ് എന്താണ് റിയാലിറ്റി ഷോയില്‍ ജഡ്ജായി പോകാന്‍ വിസമ്മതിക്കുന്നത്? ''
അതിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ''വിധികര്‍ത്താവായി പോയാല്‍ നാം മികച്ചതെന്ന് കരുതുന്ന കുട്ടികള്‍ക്ക് സമ്മാനം ലഭിക്കണം. നമ്മളുടെ നിയന്ത്രണത്തിലല്ലാതെ നാട്ടുകാരുടെ വോട്ടില്‍ വിജയിക്കുന്ന കുട്ടികള്‍ യഥാര്‍ത്ഥ വിജയി ആകണമെന്നില്ല''.
ഇവിടെ നിന്ന് തുടങ്ങുന്നു റിയാലിറ്റി ഷോകള്‍ക്ക് എതിരെ ശരാശരി പ്രേക്ഷകന്‍ നല്‍കുന്ന നെഗറ്റീവ് വോട്ടുകള്‍. ലക്ഷകണക്കിന് രൂപയും ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ പിന്തുണയും ഉണ്ടെങ്കില്‍ ഏത് ശരാശരിക്കാരനേയും സംഗീത സാമ്രാട്ടോ നൃത്തസാമ്രാട്ടോ ആക്കി മാറ്റാന്‍ ആകുമെന്ന് തിരുവനന്തപുരം നഗരത്തിലെ ഒരു പത്രപ്രവര്‍ത്തകന്‍ പറയുമ്പോള്‍ നമ്മളുടെ സംശയങ്ങള്‍ ബലപ്പെടുന്നു. പണം നല്‍കിയാല്‍ എത്ര ലക്ഷം എസ്.എം.എസ് വോട്ടുകള്‍ വേണമെങ്കിലും ചെയ്യിക്കാന്‍ കഴിവുളള ഇവന്റ് മാനേജ്മെന്റ് കമ്പനികള്‍ നമ്മുടെ രാജ്യത്ത് ഉണ്ടത്രെ.
ദാരിദ്യ്രം, അംഗവൈകല്യം എന്നിവയുണ്ടെങ്കില്‍ വിജയ സാധ്യത രണ്ടിരട്ടിയാണത്രെ. അടുത്തിടെ സംഗീത റിയാലിറ്റി ഷോയില്‍ അംഗവൈകല്യമുളള ഒരാള്‍ക്ക് വിധികര്‍ത്താക്കള്‍ കൊടുത്ത മാര്‍ക്ക് വളരെ വളരെ കുറവായിരുന്നു. അതേ സമയം എസ്.എം.എസ് വോട്ടുകളിലൂടെ അയാള്‍ക്ക് ലഭിച്ചത് മറ്റെല്ലാ മത്സരാര്‍ത്ഥികള്‍ക്കും ലഭിച്ച വോട്ടുകള്‍ ഒരുമിച്ച് കൂട്ടിയാല്‍ ലഭിക്കുന്നതിലും അധികമായിരുന്നുവത്രെ. ദാരിദ്യ്രത്തിന്റെ കാര്യവും ഏതാണ്ട് ഇങ്ങനെതന്നെ. യഥാര്‍ത്ഥത്തില്‍ അര്‍ഹതയല്ല മറിച്ച് അനുകമ്പയാണ് വോട്ട് ലഭിക്കാനുളള മാനദണ്ഡമാകുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പൊടിപൊടിക്കുന്ന റിയാലിറ്റി ഷോകള്‍ പലതും നമ്മെ ഞെട്ടിക്കുന്നതും സാമാന്യ ബുദ്ധിക്ക് നിരക്കാത്തതും ചെറുപ്പക്കാരെ വഴി തെറ്റിക്കുന്നതുമാണ്. മത്സരിക്കുന്ന ചെറുപ്പക്കാരും ആസ്വദിക്കുന്നവരും മനുഷ്യ പ്രയത്നം ദുര്‍വിനിയോഗം ചെയ്ത് രാജ്യത്തെ നിര്‍ജീവമാക്കികൊണ്ടിരിക്കുന്നു.

മൂന്നാംകിട നടിയെ വിവാഹം കഴിക്കാന്‍ സ്വയംവര മാമാങ്കം സംഘടിപ്പിച്ച് റേറ്റിംഗ് കൂട്ടുന്ന ടിവി ചാനലും അവിഹിത ബന്ധത്തിന്റെ മേനി പരസ്യമായി വിളിച്ച് പറഞ്ഞ് പോളിഗ്രാഫ് ടെസ്റ്റിലൂടെ കോടികള്‍ നേടാനെത്തുന്ന റിയാലിറ്റി ഷോകളും ഇന്ന് സജീവം.
സംഗീത പരിപാടികള്‍ ഉള്‍പ്പടെയുളള റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത് പഠനവും ജോലിയും പണവും നഷ്ടപ്പെടുത്തിയവരും മാനസികമായി തകര്‍ന്നവരും നിരവധി. അഗ്നിപ്രഭ കണ്ട് അതിലേക്ക് ആകൃഷ്ടരാകുന്ന ഇൌയാംപാറ്റകളെ പോലെ പലരും റിയാലിറ്റി ഷോകള്‍ ഒരുക്കുന്ന കെണിയില്‍ എരിഞ്ഞ് ഇല്ലാതാകുന്നു. ജൂറി അംഗങ്ങളുടെ വിമര്‍ശനം ഏറ്റുവാങ്ങി മാനസികമായി തകര്‍ന്ന് പോയവര്‍, മദ്യത്തിലും മയക്കുമരുന്നിലും അഭയം തേടിയവര്‍ ഇങ്ങനെ സ്വയം നഷ്ടപ്പെടുന്ന പുതു തലമുറയുടെ എണ്ണം പെരുകുകയാണ്. കുറഞ്ഞ ചിലവില്‍ മാസങ്ങള്‍ നീളുന്ന ഒരു പരിപാടി റിയാലിറ്റി ഷോയുടെ പേരില്‍ തട്ടിക്കൂട്ടുമ്പോള്‍ ചാനലുകള്‍ ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കാറില്ല. മറിച്ച് പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ ആയിരങ്ങള്‍ ഒാരോ തവണയും മുടക്കേണ്ടി വരുന്നു. യാത്ര, വസ്ത്രം, സ്റ്റേജ് സെറ്റിംഗ്, പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റ് സഹ താരങ്ങളുടെ ചിലവ്, പരിശീലനം നല്‍കുന്നവരുടെ ചിലവ് എന്നിങ്ങനെ സാമ്പത്തിക ബാധ്യതകള്‍ ഏറെയാണ്. ചാനലുകള്‍ക്ക് പരസ്യവും എസ്.എം.എസിലൂടെ ലഭിക്കുന്ന വരുമാനവും ലാഭം.
ഇന്ത്യയിലെ വിവിധ ചാനലുകളുടെ കാര്യം അവിടെ നില്‍ക്കട്ടെ. കേരളത്തില്‍ മാത്രം എത്ര മലയാളം ചാനലുകള്‍ ഉണ്ട്? പ്രചാരം കൂടിയതും അല്ലാത്തതുമായ ഇൌ ചാനലുകളില്‍ മിക്കതും റിയാലിറ്റി ഷോകള്‍ പൊടിപൊടിക്കുന്നു. സംഗീതം, നൃത്തം തുടങ്ങി ഇപ്പോള്‍ എന്തിനും ഏതിനും റിയാലിറ്റി ഷോയാണ്. കുട്ടികള്‍ക്ക് പുറമെ പ്രായമായവരും എന്തിന് വൃദ്ധര്‍ പോലും മത്സരങ്ങളില്‍ മാറ്റുരക്കുന്നു. ഒാരോ മത്സരത്തിലും ശരാശരി അയ്യായിരം പേര്‍ പങ്കെടുക്കുന്നുണ്ടത്രെ. ചില മത്സരങ്ങളില്‍ നാല്‍പ്പതിനായിരം പേര്‍ വരെ മത്സരിക്കാന്‍ എത്തിയതായി ചാനലുകാര്‍ മേനി നടിക്കുന്നു.
ജൂനിയറും സീനിയറും ഒക്കെയായി എത്രലക്ഷം ഗായകരും നര്‍ത്തകരും നമുക്കുണ്ടാകും? ഇനി മത്സരിക്കാന്‍ തയ്യാറെടുക്കുന്നവരെ കൂടി നോക്കുമ്പോള്‍ കേരളം ഗായകരെ കൊണ്ടും നര്‍ത്തകരെ കൊണ്ടും നിറയുകയാണോ എന്ന് സംശയം ബാക്കി. ഇത്രയും ഗായകരും നര്‍ത്തകരും നമുക്ക് ആവശ്യമാണോ?
'' നല്ല ശബ്ദമാണ്, ഭാവിയുണ്ട്, പാട്ട് പഠിക്കണം....'' എന്നൊക്കെയുളള ജൂറി അംഗങ്ങളുടെ പ്രലോഭനങ്ങളില്‍ വീഴുന്നവരുടെ ഭാവി പിന്നീട് എന്താകും? എസ്.എം.എസിലൂടെ വോട്ട് തെണ്ടാന്‍ പരിശീലിപ്പിക്കുന്ന ചാനലുകള്‍ അവരെ തെരുവ് തെണ്ടികളും തെരുവ് ഗായകരുമാക്കാനുളള ശ്രമമാണോ നടത്തുന്നത്? എന്‍ജിനീയറിംഗിനും മെഡിസിനുമൊക്കെ പഠിക്കുന്ന സമര്‍ത്ഥരായ കുട്ടികള്‍ ഉള്‍പ്പടെയുളളവരാണ് പെട്ടെന്ന് പണവും പ്രശസ്തിയും നേടാമെന്ന പ്രതീക്ഷയുടെ മോഹവലയത്തില്‍പ്പെട്ട് എരിഞ്ഞടങ്ങുന്നത്. അവസാന റൌണ്ടുകളില്‍ വന്ന ചിലര്‍ ഒഴികെ ബാക്കിയുളളവരുടെ ഭാവി ഇപ്പോള്‍ എന്താണ്. അവര്‍ എന്ത് ചെയ്യുന്നു? ഇവ ആശങ്കപ്പെടുത്തുന്ന ചോദ്യങ്ങളാണ്. പഠനവും പണവും ജീവിതത്തില്‍ സുപ്രധാനമായ നിരവധി വര്‍ഷങ്ങളും ഇവര്‍ നഷ്ടപ്പെടുത്തിയതായി പിന്നീട് പരിതപിക്കുന്നുണ്ടാകും. സാധാരണക്കാരായ മാതാപിതാക്കളെ സാമ്പത്തികമായി പ്രയാസത്തിലാക്കുന്ന മത്സരമാണിത്. ഭാഗ്യക്കുറി കച്ചവടത്തിന്റെ മനശാസ്ത്രമാണ് ഇവിടേയും പയറ്റുന്നത്. കുറച്ച് മുടക്കിയാല്‍ കോടികള്‍ നേടാമെന്ന പകിടകളിയുടെ ദുരയാണിത്.
കേരളത്തില്‍ നമുക്ക് എത്ര ഗായകര്‍ വേണ്ടിവരും? സാമ്പത്തിക ശാസ്ത്രത്തിലെ ഡിമാന്‍ഡ് ആന്റ് സപ്ളൈ എന്ന തത്വമനുസരിച്ച് ഗായകരുടെ 'ഉത്പാദന'വും വിതരണവും വളരെ കൂടുതലാണ്. ആവശ്യക്കാര്‍ കുറവും. ഇൌ ചെറുപ്പക്കാര്‍ ഭാവിയില്‍ എന്ത് തൊഴില്‍ ചെയ്ത് ജീവിക്കുമെന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു. എല്ലാ വീട്ടിലും ഒരു ഗായകനോ ഗായികയോ ഉണ്ടെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. ജന്മസിദ്ധമായി സംഗീത അഭിരുചിയുളള യഥാര്‍ത്ഥ പ്രതിഭകള്‍ മാത്രം നമുക്ക് മതിയെന്ന് പറയാന്‍ ധൈര്യമുളള ഒരു സമൂഹം ഇന്നിവിടില്ല. എല്ലാം നല്ലത്, വളരെ നല്ലത് എന്ന് പറഞ്ഞ് പുറം ചൊറിഞ്ഞുകൊടുക്കുന്ന സംസ്കാരമാണ് നമുക്ക് പ്രിയപ്പെട്ടത്.
പ്രകൃതിയിലെ ശബ്ദങ്ങളാണ് യഥാര്‍ത്ഥ സംഗീതമെന്ന് മഹാന്മാരായ സംഗീതജ്ഞര്‍ പറയുന്നു. പക്ഷികളുടെ പാട്ടിനും പുഴയുടെ പ്രവാഹത്തിനും മരങ്ങളുടെ മര്‍മ്മരങ്ങള്‍ക്കും മഴയുടെ താളത്തിനും 'സംഗതി'കള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ അത് മനുഷ്യന്‍ പിന്നീട് കണക്ക് കൂട്ടി എഴുതിച്ചേര്‍ത്തതാണ്. ആത്മാവില്‍ നിന്ന് അനര്‍ഗളമായി ഒഴുകുന്ന സംഗീതത്തിന് ശാസ്ത്രീയതയുടേയും സാങ്കേതികതയുടേയും 'ഹാങ് ഒാവറു'കള്‍ പാടില്ല.
മലയാളി മുമ്പ് സംഗീതം കേട്ടിരുന്നതും ആലപിച്ചിരുന്നതും ആസ്വദിക്കാനാണ്. ഇപ്പോള്‍ സംഗീതാസ്വാദനം വിമര്‍ശിക്കാന്‍ വേണ്ടി മാത്രമായിരിക്കുന്നു. റിയാലിറ്റി ഷോയിലെ ജൂറിമാരുടെ പാണ്ഡിത്യം കേട്ട് നാമും മുറി വിദ്വാന്മാരാകുന്നു. അതോടെ സംഗീതം ആസ്വദിക്കാനുളള ആത്മാവ് നമുക്ക് നഷ്ടപ്പെടുന്നു. ഏത് പാട്ട് കേട്ടാലും അതിലെ കുറ്റം കണ്ടുപിടിക്കാനുളള ശ്രമമാണ് ഇപ്പോള്‍ ഉളളത്. പൊതുവെ ദോഷൈകദൃക്കുകളായ മലയാളികള്‍ക്ക് ഇപ്പോള്‍ വീണ് കിട്ടിയ ഒരു അപൂര്‍വ അവസരമാണ് ഇൌ സംഗീത വിമര്‍ശനം. പാട്ടിനെ കീറി മുറിക്കുന്ന അരസികരായ അറവുകരായി നാം മാറിയിരിക്കുന്നു.
റിയാലിറ്റി ഷോകളില്‍ എത്തി മക്കള്‍ തങ്ങളുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി പ്രണയവിവാഹിതരാകുന്നതും മറ്റ് തലങ്ങളില്‍ സാംസ്കാരികമായി അധപതിക്കുന്നതും കണ്ട് തകര്‍ന്ന് പോയ മാതാപിതാക്കളുടെ എണ്ണം അനുദിനം പെരുകുകയാണ്.
എല്ലാ മത്സരങ്ങളും പരസ്പരം വെറുപ്പുളവാക്കുന്നു എന്ന സാമാന്യ സത്യം കൂടി ഇവിടെ ഒാര്‍ക്കണം. സംഗീതവും നൃത്തവുമൊക്കെ സ്നേഹമാകണം, ആര്‍ദ്രമാവണം, സ്വാഭാവികമാവണം. ഇതാണ് നമുക്ക് നഷ്ടമാകുന്നത്. ആത്മാവ് നഷ്ടപ്പെട്ട അസംഖ്യം ഗായകരും നര്‍ത്തകരും ആസ്വാദകരുമുളള ഒരു സമൂഹമായി നാം മാറുമോ?
. രാഖിയും ചാനലും നാട്ടുകാരെ പറ്റിച്ചതെങ്ങനെ?
'രാഖി കാ സ്വയംവര്‍' എന്ന പേരില്‍ എന്‍.ഡി ടിവി നടത്തിയ ഒരു റിയാലിറ്റി ഷോയിലൂടെ രാഖി സാവന്ത് എന്ന 'ഐറ്റം ഗേള്‍' ഭാവി വരനെ കണ്ടെത്തി. 12,000 അപേക്ഷകരില്‍ നിന്നാണ് 16 പേരെ ഫൈനലിലേക്ക് തെരഞ്ഞെടുത്തത്. വിവിധ മത്സരങ്ങളില്‍ പങ്കെടുത്തശേഷമാണ് kകനേഡിയന്‍ ബിസിനസുകാരനായ ഇലേഷ് പരിജന്‍വാലയുമായി വിവാഹം 'ലൈവ'ായി ഉറപ്പിക്കുന്നത്. വിവാഹമോതിരം മാറുകയും പൂമാലകള്‍ പരസ്പരം കഴുത്തില്‍ അണിയുകയും ചെയ്ത ശേഷം വിവാഹം ഉടനെ ഉണ്ടാകുമെന്ന് ചാനലുകാരും പ്രതിശ്രുത വധൂവരന്മാരും പ്രഖ്യാപിച്ചു. എന്നാല്‍ പിന്നീട് ഇരുവരും ഇതില്‍ നിന്നും തന്ത്രപൂര്‍വ്വം പിന്മാറി. വിഢികളായത് ദിവസങ്ങളും മാസങ്ങളും ടിവിക്ക് മുന്നില്‍ മണിക്കൂറുകള്‍ ചിലവിട്ട പ്രേക്ഷകര്‍ മാത്രം. ഇതിന് ശേഷം രാഹുല്‍ മഹാജനുവേണ്ടി വധുവിനെ കണ്ടെത്തുന്ന മത്സരവും നടന്നു. ഡിംപി ഗാംഗുലി ആയിരുന്നു വിജയി ആയത്. ടിവിയില്‍ നാട്ടുകാര്‍ കാണ്‍കെ വിവാഹവും നടന്നു. എന്നാല്‍ മാസങ്ങള്‍ക്കുളളില്‍ ഇരുവരും അടിച്ച് പിരിഞ്ഞു.
ഇതിനൊക്കെ പുറമെ നമ്മുടെ ചെറുപ്പക്കാരുടെ ധാര്‍മികമായ പാപ്പരത്തം വെളിവാക്കുന്ന മത്സരങ്ങള്‍ കൂടിയാണ് ഇവിടെ നടന്നത്. ഒരു ഐറ്റം ഗേളും കാബറെ നര്‍ത്തകിയും മൂന്നാംകിട നടിയുമായ ഒരുവള്‍ക്ക് വേണ്ടിയാണ് 12,000അപേക്ഷകര്‍ ക്യൂ നിന്നത്. പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്തവളാണ് രാഖി എന്നോര്‍ക്കണം. അര്‍ധ നഗ്നയായ ഇവരെ ഒരു പാര്‍ട്ടിക്കിടയില്‍ ഗായകന്‍ ദലേര്‍ മെഹന്തിയുടെ സഹോദരന്‍ ചുംബിച്ചത് വിവാദമായിരുന്നു.
. അവിഹിത ബന്ധത്തെപറ്റി പറഞ്ഞാല്‍ ഒരു കോടി
'സച്ച് കാ സാമ്ന' എന്ന പേരില്‍ സ്റ്റാര്‍ പ്ളസ് ആരംഭിച്ചിരിക്കുന്ന റിയാലിറ്റി ഷോയില്‍ സത്യം മാത്രമേ പറയാവൂ. മത്സരാര്‍ത്ഥിയെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയാനാക്കികൊണ്ടാണ് ഇത്തരമൊരു പരിപാടി അരങ്ങേറുന്നത്. കളളം പറഞ്ഞാല്‍ നുണ തിരിച്ചറിയല്‍ യന്ത്രം അത് വെളിപ്പെടുത്തും. സ്റ്റുഡിയോയിലെ നൂറ് കണക്കിന് പ്രേക്ഷകരുടെ മുന്നില്‍ വച്ചാണ് തികച്ചും സ്വകാര്യവും വ്യക്തിപരവുമായ ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഒരു സ്ത്രീയോട് ചോദിച്ച ചോദ്യങ്ങളുടെ ചില സാമ്പിളുകള്‍ ഇങ്ങനെ.
ഭര്‍ത്താവിനെ വഞ്ചിച്ചിട്ടുണ്ടോ? വിവാഹത്തിന് മുമ്പ് മറ്റ് ബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ടോ? എപ്പോഴെങ്കിലും ഭര്‍ത്താവിനെ വഞ്ചിക്കണമെന്ന് തോന്നിയിട്ടുണ്ടോ? .... ഇങ്ങനെയുളള 21 ചോദ്യങ്ങളുതിര്‍ത്താണ് പൊതുജന സമക്ഷം സ്മാര്‍ത്ത വിചാരം ചെയ്യുന്നത്. ഭര്‍ത്താവിനെ വഞ്ചിച്ചിട്ടില്ലായെന്ന് ഒരു വീട്ടമ്മ പറയുന്നതും പോളിഗ്രാഫ് യന്ത്രം അത് നുണയാണെന്ന് സ്റ്റുഡിയോയിലെ വന്‍ സ്ക്രീനിലൂടെ വിളിച്ച് പറയുന്നതും കാണാനിടയായി. തലയില്‍ കൈവച്ചിരിക്കുന്ന ഭര്‍ത്താവിന്റേയും 'അല്ല, അല്ല ഞാന്‍ പറഞ്ഞത് സത്യമാണ്' എന്ന് പരിതപിക്കുന്ന വീട്ടമ്മയുടേയും മുഖം സ്ക്രീനില്‍ നിറയുമ്പോള്‍ പരിപാടി ഒരു കൊമേഴ്സ്യല്‍ ബ്രേക്കിലേക്ക് നീളുന്നു. ഒരു കോടി ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇൌ മത്സരത്തില്‍ സ്വയം ബലിയാടാകാന്‍ വേണ്ടി എത്തിയവരായിരിക്കണം സാധാരണക്കാരായ ഇവര്‍. എങ്കിലും മനുഷ്യന് എത്രത്തോളം സ്വയം മലിനമാകാനാകും എന്നതിന്റെ ഒരുദാഹരണം കൂടിയാണിത്. ഇനി ഒരു സംശയം കൂടി ബാക്കി. ഇത്തരമൊരു മത്സരത്തില്‍ പങ്കെടുത്ത് അഗ്നി ശുദ്ധി വരുത്തിയില്ലെങ്കില്‍ നിന്നെ സ്വീകരിക്കില്ലായെന്ന് ഒരു ഭര്‍ത്താവ് ഭാര്യയോട് ആവശ്യപ്പെട്ടാല്‍ അത് ഒരു അഭിനവ സീതാകാവ്യമായി മാറും. പണ്ട് രാമനുവേണ്ടി സീത അഗ്നിശുദ്ധി വരുത്തിയെങ്കില്‍ ഇന്ന് പോളിഗ്രാഫ് കസേരയില്‍ ഇരിക്കേണ്ടി വരുന്നു എന്ന് മാത്രം. സ്വയംവരവും അഗ്നിശുദ്ധിയും ഒക്കെയായി ആര്‍ഷഭാരത സംസ്കാരം നാം തിരിച്ചുകൊണ്ടുവരികയാണ്. ഭാരത് മാതാ കീ ജയ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ