Pages

2010 ഒക്‌ടോബർ 16, ശനിയാഴ്‌ച

സഞ്ചരിക്കുന്ന ഇല

തമിഴ്നാട് തക്കലക്ക് സമീപമുളള വേളിമലയിലെ സുഹൃത്ത് എഡ്വിന്റേയും അഡ്വ. സുധീപിന്റേയും ഫാം ഹൌസിലെ കറിവേപ്പില്‍ നിന്നും കണ്ടെത്തിയതാണ് ഇൌ ജീവിയെ. നിറം മാറുന്ന ഒാന്തിനേയും കരിയില ശലഭത്തേയുമൊക്കെ കണ്ടിരിക്കാം. എന്നാല്‍ ഇലയുടെ രൂപഭാവങ്ങളോടെ വേഷപ്പകര്‍ച്ച ഉള്‍ക്കൊളളുന്ന ഇൌ ജീവിയെ അധികമാരും കണ്ടിരിക്കാനിടയില്ല. ഇലയേയും ജീവിയേയും തിരിച്ചറിയിയാന്‍ കഴിയാത്ത വിധത്തില്‍ ഇൌ സാധുവിന് പ്രകൃതി വേഷപ്പകര്‍ച്ച നല്‍കിയിരിക്കുന്നു. ലീഫ് ഇന്‍സെക്ട്സ് എന്ന് ആംഗലേയത്തില്‍ അറിയപ്പെടുന്ന ഇവ ഫില്ലിഡെ എന്ന വര്‍ഗ്ഗത്തില്‍പ്പെടുന്നു. തെക്കനേഷ്യക്ക് പുറമെ ആസ്ട്രേലിയയിലും ഇവയെ കാണാറുണ്ടത്രെ. ഇല ഭക്ഷിച്ച് ജീവിക്കുന്ന ഇവ നിരുപദ്രവകാരിയാണ്. വളരെ സാവധാനം സഞ്ചരിക്കുന്ന ഇവയുടെ ശരീരത്തില്‍ ഇലക്ക് സദൃശ്യമായ വരകള്‍ പോലുമുണ്ട്. ഏത് വൃക്ഷങ്ങളുടെ ഇലയില്‍ വസിക്കുന്നുവോ അതിനനുസിരിച്ച് പച്ച നിറത്തിനും വരകള്‍ക്കും വ്യത്യസ്തത വരുത്താന്‍ ഇവയ്ക്കാകും.

2010 ഒക്‌ടോബർ 10, ഞായറാഴ്‌ച

സഞ്ചാരികളുടെ മനം കവരുന്ന വേളിമല

തിരുവനന്തപുരത്തുനിന്ന് 60 കിലോമീറ്റര്‍ അകലെ പ്രശസ്തമായ തക്കല പത്മനാഭപുരം കൊട്ടാരം നിലകൊളളുന്നത് വേളിമലയുടെ അടിവാരത്തിലാണ്. ഒരിക്കല്‍ തിരുവിതാംകൂറിന്റെ തലസ്ഥാനമായിരുന്ന ഇവിടം ഇപ്പോള്‍ തമിഴ്നാട്ടിലാണ്. ഇവിടെ നിന്നും നാഗര്‍കോവിലിലൂടെ കന്യാകുമാരിയിലെത്താന്‍ 25 കിലോമീറ്റര്‍ പോലുമില്ല. സഞ്ചാരികളെ ആകര്‍ഷിക്കുന്ന തൃപ്പരപ്പ് വെളളച്ചാട്ടം, കരിപ്പാറ, പേച്ചിപ്പാറ ഡാമുകള്‍ ശുചീന്ദ്രം ക്ഷേത്രം, പൂക്കള്‍ക്ക് പ്രസിദ്ധമായ തോവാളയിലെ പക്ഷിസങ്കേതം തുടങ്ങിയവയൊക്കെ ഇതിന് സമീപത്തുണ്ടെങ്കിലും പ്രകൃതി മനോഹരമായ വേളിമല എന്തേ ശ്രദ്ധിക്കപ്പെടാതെ പോയതെന്ന് ആരും അത്ഭുതുപ്പെട്ടേക്കാം.
വേളിമലയുടെ അടിവാരത്തുളള ആയിരക്കണക്കിന് ഏക്കര്‍ സ്ഥലങ്ങള്‍ സ്വകാര്യതോട്ടങ്ങള്‍ ആയതിനാല്‍ വനഭൂമിയിലേക്ക് കയറാന്‍ സ്വകാര്യ എസ്റ്റേറ്റ് ഉടമകളുടെ റോഡുകളിലൂടെ പോകണം എന്നതാകാം ഇതിന് ഒരു പ്രധാനകാരണം. ഇൌ റോഡുകള്‍ ഉപയോഗിക്കാന്‍ പ്രത്യേക അനുമതി തേടണം. ഇതല്ലെങ്കില്‍ മറ്റു ചില കാട്ടുപാതകള്‍ തിരഞ്ഞെടുക്കണം. ഇത്രയും ബുദ്ധിമുട്ടുകള്‍ ഉളളതിനാലാണ് ഇൌ മനോഹര ഭൂപ്രദേശം ശ്രദ്ധിക്കപ്പെടാതെ പോയതെന്ന് തോന്നുന്നു.
എന്നാല്‍ ഇവിടെ എത്തപ്പെട്ടാല്‍ മൂന്നാറിനെ വെല്ലുന്ന പ്രകൃതി ഭംഗിയും കാലാവസ്ഥയുമാണ് നമ്മെ കാത്തിരിക്കുക. കാട്ടുപാതയിലൂടെയുളള ജീപ്പ് യാത്ര തികച്ചും ഒരു സാഹസിക യാത്ര തന്നെ. ജീപ്പിന്റെ ചക്രം കടന്നുപോയ സ്ഥലമൊഴികെ മറ്റെല്ലായിടത്തും കുറ്റിച്ചെടികളും പുല്ലും നിറഞ്ഞിരിക്കുന്നു. റോഡിന് നടുവില്‍ പോലും ഒരാള്‍ പൊക്കത്തില്‍ പുല്ലുണ്ട്. മലമുകളില്‍ എത്തുമ്പോള്‍ കോടമഞ്ഞ് ഒരാലിംഗനത്താല്‍ നമ്മെ എതിരേല്‍ക്കുന്നു. ആ കുളിര്‍മയുടെ നിറവില്‍ കാടിന്റെ സൌന്ദര്യവും കരുത്തും തിരിച്ചറിയാം. നാഗരികതയുടെ മേലാപ്പുകള്‍ ഇറക്കിവച്ച് പ്രകൃതിയോട് ഇഴുകി ചേരാം. ഞാന്‍ എന്ന ഗര്‍വിന് തല്‍ക്കാലം വിടചൊല്ലാം. നിശബ്ദമായ തണുത്തുറഞ്ഞ ഇൌ പ്രകൃതിയില്‍ മനുഷ്യന്‍ തികച്ചും നിസാരനാണ്. നാഗരികതയുടെ തേരോട്ടമെല്ലാം എന്തിനെന്ന ചോദ്യം ഒരു ബോധോദയം പോലെ ചിലരിലെങ്കിലും നിറഞ്ഞേക്കും. മഹാമുനിമാര്‍ സത്യത്തിന്റെ പൊരുള്‍ തേടി മലമുകളിലെ ശാന്തതയില്‍ അലിഞ്ഞത് ഇക്കാരണത്താലാകാം. ആരും സ്പര്‍ശിക്കാത്ത കറുത്ത കന്നിമണ്ണില്‍ പേരറിയുന്നതും അറിയാത്തതുമായ അസംഖ്യം ചെടികളും വൃക്ഷങ്ങളും ആര്‍ത്തലച്ച് വളരുന്നു. കുന്നിന്‍ മടക്കുകളിലൂടെയും പാറക്കെട്ടുകളിലൂടെയും കുതിച്ച് പാഞ്ഞ് പാല്‍ നിറമായി ഒഴുകുന്ന കാട്ടാറുകളും അരുവികളും ആരുടേയും കണ്ണിനും കരളിനും കുളിര്‍മയാകുന്നു. ആ പാല്‍പ്പുഴയില്‍ ഒന്ന് മുങ്ങി നിവര്‍ന്ന് കാട്ടുനെല്ലിക്ക തിന്ന് തണുത്ത നീര്‍ച്ചോലകളില്‍ നിന്ന് ഒരു കവിള്‍ വെളളം മൊത്തിക്കുടിച്ച് മധുരിക്കുന്ന ഇൌ യാത്ര തുടരാം. യാത്രയില്‍ കാട്ടുപന്നികളേയും മലയണ്ണാനേയും കുരങ്ങിനേയും ഉടുമ്പിനേയുമൊക്കെ മുഖാമുഖം കണ്ടെന്നിരിക്കും. തങ്ങളുടെ സ്വൈര്യവിഹാരങ്ങള്‍ക്ക് ഭംഗം വന്നതില്‍ പകച്ച് കാട്ടുവളളികളെ ഉൌഞ്ഞാലാക്കി കാടിന്റെ നിഗൂഢതയിലേക്ക് അവ തിരക്കിട്ട് മറയും. ചന്ദനവും ഇൌട്ടിയും തേക്കുമൊക്കെ ഇവിടെ സുലഭമായി വളരുന്നു. ട്രക്കിംഗില്‍ താല്‍പ്പര്യമുളളവരുടെ ഒരു പറുദീസയാണിവിടം. ഒാരോ കുഞ്ഞ് ചെടിയേയും ജീവിയേയുമൊക്കെ കണ്ട് നടക്കുമ്പോള്‍ മണിക്കൂറുകള്‍ പിന്നിടുന്നത് അറിയില്ല. ചിത്രശലഭങ്ങളേയും ഒച്ചുകളേയും അട്ടകളേയും എന്തിന് അപൂര്‍വ്വമായ പച്ചില ശലഭത്തെ(ലീഫ് ഇന്‍സെക്ട്സ്) പ്പോലും ഇവിടെ കാണാനാകും. സ്വകാര്യ തോട്ടങ്ങളില്‍ കുരുമുളകും ഗ്രാമ്പുവും ജാതിയും തെങ്ങുമൊക്കെ തഴച്ചുവളരുന്നു.
കാടിന്റെ വന്യതയും സൌന്ദര്യവും ആസ്വദിക്കാന്‍ കൊതിക്കുന്നവരെ വേളിമല പിന്നെയും പിന്നെയും മാടി വിളിക്കുന്നു. ആദ്യദര്‍ശനത്തില്‍ തന്നെ അനുരാഗബദ്ധമാകുമ്പോള്‍ വേളിമലയെ വേളികഴിക്കാന്‍ കൊതിക്കുന്നവരാണ് ഇവിടെ എത്തുന്ന സഞ്ചാരികളില്‍ ഏറെയും.































2010 ഒക്‌ടോബർ 2, ശനിയാഴ്‌ച

ലേഖനം: തേനിലും വിഷം

നാം ഏറ്റവും പരിശുദ്ധമെന്ന് കരുതുന്ന തേനില്‍ പോലും മാരകമായ ആന്റിബയോട്ടിക് ഒൌഷധങ്ങള്‍ കലര്‍ന്നിട്ടുണ്ടെന്ന കണ്ടെത്തല്‍ ആരേയും ഞെട്ടിക്കുന്നതാണ്. പ്രമുഖ പരിസ്ഥിതിവാദികൂടിയായ സുനിതാ നാരായണന്‍ ഡയറക്ടറായുളള സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എണ്‍വയോണ്‍മെന്റ് (സി.എസ്.ഇ) ആണ് ഇൌ 'കയ്ക്കുന്ന' സത്യം പുറം ലോകത്തെ അറിയിച്ചത്. പരിസ്ഥിതിയേയും മനുഷ്യന്റെ ആരോഗ്യത്തേയും കുറിച്ച് ആകുലതകള്‍ക്കുളളവര്‍ക്കൊന്നും സുനിതയേയും അവരുടെ സംഭാവനകളേയും മറക്കാനാവില്ല. കൊക്കകോളയിലും പെപ്സിയിലേയും അനുവദനീയമായ അളിവിലും കൂടുതല്‍ കീടനാശിനി കലര്‍ന്നിട്ടുണ്ടെന്ന് തെളിയിച്ച് ഇൌ കുത്തകകള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഇവര്‍ പിന്നീട് നിരവധി തവണ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി. മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്റെ ഉപയോഗം മൂലം നേരിടേണ്ടിവരുന്ന ആരോഗ്യപ്രശ്നങ്ങള്‍, ഭക്ഷ്യഎണ്ണയിലെ മായം, കളിപ്പാട്ടങ്ങളിലെ ഹാനികരമായ വസ്തുക്കള്‍, ചായങ്ങള്‍ എന്നിവക്കെതിരെ സുനിതയും സി.എസ്.ഇയും ഉയര്‍ത്തിയ സമരങ്ങള്‍ ഭാഗീകമായെങ്കിലും വിജയം കണ്ടിരുന്നു. നഗരങ്ങളില്‍ പുക വമിക്കുന്ന വാഹനങ്ങള്‍ക്ക് പകരം പ്രകൃതിവാതക സിലിണ്ടര്‍ കൊണ്ടുളള പുകയില്ലാത്ത വാഹനങ്ങള്‍ നിരത്തിലിറക്കിയും, മഴവെളളം സംഭരിച്ച് ജലക്ഷാമം പരിഹരിക്കാന്‍ ശ്രമിച്ചും ഇവര്‍ പരിസ്ഥിതിക്ക് സംഭാവനകള്‍ നല്‍കി.ജൂലൈ 2009 മുതല്‍ സി.എസ്.ഇ നടത്തിയ അന്വേഷണമാണ് തേനിലെ മായം കണ്ടെത്തിയത്. ഇന്ത്യയില്‍ വിറ്റഴിക്കുന്ന പല പ്രമുഖ ബ്രാന്റുകളിലും മാരകമായ ആന്റിബയോട്ടിക്കുകള്‍ കലര്‍ന്നിരിക്കുന്നു.

തേനില്‍ അടങ്ങിയിരിക്കുന്ന ആന്റിബയോട്ടിക്ക് മരുന്നുകള്‍ ചെറിയ അളവില്‍ ശരീരത്തില്‍ കലര്‍ന്നാല്‍ അവ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണമായി ഒാക്സിടെട്രാസൈക്ക്ളിന്‍ എന്ന മരുന്ന് രക്തത്തെ അശുദ്ധമാക്കുകയും രോഗങ്ങള്‍ വരുത്തുകയും ചെയ്യും. ഇത് കരളിനെപോലും ദോഷകരമായി ബാധിക്കും. ആന്റിബയോട്ടിക്കുകള്‍ തേനിലൂടെ നാം കൂറേശ്ശെ കഴിക്കുമ്പോള്‍ ഇൌ മരുന്നിനെ സ്വയം പ്രതിരോധിക്കാന്‍ ശരീരം ശ്രമിക്കുകയും തുടര്‍ന്ന് ഭാവിയില്‍ അത്തരം മരുന്നുകള്‍ ഫലപ്രദമല്ലാതായി തീരുകയും ചെയ്യുന്നു. അന്താരാഷ്ട്ര നിലവാരം അനുസരിച്ച് തേന്‍ ഒരു ശുദ്ധമായ പ്രകൃതി ഉത്പ്പന്നമാണ്. അതിനാല്‍ തന്നെ മനുഷ്യനിര്‍മ്മിതമായ ആന്റിബയോട്ടിക്ക് എന്നല്ല ഒരു വസ്തുവും ഇതില്‍ കലരാന്‍ പാടില്ല. ഇന്ത്യയില്‍ ഇതിനെതിരെ കര്‍ശനമായ നിയമങ്ങള്‍ നിലവിലില്ല. തേനീച്ചകള്‍ കൂട്ടത്തോടെ രോഗബാധിതരായി ചത്തൊടുങ്ങുന്നത് ഇപ്പോള്‍ സാധാരണയാണ്. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ഇൌ വ്യവസായത്തിലെ വന്‍കിടക്കാര്‍ ആന്റിബയോട്ടിക്കുകള്‍ തേനീച്ചകള്‍ക്ക് ഒൌഷധമായി നല്‍കിവരുന്നു. ഇവ കുടിക്കുന്ന തേനീച്ചയിലൂടെ ഇൌ വിഷം തേനില്‍ കലര്‍ന്ന് മനുഷ്യനില്‍ എത്തുന്നു. വിവിധതരം തേനീച്ചകള്‍ ഉളള ഒരു നാടായിരുന്നു ഭാരതം. കൂടുതല്‍ ഉല്‍പ്പാദനത്തിനായി വിദേശയിനം തേനീച്ചകളെ(ഏപ്പിസ് മെല്ലിഫെറ) ഇറക്കുമതി ചെയ്തതോടെ തേനീച്ചകളുടെ ജനിതക വൈവിധ്യം ഇല്ലാതായികൊണ്ടിരിക്കുകയാണിപ്പോള്‍. ചെറുകിട കര്‍ഷകരിലൂടെ സ്വാഭാവികമായി ലഭിക്കുന്ന തേനില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ തേന്‍ ഉല്‍പ്പാദനം ഒരു വന്‍കിട വ്യവസായമായി മാറിയിരിക്കുന്നു. ജമ്മു കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഇപ്പോള്‍ നാടന്‍ തേനീച്ചകള്‍ വംശനാശ ഭീഷണിയിലാണ്.ആന്റിബയോട്ടിക്കുകള്‍ വന്‍തോതില്‍ കലര്‍ന്നിട്ടുണ്ടെന്ന് സി.എസ്.ഇ കണ്ടെത്തിയവയില്‍ 10 ഇന്ത്യന്‍ ബ്രാന്റുകളും 2 വിദേശ ബ്രാന്റുകളും ഉള്‍പ്പെടുന്നു. ദാബര്‍, ബൈദ്യനാഥ്, പതഞ്ചലി, ആയുര്‍വേദ, ഖാദി, ഹിമാലയ തുടങ്ങിയ ഇന്ത്യന്‍ ബ്രാന്റുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പല സ്ഥലങ്ങളില്‍ നിന്നും തേന്‍ ശേഖരിച്ച് അവ കൂട്ടി കലര്‍ത്തി പായ്ക്ക് ചെയ്യുന്നതിനാല്‍ എവിടെ നിന്ന് ശേഖരിക്കുന്നതിലാണ് കൂടുതല്‍ വിഷാംശം ഉളളതെന്ന് കണ്ടെത്താനായിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ ഇന്ത്യന്‍ നിയമങ്ങള്‍ ഇപ്പോഴും ദുര്‍ബലമാണ്. ആസ്ട്രേലിയന്‍ കമ്പനിയുടെ കാപ്പിലാനോ എന്ന ഉല്‍പ്പന്നത്തിലും സ്വ്ിറ്റ്സര്‍ലാന്‍ഡ് കമ്പനിയുടെ നെക്ടോഫ്ളോര്‍ എന്ന ഉല്‍പ്പന്നത്തിലും ക്രമാതീതമായി ആന്റിബയോട്ടിക്കുകള്‍ ഉളളതായി സി.എസ്.ഇ കണ്ടെത്തി. നാല്‍പ്പത് രാജ്യങ്ങളിലേറെ തേന്‍ കയറ്റുമതി ചെയ്യുന്ന പ്രമുഖ കമ്പനികളാണിവ. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഇവരുടെ ഉല്‍പ്പന്നങ്ങളില്‍ മായം കലര്‍ന്നിട്ടില്ലെന്ന വാര്‍ത്ത കൂടി അറിയുമ്പോഴാണ് ഇൌ കമ്പനികളുടെ ഇരട്ടത്താപ്പ് പുറത്താവുന്നത്. അതേ സമയം ഇന്ത്യയില്‍ നിന്ന് തേന്‍ കയറ്റുമതി ചെയ്യുമ്പോള്‍ കര്‍ശനമായ നിലവാരവും പരിശുദ്ധിയും നാം പാലിക്കുകയും വേണം.ഇന്ത്യന്‍ വിപണിയിലുളള തേനില്‍ ആറ് തരത്തിലുളള ആന്റിബയോട്ടിക്കുകളാണ് കണ്ടെത്തിയത്. നിരോധിക്കപ്പെട്ട €ാറാമ്പിനിക്കോള്‍ മുതല്‍ സിപ്റോഫ്ളോക്സിന്‍, എരിത്രോമൈസിന്‍ എന്നിവയും ഇക്കൂട്ടത്തില്‍ കണ്ടെത്തി. ഒാക്സിടെട്രാസൈ€ിന്‍, ആമ്പിസിലിന്‍, യൂറോഫ്ളോക്സാസിന്‍ എന്നീ മരുന്നുകളും ക്രമാതീതമായ തോതില്‍ തേനില്‍ കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന തേനിന് യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലും ഇപ്പോള്‍ വിലക്കുണ്ട്. ആന്റിബയോട്ടിക്കുകളും ലോഹാംശങ്ങളും ഇവയില്‍ അടങ്ങിയതിനെ തുടര്‍ന്നാണ് 2010 ജൂണില്‍ നിരോധനം ഉണ്ടായത്. അതേസമയം ഇതേ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ യഥേഷ്ടം വിറ്റഴിക്കുന്നുണ്ടുതാനും. തേനില്‍ മായം കലര്‍ന്നിട്ടുണ്ട് എന്ന പേരില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഇതുവരെ ഒരു കേസ് പോലും രജിസ്ടര്‍ ചെയ്തിട്ടില്ല. കൊളളലാഭത്തിനായി ഏത് വിഷവും ഇന്ത്യാക്കാര്‍ കഴിക്കണം എന്ന അവസ്ഥയാണ് ഇപ്പോള്‍ നമ്മുടെ രാജ്യത്തുളളത്.

കഥ: അവന്‍ വീണ്ടും ജനിച്ചത് എങ്ങനെയെന്നാല്‍...

പതിവുപോലെ ഇന്നും സാധാരണ ദിവസമായിരുന്നു. സൂര്യന്‍ എല്ലാ പ്രഭയോടും കൂടി കത്തി ജ്വലിച്ച് നിന്നു. അവനെ താങ്ങിപിടിച്ച് €ിനിക്കിലേക്ക് കയറ്റുമ്പോഴാണ് പുറത്തെ താപനില അമ്പത് ഡിഗ്രി സെല്‍ഷ്യസ് എങ്കിലും കാണുമെന്ന് സൈറ്റ് എന്‍ജിനീയര്‍ പറഞ്ഞത്. പതിനാലാം നിലയിലെ കോണ്‍ക്രീറ്റിനുവേണ്ടിയുളള ഇരുമ്പ് കമ്പികള്‍ ചുട്ട് പഴുത്തിരുന്നു. ഇന്നലെ സൂര്യതാപത്താല്‍ ചെവിമടക്കുകളും കണ്‍പോളകളും പൊളളി അടര്‍ന്നവര്‍ കുറെ ഉണ്ടായിരുന്നു. തളര്‍ന്ന് വീണവരില്‍ ചിലര്‍ക്ക് ഇന്ന് അവധി ലഭിച്ചു. ബാക്കി എല്ലാവരും എത്തിയിട്ടുണ്ട്. തളര്‍ന്ന് വീണാല്‍ ഒരു ദിവസം അവധി ലഭിച്ചേക്കും. തനിക്കും അവധി ലഭിച്ചേക്കുമെന്നയാള്‍ പ്രത്യാശിച്ചു. ചൂട് ഏറുമ്പോള്‍ കൂടുതല്‍ വിയര്‍ക്കില്ല. പിന്നെ ചുട്ടു പഴുത്ത ഒരു വലിയ ഒാവനിലേക്ക് ശരീരം കയറ്റിയാലത്തെ അവസ്ഥയാണ്. വെളളം കുടിച്ചുകൊണ്ടേയിരിക്കണം. ഇല്ലെങ്കില്‍ സൂര്യാഘാതത്താല്‍ മരിച്ചു പോയേക്കാമെന്ന് ഡോക്ടര്‍ ഉപദേശിച്ചു. ലവണ നഷ്ടം ഒഴിവാക്കാന്‍ കുറെ ഗുളികകളും തന്നു. അത് വെളളത്തില്‍ കലക്കി കുടിക്കണമത്രെ.വളരെ പെട്ടെന്നായിരുന്നല്ലോ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്. 'ചോര.... ചോര' - തൊട്ടടുത്തുനിന്ന് കോണ്‍ക്രീറ്റ് കമ്പി കെട്ടികൊണ്ടിരുന്ന സഹപ്രവര്‍ത്തകന്‍ മുഖത്തേക്ക് നോക്കി ആശങ്കയോടെ പറഞ്ഞപ്പോഴാണ് അക്കാര്യം തിരിച്ചറിഞ്ഞത്. മുഖത്ത് കൂടി വിയര്‍പ്പ് ചാലുകള്‍ നിരന്തരം ഒലിച്ച് ഇറങ്ങിയിരുന്നതിനാല്‍ മൂക്കിലൂടെ ഒഴുകിയ ചോരയുടെ കുത്തൊഴുക്ക് അറിഞ്ഞിരുന്നില്ല്. നീല കവറോളില്‍ (നിര്‍മ്മാണ ജീവനക്കാര്‍ ധരിക്കുന്ന പാന്റും ഷര്‍ട്ടും ചേര്‍ന്ന ഒറ്റക്കുപ്പായം) ചുവന്ന തുളളികള്‍ ചിതറി വീണു. സമീപത്തു നിന്ന് മറ്റു പണിക്കാരും ഒാടിക്കൂടി. 'കടുത്ത ചൂടാണ്. നായിന്റെ മക്കള്‍. എന്നാലും മാടിനെപ്പോലെ പണിയെടുപ്പിക്കും'. ഒരു പാകിസ്ഥാനി കല്‍പ്പണിക്കാരന്‍ ആത്മരോഷം കൊണ്ടു. 'ഭായി സാബ്, വിഷമിക്കേണ്ട. വെളളം കുടിക്കൂ. തലയില്‍ തണുത്ത വെളളം ഒഴിക്കൂ. തണലിലേക്ക് മാറി ഇരിക്കൂ. തലകുനിച്ചിരിക്കാതെ മുകളിലേക്ക് ഉയര്‍ത്തി പിടിക്കൂ'. അയാള്‍ പറഞ്ഞു. മുഖത്ത് അമര്‍ത്തി പിടിച്ചിരുന്ന അഴുക്കും വിയര്‍പ്പും നിറഞ്ഞ തൂവാലയിലേക്ക് ചുവപ്പ് നിറം പടര്‍ന്നുകേറിക്കൊണ്ടേയിരുന്നു. അതിനിടയില്‍ ആരോ വെളളക്കുപ്പി നീട്ടി. വെളളം പോലും ചൂടില്‍ തിളച്ചിരിക്കുന്നു. ചൂടില്‍ ഉരുകിയ പ്ളാസ്റ്റിക് കുപ്പി ഒരു കോമാളിയുടെ മുഖം പോലെ കോടിയിരിക്കുന്നു. ഒന്നു രണ്ട് കവിള്‍ വെളളം കുടിച്ചു. വായില്‍ ചോരയുടെ രുചി. മറ്റൊരാള്‍ ചുട്ടു പഴുത്ത ഹെല്‍മറ്റ് ഉൌരിമാറ്റി തലയില്‍ വെളളമൊഴിച്ചു. ചോരയും വെളളവും കലര്‍ന്ന് ഇളം ചുവപ്പായി മുഖത്ത് കൂടി പരന്ന് ഒഴുകി. ചുടു മണലും കോണ്‍ക്രീറ്റും അത് ആര്‍ത്തിയോടെ ഏറ്റുവാങ്ങി. കവറോളില്‍ പറ്റിപ്പിടിച്ചിരുന്ന ചോര തുടച്ച് കളയാന്‍ വൃഥാ ശ്രമം നടത്തി. അതാകെ നീല നിറത്തില്‍ പടര്‍ന്നു.തലയില്‍ മുള്‍കിരീടവും മുഖത്തുകൂടെ വാര്‍ന്നൊഴുകുന്ന ചോരയുമായി ക്രൂശില്‍ക്കിടക്കുന്ന ക്രിസ്തുവിന്റെ രൂപം ഒരോര്‍മ്മയായി അവന്റെ മനസില്‍ നിറഞ്ഞു. കഴുത്തില്‍ക്കിടന്ന കുരിശില്‍ ചുംബിച്ച് താടിയില്‍ തങ്ങി നിന്ന രക്തത്തുളളികള്‍ അവന്‍ തുടച്ചുകളഞ്ഞു. നനഞ്ഞു കുതിര്‍ന്ന മുടി കഴുത്തില്‍ പറ്റിപ്പിടിച്ചു കിടന്നു. 'ഇന്ന് കൊടുംചൂടാണ്. പല സൈറ്റുകളിലും പണി നിര്‍ത്തി വച്ചു. ഇൌ ചൂടില്‍ സൂര്യാഘാതമേറ്റ് മരിച്ച് പോകാത്തത് ഭാഗ്യം'. മലയാളി സഹപ്രവര്‍ത്തകന്‍ ആരോടെന്നില്ലാതെ പറഞ്ഞു. €ിനിക്കില്‍ നിന്ന് ക്യാമ്പിലേക്ക് കമ്പനി ബസില്‍ ഒറ്റയ്ക്ക് മടങ്ങുമ്പോള്‍ സൂര്യാഘാതത്താലുളള മരണത്തെക്കുറിച്ചായിരുന്നു ചിന്ത. എങ്ങനെയാകും ആ മരണം. ഹൃദയം നിലയ്ക്കുകയാണോ? അതോ തലച്ചോറിനെ ബാധിച്ച് ഒാര്‍മ്മ നഷ്ടപ്പെട്ട് മരിക്കുമോ? എങ്ങനെയാണെങ്കിലും അതൊന്ന് സംഭവിച്ചിരുന്നെങ്കില്‍. മരണത്തെക്കുറിച്ച് അവന്‍ കൊതിയോടെ ഒാര്‍ത്തു. മതിയായി. അറവുമാടിനെപ്പൊലെയുളള ഇൌ പണിയും കിതച്ച് നുരതുപ്പലും. മാതാപിതാക്കള്‍, സഹോദരങ്ങള്‍, ഹൃദയവും സ്വപ്നവും പങ്കിട്ട കാമുകി..... നിരവധി മുഖങ്ങള്‍ ഒരു മഹാപ്രളയം പോലെ ഒാര്‍മ്മയിലേക്ക് ഇരച്ചുകയറി. എന്നിട്ടും നിര്‍വികാരത മരണത്തിന്റെ തണുപ്പോളം എത്തിയിരിക്കുന്നു. ആ ചിന്തയില്‍ അവന്‍ ഉറഞ്ഞു. ആവശ്യങ്ങളുടെ അവസാനിക്കാത്ത പട്ടിക നിരത്തുന്ന വീട്ടുകാര്‍ ആഢംബരങ്ങളുടേയും പ്രായോഗികതയുടേയും മേച്ചില്‍പുറങ്ങള്‍ തേടിയപ്പോള്‍ മൂന്ന് വട്ടം തളളിപറഞ്ഞ പ്രണയിനി.ആകാശകവാടം തുറന്ന് തീമഴപോലെ സൂര്യകിരണങ്ങള്‍ വര്‍ഷിച്ചാല്‍ മരിച്ചേനെ. ഇല്ലെങ്കില്‍, ദൈവമേ നിന്റെ ഏകജാതനെ ക്രൂശിലേറ്റിയതുപോലെ ഇൌയുളളവനേയും കോണ്‍ക്രീറ്റ് കമ്പികളിലൊന്നില്‍ കൊരുത്തിടേണമേ. പതിനാലാം നിലയുടെ മുകളില്‍ നിന്ന് താഴേക്ക് പറന്ന്, മാനത്തേക്ക് തുറിച്ച് നില്‍ക്കുന്ന ഭീമന്‍ കമ്പികളിലൊന്നില്‍ കൊരുത്ത് കിടക്കുന്നത് അവന്‍ ഒാര്‍ത്തു. എന്റെ ദൈവമേ, എന്റെ ദൈവമേ എന്നെ കൈവിട്ടതെന്ത്? ബസ് മരുഭൂമിയുടെ നടുവിലൂടെ ക്യാമ്പ് ലക്ഷ്യമാക്കി കുതിക്കുന്നു. അകലെ റോഡും മരുഭൂമിയും മരീചികപോലെ തിളക്കുന്നു. ഇൌ കൊടുംചൂടില്‍ ക്യാമ്പിലേക്ക് തനിക്കുവേണ്ടി മാത്രം ബസോടിക്കുന്നതില്‍ സര്‍ദാര്‍ജി ഡ്രൈവര്‍ക്ക് ഉളളില്‍ അമര്‍ഷം കാണും. എങ്കിലും മൂക്കിലൂടെ നിലക്കാതെ ഒഴുകിയ ചോര കണ്ട് അയാളും ഒന്ന് പകച്ചു. ഇൌ ചെറിയ ശരീരത്തിലെ ചോരയുടെ പ്രവാഹത്തിന് ഇത്രയും ശക്തിയോ? €ിനിക്കിലെ പരിശോധന കഴിഞ്ഞപ്പോഴാണ് ഒപ്പം എത്തിയവര്‍ക്ക് ആശ്വാസമായത്. അതോടെ അവന്‍ നിരാശനായി.മരണം അകലുകയാണ്. ദൈവമേ, കൈവിടല്ലേ. കഴുത്തില്‍ കിടന്ന കുരിശുമാലയില്‍ മുറുക്കിപിടിച്ചു.ക്യാമ്പ് വിജനമായിരുന്നു. സൂര്യാഘാതത്താല്‍ ഇന്നലെ മയങ്ങി വീണ ചിലരെങ്കിലും മറ്റു മുറികളിലെ പൊത്തുകളില്‍ ഉണ്ടാകും. ആരേയും പുറത്ത് കണ്ടില്ല. മുറിയില്‍ ആദ്യമായാണ് ഇങ്ങനെ ഒറ്റയ്ക്ക്. മുറിയിലാകെ വിയര്‍പ്പിന്റെ ഗന്ധം. നാല് ഇരട്ടക്കട്ടിലുകളിലായി എട്ട് പേരാണ് താമസം. അവരുടെ വിയര്‍പ്പുപുരണ്ട മുഷിഞ്ഞ വസ്ത്രങ്ങളും സോക്സുകളുമൊക്കെയായി മനംപുരട്ടുന്ന ഗന്ധം അവിടാകെ നിറഞ്ഞ് നിന്നിരുന്നു. എയര്‍കണ്ടീഷണര്‍ ഒരു വന്‍ മുരള്‍ച്ചയോടെ പ്രവര്‍ത്തിച്ചുതുടങ്ങി. ഇൌ കൊടും ചൂട് താങ്ങാനുളള ത്രാണി അതിനില്ല. ചെറിയൊരു കാറ്റ് മാത്രം അതിലൂടെ വരുന്നുണ്ട്. വസ്ത്രം മാറി ഇരട്ടകട്ടിലിന്റെ മുകളിലേക്ക് ഒരു വിധത്തില്‍ കയറിപ്പറ്റി തളര്‍ന്ന് കിടന്നു. രക്തം കുടിച്ച് വീര്‍ത്ത മൂട്ടകള്‍ ഭിത്തിയുടെ മുകളിലത്തെ ഇരുണ്ട മൂലകള്‍ നോക്കി അലസഗമനം നടത്തുന്നു. ഭിത്തിയില്‍ പലയിടത്തും മൂട്ടയെ കൊന്നതിന്റെ രക്തപാടുകള്‍. ശരീരമാകെ വല്ലാത്ത ഒരു പുകച്ചില്‍. എത്രനേരം അങ്ങനെ കിടന്നുവെന്ന് ഒാര്‍മ്മയില്ല. ഏകാന്തത അവനെ മടുപ്പിച്ച് തുടങ്ങി. കിടന്ന കിടപ്പില്‍ ടിവിയുടെ റിമോട്ടില്‍ കൈയമര്‍ത്തി ചാനലുകള്‍ മാറ്റി നോക്കി. പഴയ ടിവിയാണ്. ചിത്രങ്ങള്‍ പലപ്പോഴും ഫ്രീസാകുന്നു. ഏതോ റിയാലിറ്റി ഷോയുടെ പരസ്യത്തില്‍ അവതാരികയുടെ ചിത്രം സ്ക്രീനില്‍ ഉറഞ്ഞ് നില്‍ക്കുന്നു. അവതാരിക വാപൊളിച്ച് ഉറഞ്ഞിരിക്കുമ്പോള്‍ അതിന് ഒരു വൃത്തികേടുണ്ട്. ദൃശ്യങ്ങള്‍ ചലനാത്മകമായപ്പോള്‍ അയാള്‍ വീണ്ടും കമഴ്ന്ന് കിടന്നു. മെത്തയും തലയണയും ഷീറ്റുമെല്ലാം ദുര്‍ഗന്ധം വമിക്കുന്നു. ടിവിയില്‍ ഉറഞ്ഞ അവതാരികയെ ഒാര്‍ത്തു, നഷ്ടപ്പെട്ട കാമുകിയെ ഒാര്‍ത്തു. മടുപ്പോടെ ടിവി ഉച്ചത്തില്‍ വച്ചു. രാവിലേയും ഉച്ചയ്ക്കും ഒന്നും കഴിച്ചിട്ടില്ല. ഉച്ചഭക്ഷണത്തിന് കൊണ്ടുപോയ പൊതി അനാഥമായി അവിടെ കിടപ്പുണ്ടാകും. അതല്ലെങ്കില്‍ സഹപ്രവര്‍ത്തകര്‍ ആരെങ്കിലും അത് പങ്കിട്ടെടുത്തിട്ടുണ്ടാകും. വല്ലാത്ത വിശപ്പ്. നേരം ഇരുണ്ട് തുടങ്ങുന്നു. ചാനല്‍ വീണ്ടും മാറ്റി. അര്‍ദ്ധനഗ്നയായ നായികയുടെ നൃത്തവുമായി തമിഴ് സിനിമാഗാനം. വിശപ്പ് കത്തിക്കയറുകയാണ്. അതിനിടയിലും സൂര്യാഘാതമേറ്റ് മരിക്കാഞ്ഞതെന്തേ എന്ന ചിന്തയിലായിരുന്നു അവന്‍.ആത്മഹത്യ ചെയ്താലോ? ഒരു പ്ളാസ്റ്റിക് കയറില്‍ മുറിയിലെ ഫാനില്‍ കുരുക്കിട്ട് താഴേക്ക്... ഇരുനിലക്കട്ടിലിന്റെ മുകളിലത്തെ ബര്‍ത്തില്‍ കിടന്ന കിടപ്പില്‍ ഫാനിലും കഴുത്തിലും കുരുക്കിടാം. കിടന്നുകൊണ്ടു തന്നെ താഴേക്ക് വീണ് മരിക്കാം. ഒരു പക്ഷെ ചരിത്രത്തില്‍ ആദ്യമായാകും ഒരുവന്‍ കിടന്നുകൊണ്ട് തൂങ്ങി മരിക്കുന്നത്. ആത്മഹത്യാ വിവരങ്ങള്‍ ഒരു കുറിപ്പില്‍ എഴുതിയാല്‍ ഒരു പക്ഷെ ഇത്തരമൊരു മരണത്തിന് ഗിന്നസ് ബുക്കില്‍ കയറിക്കൂടാമായിരിക്കും. അവന്‍ ദൈന്യതയോടെ ചിരിച്ചു. തൂങ്ങുന്നതിന് മുമ്പ് കൈലി മാറി പാന്റ് ഇടണം. ഇല്ലെങ്കില്‍ മരണ വെപ്രാളത്തിനിടയില്‍ നഗ്നനായാലോ? തെറിച്ച് നില്‍ക്കുന്ന നഗ്നത ഒരു ചോദ്യചിഹ്നം പോലെ വിരല്‍ചൂണ്ടി നില്‍ക്കും. അത് ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തും. വേണ്ട, അത് അശ്ളീലമാണ്. ചത്ത് കിടന്നാലും ചമഞ്ഞ് കിടക്കണം. തൂങ്ങി മരണമല്ലാതെ എങ്ങനെ മരിക്കാം എന്ന ചിന്തയായി പിന്നെ..കാമുകിക്ക് ചെവിമുറിച്ചുകൊടുത്ത ഒരു ചിത്രകാരന്‍ ഉണ്ടല്ലോ? പിന്നീട് എപ്പോഴോ അയാള്‍ വെടിവച്ച് മരിക്കുകയായിരുന്നവത്രെ. അത് പോലെ ചങ്ക് പറിച്ചെടുത്ത് ഒരു കുപ്പിഭരണിയിലാക്കി ഒരു കുറിപ്പോടെ അയച്ചുകൊടുത്താലോ. എന്താണീ ചങ്ക്? കരളോ ഹൃദയമോ? അത് പറിച്ചെടുത്ത് ഭരണിയില്‍ ഇടുംവരെ ജീവിക്കാനാവുമോ? നേരത്തെ കുറിപ്പ് എഴുതി വയ്ക്കാം. ഒന്നോ രണ്ടോ വാചകം മതി. 'പ്രിയേ ഇത് നിനക്കായി...' എന്നോ മറ്റോ. ഇത്തിരി പൈങ്കിളിയാണെങ്കിലും അത് മതി. കുറിപ്പിലല്ല നല്‍കുന്ന സാധനത്തിലാണ് കാര്യം. പക്ഷെ ഇത് തന്റെ ചങ്കാണെന്ന് അവള്‍ എങ്ങനെ തിരിച്ചറിയും? മനുഷ്യരുടെ അന്തരികാവയവങ്ങള്‍ക്കെല്ലാം ഒരേ രൂപമാണ്. ബാഹ്യരൂപം മാത്രമാണ് മാറുന്നത്. കറുത്തവന്റെ, വെളളക്കാരന്റെ, ധനികന്റെ, ദരിദ്രന്റെ ഹൃദയങ്ങള്‍ വിവിധ ഭരണികളില്‍ വച്ചാല്‍ അത് ആരുടേതെന്ന് എങ്ങനെ തിരിച്ചറിയും? ബാഹ്യരൂപത്തിലുളള വ്യതിയാനത്തില്‍ മാത്രമാണ് മനുഷ്യന്റെ ഇഷ്ടാനിഷ്ടങ്ങള്‍ പിണഞ്ഞു കിടക്കുന്നത്. അപ്പോള്‍ ആത്യന്തികമായി നാം ആരാണ്? രാജാവും പ്രജയും ധനികനും ദരിദ്രനും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലേ? വേഷഭൂഷാദികളിലും രൂപത്തിലും മാത്രമാണോ ഇൌ വ്യത്യാസം. ഇങ്ങനെ ചിന്ത നീണ്ടു പോയാല്‍ ആത്മഹത്യ എന്ന ലക്ഷ്യത്തില്‍ എത്താനാകില്ല. വിശപ്പ് തളര്‍ത്തിതുടങ്ങി. മരിക്കാനാണെങ്കിലും അതിന് ഒരു ത്രാണി വേണം. വയര്‍ നിറയെ ഭക്ഷണം കഴിച്ചിട്ട് മരിച്ചാലോ? തൂക്കികൊല്ലാന്‍ പോകുന്നവര്‍ക്ക് നിറയെ ഭക്ഷണം നല്‍കുമെന്ന് കേട്ടിട്ടുണ്ട്. ഒരു വിധത്തില്‍ മുകളിലെ ബര്‍ത്തില്‍ നിന്നും താഴേക്ക് ഉൌര്‍ന്നിറങ്ങി. പുറത്ത് ഏതെങ്കിലും റസ്റ്റോറന്റില്‍ പോയെങ്കിലേ ഭക്ഷണം കഴിക്കാനാകൂ. ഇല്ലെങ്കില്‍ സഹപ്രവര്‍ത്തകര്‍ ഏറെ വൈകി വരുംവരെ കാത്തിരിക്കണം. അവര്‍ വന്ന ശേഷമാണ് പാചകം. രാത്രി ഭക്ഷണത്തോടൊപ്പമാണ് ഉച്ചഭക്ഷണവും തയ്യാറാക്കുക. രാവിലെ മിക്കവാറും പട്ടിണിയാണ്. ഉച്ചഭക്ഷണം പൊതിഞ്ഞ് സൈറ്റിലേക്ക് എടുക്കും. സഹപ്രവര്‍ത്തകര്‍ വരാതെ പാചകം ചെയ്യാനുളള ത്രാണി ഇന്നില്ല. ഇൌ ചിന്തകള്‍ക്കിടയില്‍ വസ്ത്രം മാറികഴിഞ്ഞിരുന്നു. സേഫ്റ്റി ഷൂവും സൈറ്റില്‍ നിന്ന് വന്നപ്പോള്‍ ഉൌരിയിട്ട കവറോളും ഹെല്‍മറ്റും അണിഞ്ഞ് കഴിഞ്ഞപ്പോഴാണ് താന്‍ എത്ര യാന്ത്രികമായാണ് ഇത് ചെയ്തതെന്ന് അയാള്‍ ഒാര്‍ത്തത്. റസ്റ്റോറന്റിലേക്ക് പോകാന്‍ അത്യാവശ്യം വൃത്തിയുളള പാന്റും ഷര്‍ട്ടും വേണമായിരുന്നു. മനുഷ്യന്‍ റോബോട്ടിനെ പോലെയാകുന്നുവെന്നും കണ്ടീഷന്‍ഡ് ആകുന്നുവെന്നും ആരാണ് പറഞ്ഞത്. സ്വന്തം നിലയില്‍ അബോധാവാനായ മനുഷ്യന്‍ സ്വയം പ്രോഗ്രാം ചെയ്ത യന്ത്രത്തെപ്പോലെ പ്രവര്‍ത്തിക്കുന്നു! സേഫ്റ്റി ഷൂ നിറയെ പൊടിയും കോണ്‍ക്രീറ്റിന്റെ അവശിഷ്ടങ്ങളും. വിയര്‍പ്പ് ഉണങ്ങി വെളളനിറത്തില്‍ സ്വയം ഡിസൈന്‍ വീണ കവറോളില്‍ രക്തതുളളികള്‍ പതിച്ചതിന്റെ മങ്ങിയ പാട്. ഇനി വസ്ത്രം മാറാനുളള കരുത്തില്ല. ക്ഷീണം കടുത്തു വരുന്നു. ഇതുമതി. ഏതെങ്കിലും ചെറിയ കടയില്‍ കയറി ഭക്ഷണം കഴിക്കാം. ക്യാമ്പില്‍ നിന്ന് നഗരപഥത്തില്‍ എത്താന്‍ കുറെ നടക്കണം. മണലും പൊടിയും നിറഞ്ഞ പാതയിലൂടെ അവന്‍ പതിയെ നടന്നു. എതിരെ ഇടക്കിടക്ക് വാഹനങ്ങള്‍ പൊടിപറത്തി പാഞ്ഞുപോയി. മുന്തിയ നക്ഷത്ര ഹോട്ടലുകളില്‍ ഡ്രസ് കോഡ് ഉണ്ടത്രെ. ചെരുപ്പിന് പകരം ഷൂസിടണമെന്നാണ് പ്രധാന നിര്‍ബന്ധം. സേഫ്റ്റി ഷൂ അനുവദിക്കുമോ ആവോ? കൈയില്‍ ധാരാളം പണമുണ്ടാകുമ്പോള്‍ ഒരിക്കല്‍ സേഫ്റ്റിഷൂ ഇട്ട് അവിടെ പോകണം. അവന്‍ ഉളളില്‍ ചിരിച്ചു. ഇടത്തരം റസ്റ്റോറന്റുകളിലൊന്നിന്റെ മുന്നില്‍ അവന്‍ നിന്നു. ഭക്ഷണം കഴിക്കുന്നവരെ പുറത്ത് നിന്ന് ാസിലൂടെ നോക്കി. എല്ലാവരും വൃത്തിയുളള വസ്ത്രം ധരിച്ചിരിക്കുന്നു. അവന്‍ വീണ്ടും നടന്നു. നേരം ഇരുണ്ടുതുടങ്ങി. വളഞ്ഞു പുളഞ്ഞ് കിടക്കുന്ന ഇടവഴികളിലൂടെയും കൂറ്റന്‍ കെട്ടിടങ്ങളുടെ നിഴലിലൂടെയും അവന്‍ നടന്നലഞ്ഞു. ഒരിക്കലും അവസാനിക്കാത്ത വഴികള്‍. ഒരു ഗല്ലിയുടെ ഇരുണ്ട മൂലയില്‍ അവന്‍ ഉടക്കിനിന്നു. ചിലയിടങ്ങള്‍ മുറുക്കി തുപ്പി വൃത്തികേടായിരിക്കുന്നു. മറ്റ് ചിലയിടത്ത് മാലിന്യം കുന്നുകൂടിക്കിടക്കുന്നു. അവയ്ക്കിടയില്‍ പതുങ്ങുന്ന പൂച്ചകളുടെ കണ്ണുകള്‍ ഇരുട്ടില്‍ തിളങ്ങി. അങ്ങനെ നില്‍ക്കവെ പിന്നില്‍ നിന്ന് ഒരു വിളി. 'ഹലോ...' അരണ്ട വെളിച്ചത്തില്‍ ഒന്നും വ്യക്തമായില്ല. പോകെപോകെ രണ്ട് കെട്ടിടങ്ങള്‍ക്കിടയിലെ ഇടനാഴിയില്‍ നിന്ന് ഒരു കറുമ്പിയുടെ നിഴല്‍ തെളിഞ്ഞുവന്നു. ഇരുളില്‍ അവളുടെ പല്ലുകള്‍ക്കും കണ്ണുകള്‍ക്കും നല്ല തിളക്കം. ഒരു ഇരയെ കിട്ടിയെ സന്തോഷത്താല്‍ അവളുടെ കണ്ണുകളില്‍ പ്രലോഭനത്തിന്റെ തിരയിളക്കം. ആഫ്രിക്കന്‍ സ്ത്രൈണതക്ക് വന്യതയുടെ മുഖമുണ്ട്. വന്യമായതെല്ലാം മൌലീകമാണ്, കലര്‍പ്പില്ലാത്തതാണ്. ഇൌ ഗല്ലികള്‍ ഇത്തരം കച്ചവടങ്ങള്‍ക്ക് കുപ്രസിദ്ധമാണ്. ആദ്യമായാണ് ഇത്തരമൊരു അനുഭവം. ഇവിടുത്തെ ഫ്ളാറ്റുകളില്‍ ഏതിലോ ഒന്നിലാകണം ഇവരുടെ താവളം. അടക്കിവച്ചതെല്ലാം ചുരമാന്തി പുറത്ത് വരുന്നു. ആത്മഹത്യാ ചിന്തക്ക് പ്രേരകമായതെല്ലാം അടക്കിവയ്ക്കലാണ്. രതിയുടെ ഉൌര്‍ജപ്രവാഹത്തില്‍ വിശപ്പ് എരിഞ്ഞടങ്ങുന്നു. മൂന്നാം നിലയിലെ ഫ്ളാറ്റിലേക്ക് അവളെ പിന്തുടരുന്നതിനിടയില്‍ പേര് ചോദിച്ചു. മേരി, സോമാലിയക്കാരിയാണ്. മഗ്ദലനക്കാരിയായ മേരിയെ ഒാര്‍ത്തു. അവള്‍ കറുമ്പിയായിരുന്നോ? ആരും അങ്ങനെ പറഞ്ഞുകേട്ടിട്ടില്ല. ഇൌ സോമാലിയക്കാരി മധ്യവയസ്കയാണ്. അമ്പതിനോടടുത്ത് പ്രായമുണ്ട്. 'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ'. കാന്തത്താല്‍ വലിച്ചടുപ്പിക്കപ്പെട്ടപോലെ, സ്വപ്നാടകനെപോലെ അവളെ അവന്‍ പിന്തുടര്‍ന്നു.ഫ്ളാറ്റിനുളളില്‍ പിന്നെയും കുറെ കറുമ്പികള്‍ ഉണ്ടായിരുന്നു. തടിച്ച മുലകള്‍ ഉളള അര്‍ദ്ധ നഗ്നകള്‍. മേരിയേക്കാള്‍ പ്രായം കുറഞ്ഞ യുവതികളായിരുന്നു അവര്‍. ലിപ്സ്റ്റിക്കിനിടയില്‍ തിളങ്ങുന്ന പല്ലുകളോടെ അവര്‍ ചിരിച്ചു. വേട്ടയാടി രക്തം പുരണ്ട പല്ലുകള്‍ പോലെ അവ തോന്നിച്ചു. അയാളുടെ ഷൂസിലും വേഷത്തിലും നോക്കി അവര്‍ തമാശ പറഞ്ഞു. മേരിക്ക് കിട്ടിയ ഇരയുടെ അവസ്ഥയോര്‍ത്ത് അവര്‍ അവളോടും എന്തൊക്കെയോ പറഞ്ഞ് ചിരിച്ചു. മേരി കാരുണ്യപൂര്‍വ്വം അവനെ മുറിയിലേക്ക് ക്ഷണിച്ചു. കതകുകള്‍ അടഞ്ഞ ഉടനെ വാത്സല്യപൂര്‍വ്വം അവര്‍ അവനെ കെട്ടിപ്പിടിച്ചു. അവന്‍ കിതക്കുന്നുണ്ടായിരുന്നു. മുറിയുടെ മൂലയില്‍ വച്ചിരുന്ന വെളളം അവര്‍ അവന്റ നേരെ നീട്ടി. അവന്‍ ആര്‍ത്തിയോടെ കുടിച്ചു. അതിനിടയില്‍ ഒരു ജാലവിദ്യക്കാരിയെ പോലെ ഞൊടിയിടയില്‍ അവള്‍ വിവസ്ത്രയായി. ശേഷം സാവധാനം അവനെ വിവസ്ത്രനാക്കാന്‍ തുടങ്ങി. കവറോള്‍ പാന്റും ഷര്‍ട്ടും ചേരുന്ന ഒരൊറ്റ വസ്ത്രമായതിനാല്‍ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നു. കഴുത്തിന് താഴെ നിന്ന് സിബ്ബ് താഴേക്ക് അരയോളം വലിച്ചു. അറവുകാരന്റെ കത്തി ആടിന്റെ കഴുത്തില്‍ നിന്ന് പളളവരെ തുകല്‍ കീറിപായും പോലെ അവന്‍ ഒന്നുപിടഞ്ഞു. തോല്‍ പൊളിക്കുന്ന ലാഘവത്തോടെ അവള്‍ അവന്റെ രക്തം പുരണ്ട കവറോള്‍ ഉരിഞ്ഞ് ഒരു മൂലയിലേക്ക് എറിഞ്ഞു. വസ്ത്രം ഉൌരി എണ്ണ തേയ്പ്പിക്കാന്‍ കിണറ്റിന്‍ കരയില്‍ അമ്മ നിര്‍ത്തിയ കുഞ്ഞിനെപോലെ അവന്‍ നിര്‍മലനായി. തണുത്ത വെളളം തലയിലേക്ക് ഒഴിക്കുമ്പോഴുളള കുളിര്‍ അവന് അനുഭവപ്പെട്ടു. പടം പൊഴിച്ച പാമ്പിനെപോലെ അവന്‍ തന്റെ പുതുശരീരത്തെ കണ്ടു. ശരീരം തരളിതമാകുന്നതും ശിശുവിന്റെ ചര്‍മ്മം പോലെ നേര്‍ത്തതാകുന്നതും അവന്‍ അറിഞ്ഞു. ഉറച്ച മാംസപേശികളും തഴമ്പുളള കൈകളും സൂര്യാഘാതമേറ്റ് കരിഞ്ഞ തൊലിയും പൂപോലെയായി. മേരി അവനെ മാറോടണച്ചു. എന്തെന്നില്ലാത്ത ഒരു സ്വാസ്ഥ്യവും തണുപ്പും അവനറിഞ്ഞു. തടിച്ചുതൂങ്ങിയ കറുത്ത മുലകളില്‍ അവന്‍ മുഖം അമര്‍ത്തി കരഞ്ഞു. മുലകളെ കണ്ണീരുകൊണ്ട് അഭിഷേകം ചെയ്തു. ബോധാബോധങ്ങളുടെ നേര്‍ത്ത വരമ്പില്‍ ഒരു മേഘക്കീറുപോലെ അലയവെ അവന്‍ പറഞ്ഞു 'ദൈവമേ നന്ദി... എല്ലാം നിവര്‍ത്തിയായി..'

വാര്‍ത്ത:-- മരണച്ചിറകിലേറാതെ വഴുതിമാറിയവര്‍ 9 പേര്‍

ദുബായ്: അവസാന നിമിഷം യാത്ര റദ്ദാക്കിയവരും വിമാന സമയം തെറ്റായി മനസിലാക്കിയവരുമായി 9 പേര്‍ ദുരന്തം സംഭവിച്ച വിമാനത്തില്‍ കയറാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പലര്‍ക്കും പുലര്‍ച്ചെ 1.15 എന്ന വിമാന സമയമാണ് തുണയായത്. ചിലര്‍ ശനിയാഴ്ച പുലര്‍ച്ചെക്ക് പകരം രാത്രിയാണ് വിമാനം പുറപ്പെടുന്നതെന്ന് തെറ്റിധരിച്ചപ്പോള്‍ മറ്റു ചിലര്‍ ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് ഇതേ റൂട്ടില്‍ പുറപ്പെടുന്ന ഐ.എക്സ് 384 എന്ന വിമാനത്തിലാണ് തങ്ങളുടെ യാത്രയെന്ന് തെറ്റി ധരിച്ചു. സംഭവിച്ച അബദ്ധം അനുഗ്രഹമായി മാറിയതിന്റെ സന്തോഷത്തിലാണ് ഇൌ യാത്രക്കാരും കുടുംബവും. ചങ്ങനാശ്ശേരി സ്വദേശികളും ഷാര്‍ജ ദിബ്ബയില്‍ താമസിക്കുന്നവരുമായ ത്രേസ്യാമ്മാ ഫിലിപ്പും ഭര്‍ത്താവ് തോമസ് ഫിലിപ്പും വിധിയുടെ വിളയാട്ടത്തില്‍ ഇപ്പോഴും പകച്ച് നില്‍ക്കുകയാണ്. ദൈവത്തിന് ഒരായിരം നന്ദി പറഞ്ഞുകൊണ്ട് യാത്ര റദ്ദാക്കേണ്ടി വന്ന കഥ അവര്‍ പറയുന്നു. ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ത്രേസ്യാമ്മ മംഗലാപുരത്ത് പഠിക്കുന്ന മക്കളെ സന്ദര്‍ശിക്കാനായാണ് ആദ്യം ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ വ്യാഴാഴ്ച ജോലി കഴിഞ്ഞ് അന്ന് രാത്രി തന്നെ യാത്ര പുറപ്പെടാന്‍ ബുദ്ധിമുട്ടുളളതിനാല്‍ ടിക്കറ്റ് ഒാണ്‍ലൈനില്‍ റദ്ദാക്കി ദുരന്തം സംഭവിച്ച വിമാനത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്പ്രസിലാണ് യാത്ര എന്നാണ് ഇവര്‍ കരുതിയത്. ഏതായാലും വിമാനസമയത്തെക്കുറിച്ചുളള തെറ്റിധാരണ മൂന്ന് മക്കളുടെ അമ്മയായ ത്രേസ്യാമ്മയുടെ ജീവന്‍ രക്ഷപ്പെടുത്തി.ദുബായ് ഖിസൈസിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ മാനേജരായി ജോലി ചെയ്യുന്ന കുഞ്ഞിക്കണ്ണന്‍ ചന്തുവിന് ജീവന്‍ തിരിച്ചുകിട്ടിയത് അവസാന നിമിഷത്തില്‍ തന്റെ ജനറല്‍ മാനേജറിന്റെ ഇടപെടല്‍ മൂലം. മകന്റെ അഡ്മിഷനുവേണ്ടി ടിക്കറ്റ് ബുക്ക് ചെയ്ത് പത്ത് ദിവസത്തേക്ക് നാട്ടിലേക്ക് പോകാന്‍ ഒരുങ്ങിയ ഇദ്ദേഹത്തിന് അവസാന നിമിഷം അവധി ലഭിച്ചില്ല. 'അവധി ലഭിക്കാതിരുന്നപ്പോള്‍ പ്രയാസം തോന്നിയെങ്കിലും രാവിലെ തന്നെ ഞാന്‍ ജനറല്‍ മാനേജരെ പോയി കണ്ട് കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞു'. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. കര്‍ണാടക സ്വദേശിയായ മെര്‍വിന്‍ ഡിസൂസ(33) വിമാനത്തില്‍ കയറാതിരുന്നത് സഹോദരി ഭര്‍ത്താവിന്റെ അശ്രദ്ധ മൂലം. 22ാം തീയതി പുലര്‍ച്ചെ 1.15 ന് പുറപ്പെടേണ്ട വിമാനത്തിലാണ് ഇദ്ദേഹം ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ വിമാനം പുറപ്പെടുന്നത്് അടുത്ത ദിവസമാണെന്ന് തെറ്റിധരിച്ച് യാത്ര റദ്ദാക്കുകയായിരുന്നു. ലേഖകന്‍ ബന്ധപ്പെട്ടപ്പോഴും സഹോദരി ഭര്‍ത്താവ് വോള്‍ട്ടറിന് അറിയില്ലായിരുന്നു തനിക്ക് പറ്റിയ അബദ്ധം. ടിക്കറ്റ് എടുത്തത് അപകടം നടന്ന വിമാനത്തില്‍ യാത്ര ചെയ്യാനായിരുന്നുവെന്ന് വ്യക്തമാക്കിയപ്പോള്‍ അദ്ദേഹം തരിച്ചിരുന്നുപോയി. തന്റെ അശ്രദ്ധ ഭാര്യാസഹോദരന്റെ ജീവന്‍ രക്ഷിച്ചതില്‍ അദ്ദേഹം ദൈവത്തിന് നന്ദി പറഞ്ഞു. ജോലി അന്വേഷിച്ച് സന്ദര്‍ശക വിസയില്‍ എത്തിയ മെര്‍വിന്‍ ജോലി ലഭിക്കാനാവാതെ മടങ്ങാനൊരുങ്ങുമ്പോഴായിരുന്നു വിധിയുടെ ഇൌ വിളയാട്ടം. ഇവരെ കൂടാതെ വസന്ത ഷെട്ടി, മുഹമ്മദ് അഷ്ഫാഖ്, ഹസ്ന ഫര്‍ഫീന്‍, സഞ്ജീവ ബബാന ഹെഗ്ഡെ, ലൂയിസ് കാര്‍ലൊ, സ്റ്റീഫന്‍ റീഗോ എന്നിവരാണ് അവസാന നിമിഷം യാത്ര മാറ്റി മരണത്തിന്റെ പിടിയില്‍ നിന്ന് വഴുതിമാറിയത്.
മരണമടഞ്ഞവരുടെ നിരവധി ബന്ധുക്കളും കുടുംബാംഗങ്ങളും യു.എ.ഇ യിലാണുളളത്. ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഇവരെ സൌജന്യമായി നാട്ടിലെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചതായി എയര്‍ ഇന്ത്യയുടെ ഗള്‍ഫ് മേഖലാ വിഭാഗം മേധാവികള്‍ അറിയിച്ചു. യു.എ.ഇ യിലെ അഞ്ചോളം റേഡിയോ ചാനലുകള്‍ തങ്ങളുടെ മറ്റ് പരിപാടികള്‍ നിര്‍ത്തിവച്ച് അപകടത്തെക്കുറിച്ചുളള വാര്‍ത്തകള്‍ നല്‍കി കൊണ്ടിരിക്കുകയാണ്. ഷാര്‍ജ മത്സ്യ മാര്‍ക്കറ്റിന് സമീപമുളള അല്‍ ഇന്‍സാബ് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന മുഹമ്മദ് അസ്ളം(30) ഏറെ കാത്തിരിപ്പിന് ഒടുവിലാണ് തന്റെ രണ്ട് പിഞ്ചോമനകളേയും ഭാര്യയേയും കാണാന്‍ കാസര്‍കോട് ഉദുമ പടിഞ്ഞാറുളള കല്ലിംങ്കാല വീട്ടിലേക്ക് പുറപ്പെട്ടത്. മക്കള്‍ക്ക് കുഞ്ഞുടുപ്പുകളും ഭാര്യക്കും ബന്ധുക്കള്‍ക്കുമുളള സമ്മാനങ്ങളുമായി പുറപ്പെട്ട അസ്ളം അറിഞ്ഞിരുന്നില്ല ഇത് തന്റെ മടങ്ങിവരാനാവാത്ത യാത്രയാണന്ന്. സൂപ്പര്‍ മാര്‍ക്കറ്റിലെ സഹപ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും ഇനിയും ഇൌ സത്യവുമായി പൊരുത്തപ്പെടാനായിട്ടില്ല. ഇദ്ദേഹത്തോടൊപ്പം ഭാര്യസഹോദരിയുടെ ഭര്‍ത്താവും യാത്ര ചെയ്തിരുന്നു. നീലേശ്വരം അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് ടി.ടി.വി.ഭാസ്ക്കരനും, ഭാര്യ കോമളവല്ലിയും ദുബായിലുളള മക്കളെ സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് ദുരന്തം സംഭവിച്ചത്. ദുബായിലെ മൂന്ന് വിമാനത്താവളങ്ങളില്‍ ഏറ്റവും ചെറിയ വിമാനത്താവളമായ ടെര്‍മിനല്‍ 2 ല്‍ നിന്ന് ശനിയാഴ്ച വെളുപ്പിന് 1.15 ന് തന്നെ വിമാനം പറന്നുയര്‍ന്നിരുന്നു. യു.എ.ഇ യില്‍ വെളളിയും ശനിയും വാരാന്ത്യ അവധി ആയതിനാല്‍ ഇൌ ദിവസങ്ങളില്‍ ഇൌ റൂട്ടില്‍ പൊതുവെ തിരക്കായിരിക്കും. വെളളിയാഴ്ച രാത്രി ഇതേ വിമാനം മംഗലാപുരത്ത് പോയി തിരിച്ചുവന്നിരുന്നു. അന്ന് തന്നെ ഉച്ചക്ക് ഐ.എക്സ് 384 വിമാനം ദുബായില്‍ നിന്നും പുറപ്പെട്ട് 6.15 ന് മംഗലാപുരത്ത് എത്തിച്ചേര്‍ന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെ ശനിയാഴ്ച പുറപ്പെട്ട വിമാനമാണ് ദുരന്തത്തില്‍പ്പെട്ടത്. ആഴ്ചയില്‍ എല്ലാ ദിവസവും എയര്‍ഇന്ത്യ എക്സ്പ്രസ് ദുബായില്‍ നിന്നും മംഗലാപുരം ബാജ്പെ വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ബുധന്‍, വ്യാഴം, വെളളി ദിവസങ്ങളില്‍ രണ്ട് സര്‍വ്വീസുകള്‍ വീതമാണുളളത്. യാത്രാ നിരക്കില്‍ മറ്റ് വിമാന കമ്പനികളേക്കാള്‍ രണ്ടായിരം രൂപയോളം കുറവുളളതിനാല്‍ സാധാരണക്കാരായ തൊഴിലാളികളും ഇടത്തരക്കാരും ഇൌ സര്‍വീസിനെയാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഒന്നോ രണ്ടോ മാസം മുന്‍കൂറായി ബുക്ക് ചെയ്താല്‍ വീണ്ടും രണ്ടായിരത്തോളം രൂപ കുറവ് വരും. 2006 ല്‍ ബാജ്പെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് മംഗലാപുരത്തും പരിസര പ്രദേശത്തുമുളള മലയാളികളും കര്‍ണ്ണാടക സ്വദേശികളും കോഴിക്കോട്, ബാംൂര്‍, മുംബൈ എന്നീ വിമാനത്താവളങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. രണ്ട് വര്‍ഷം മുമ്പാണ് ദുബായില്‍ നിന്ന് മംഗലാപുരത്തേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വ്വീസ് ആരംഭിച്ചത്. ഷാര്‍ജ, അബുദാബി, മസ്കറ്റ്, ദോഹ, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കും ബാജ്പെ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്.

ലേഖനം: റിയാലിറ്റി ഷോകള്‍ക്ക് ഒരു നെഗറ്റീവ് വോട്ട്









. കഴിവിന് പകരം ചിലപ്പോള്‍ പണവും മറ്റ് ചിലപ്പോള്‍ ദാരിദ്യ്രവും ശാരീരിക വൈകല്യവുമൊക്കെ വിജയിയെ നിര്‍ണയിക്കുന്നു
. രാഖിയെ കല്യാണം കഴിക്കാന്‍ 12000 പേര്‍! ഒടുവില്‍ ആരേയും വരിച്ചില്ല
. ഭര്‍ത്താവിനെ വഞ്ചിച്ചിട്ടുണ്ടെന്ന് പരസ്യമായി പറഞ്ഞാല്‍ ഒരു കോടി

പ്രശസ്ത ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയോട് ഒരു ടിവി അഭിമുഖത്തില്‍ ചോദിച്ച ചോദ്യം ഇങ്ങനെ. '' അങ്ങ് എന്താണ് റിയാലിറ്റി ഷോയില്‍ ജഡ്ജായി പോകാന്‍ വിസമ്മതിക്കുന്നത്? ''
അതിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ''വിധികര്‍ത്താവായി പോയാല്‍ നാം മികച്ചതെന്ന് കരുതുന്ന കുട്ടികള്‍ക്ക് സമ്മാനം ലഭിക്കണം. നമ്മളുടെ നിയന്ത്രണത്തിലല്ലാതെ നാട്ടുകാരുടെ വോട്ടില്‍ വിജയിക്കുന്ന കുട്ടികള്‍ യഥാര്‍ത്ഥ വിജയി ആകണമെന്നില്ല''.
ഇവിടെ നിന്ന് തുടങ്ങുന്നു റിയാലിറ്റി ഷോകള്‍ക്ക് എതിരെ ശരാശരി പ്രേക്ഷകന്‍ നല്‍കുന്ന നെഗറ്റീവ് വോട്ടുകള്‍. ലക്ഷകണക്കിന് രൂപയും ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ പിന്തുണയും ഉണ്ടെങ്കില്‍ ഏത് ശരാശരിക്കാരനേയും സംഗീത സാമ്രാട്ടോ നൃത്തസാമ്രാട്ടോ ആക്കി മാറ്റാന്‍ ആകുമെന്ന് തിരുവനന്തപുരം നഗരത്തിലെ ഒരു പത്രപ്രവര്‍ത്തകന്‍ പറയുമ്പോള്‍ നമ്മളുടെ സംശയങ്ങള്‍ ബലപ്പെടുന്നു. പണം നല്‍കിയാല്‍ എത്ര ലക്ഷം എസ്.എം.എസ് വോട്ടുകള്‍ വേണമെങ്കിലും ചെയ്യിക്കാന്‍ കഴിവുളള ഇവന്റ് മാനേജ്മെന്റ് കമ്പനികള്‍ നമ്മുടെ രാജ്യത്ത് ഉണ്ടത്രെ.
ദാരിദ്യ്രം, അംഗവൈകല്യം എന്നിവയുണ്ടെങ്കില്‍ വിജയ സാധ്യത രണ്ടിരട്ടിയാണത്രെ. അടുത്തിടെ സംഗീത റിയാലിറ്റി ഷോയില്‍ അംഗവൈകല്യമുളള ഒരാള്‍ക്ക് വിധികര്‍ത്താക്കള്‍ കൊടുത്ത മാര്‍ക്ക് വളരെ വളരെ കുറവായിരുന്നു. അതേ സമയം എസ്.എം.എസ് വോട്ടുകളിലൂടെ അയാള്‍ക്ക് ലഭിച്ചത് മറ്റെല്ലാ മത്സരാര്‍ത്ഥികള്‍ക്കും ലഭിച്ച വോട്ടുകള്‍ ഒരുമിച്ച് കൂട്ടിയാല്‍ ലഭിക്കുന്നതിലും അധികമായിരുന്നുവത്രെ. ദാരിദ്യ്രത്തിന്റെ കാര്യവും ഏതാണ്ട് ഇങ്ങനെതന്നെ. യഥാര്‍ത്ഥത്തില്‍ അര്‍ഹതയല്ല മറിച്ച് അനുകമ്പയാണ് വോട്ട് ലഭിക്കാനുളള മാനദണ്ഡമാകുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പൊടിപൊടിക്കുന്ന റിയാലിറ്റി ഷോകള്‍ പലതും നമ്മെ ഞെട്ടിക്കുന്നതും സാമാന്യ ബുദ്ധിക്ക് നിരക്കാത്തതും ചെറുപ്പക്കാരെ വഴി തെറ്റിക്കുന്നതുമാണ്. മത്സരിക്കുന്ന ചെറുപ്പക്കാരും ആസ്വദിക്കുന്നവരും മനുഷ്യ പ്രയത്നം ദുര്‍വിനിയോഗം ചെയ്ത് രാജ്യത്തെ നിര്‍ജീവമാക്കികൊണ്ടിരിക്കുന്നു.

മൂന്നാംകിട നടിയെ വിവാഹം കഴിക്കാന്‍ സ്വയംവര മാമാങ്കം സംഘടിപ്പിച്ച് റേറ്റിംഗ് കൂട്ടുന്ന ടിവി ചാനലും അവിഹിത ബന്ധത്തിന്റെ മേനി പരസ്യമായി വിളിച്ച് പറഞ്ഞ് പോളിഗ്രാഫ് ടെസ്റ്റിലൂടെ കോടികള്‍ നേടാനെത്തുന്ന റിയാലിറ്റി ഷോകളും ഇന്ന് സജീവം.
സംഗീത പരിപാടികള്‍ ഉള്‍പ്പടെയുളള റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത് പഠനവും ജോലിയും പണവും നഷ്ടപ്പെടുത്തിയവരും മാനസികമായി തകര്‍ന്നവരും നിരവധി. അഗ്നിപ്രഭ കണ്ട് അതിലേക്ക് ആകൃഷ്ടരാകുന്ന ഇൌയാംപാറ്റകളെ പോലെ പലരും റിയാലിറ്റി ഷോകള്‍ ഒരുക്കുന്ന കെണിയില്‍ എരിഞ്ഞ് ഇല്ലാതാകുന്നു. ജൂറി അംഗങ്ങളുടെ വിമര്‍ശനം ഏറ്റുവാങ്ങി മാനസികമായി തകര്‍ന്ന് പോയവര്‍, മദ്യത്തിലും മയക്കുമരുന്നിലും അഭയം തേടിയവര്‍ ഇങ്ങനെ സ്വയം നഷ്ടപ്പെടുന്ന പുതു തലമുറയുടെ എണ്ണം പെരുകുകയാണ്. കുറഞ്ഞ ചിലവില്‍ മാസങ്ങള്‍ നീളുന്ന ഒരു പരിപാടി റിയാലിറ്റി ഷോയുടെ പേരില്‍ തട്ടിക്കൂട്ടുമ്പോള്‍ ചാനലുകള്‍ ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കാറില്ല. മറിച്ച് പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ ആയിരങ്ങള്‍ ഒാരോ തവണയും മുടക്കേണ്ടി വരുന്നു. യാത്ര, വസ്ത്രം, സ്റ്റേജ് സെറ്റിംഗ്, പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റ് സഹ താരങ്ങളുടെ ചിലവ്, പരിശീലനം നല്‍കുന്നവരുടെ ചിലവ് എന്നിങ്ങനെ സാമ്പത്തിക ബാധ്യതകള്‍ ഏറെയാണ്. ചാനലുകള്‍ക്ക് പരസ്യവും എസ്.എം.എസിലൂടെ ലഭിക്കുന്ന വരുമാനവും ലാഭം.
ഇന്ത്യയിലെ വിവിധ ചാനലുകളുടെ കാര്യം അവിടെ നില്‍ക്കട്ടെ. കേരളത്തില്‍ മാത്രം എത്ര മലയാളം ചാനലുകള്‍ ഉണ്ട്? പ്രചാരം കൂടിയതും അല്ലാത്തതുമായ ഇൌ ചാനലുകളില്‍ മിക്കതും റിയാലിറ്റി ഷോകള്‍ പൊടിപൊടിക്കുന്നു. സംഗീതം, നൃത്തം തുടങ്ങി ഇപ്പോള്‍ എന്തിനും ഏതിനും റിയാലിറ്റി ഷോയാണ്. കുട്ടികള്‍ക്ക് പുറമെ പ്രായമായവരും എന്തിന് വൃദ്ധര്‍ പോലും മത്സരങ്ങളില്‍ മാറ്റുരക്കുന്നു. ഒാരോ മത്സരത്തിലും ശരാശരി അയ്യായിരം പേര്‍ പങ്കെടുക്കുന്നുണ്ടത്രെ. ചില മത്സരങ്ങളില്‍ നാല്‍പ്പതിനായിരം പേര്‍ വരെ മത്സരിക്കാന്‍ എത്തിയതായി ചാനലുകാര്‍ മേനി നടിക്കുന്നു.
ജൂനിയറും സീനിയറും ഒക്കെയായി എത്രലക്ഷം ഗായകരും നര്‍ത്തകരും നമുക്കുണ്ടാകും? ഇനി മത്സരിക്കാന്‍ തയ്യാറെടുക്കുന്നവരെ കൂടി നോക്കുമ്പോള്‍ കേരളം ഗായകരെ കൊണ്ടും നര്‍ത്തകരെ കൊണ്ടും നിറയുകയാണോ എന്ന് സംശയം ബാക്കി. ഇത്രയും ഗായകരും നര്‍ത്തകരും നമുക്ക് ആവശ്യമാണോ?
'' നല്ല ശബ്ദമാണ്, ഭാവിയുണ്ട്, പാട്ട് പഠിക്കണം....'' എന്നൊക്കെയുളള ജൂറി അംഗങ്ങളുടെ പ്രലോഭനങ്ങളില്‍ വീഴുന്നവരുടെ ഭാവി പിന്നീട് എന്താകും? എസ്.എം.എസിലൂടെ വോട്ട് തെണ്ടാന്‍ പരിശീലിപ്പിക്കുന്ന ചാനലുകള്‍ അവരെ തെരുവ് തെണ്ടികളും തെരുവ് ഗായകരുമാക്കാനുളള ശ്രമമാണോ നടത്തുന്നത്? എന്‍ജിനീയറിംഗിനും മെഡിസിനുമൊക്കെ പഠിക്കുന്ന സമര്‍ത്ഥരായ കുട്ടികള്‍ ഉള്‍പ്പടെയുളളവരാണ് പെട്ടെന്ന് പണവും പ്രശസ്തിയും നേടാമെന്ന പ്രതീക്ഷയുടെ മോഹവലയത്തില്‍പ്പെട്ട് എരിഞ്ഞടങ്ങുന്നത്. അവസാന റൌണ്ടുകളില്‍ വന്ന ചിലര്‍ ഒഴികെ ബാക്കിയുളളവരുടെ ഭാവി ഇപ്പോള്‍ എന്താണ്. അവര്‍ എന്ത് ചെയ്യുന്നു? ഇവ ആശങ്കപ്പെടുത്തുന്ന ചോദ്യങ്ങളാണ്. പഠനവും പണവും ജീവിതത്തില്‍ സുപ്രധാനമായ നിരവധി വര്‍ഷങ്ങളും ഇവര്‍ നഷ്ടപ്പെടുത്തിയതായി പിന്നീട് പരിതപിക്കുന്നുണ്ടാകും. സാധാരണക്കാരായ മാതാപിതാക്കളെ സാമ്പത്തികമായി പ്രയാസത്തിലാക്കുന്ന മത്സരമാണിത്. ഭാഗ്യക്കുറി കച്ചവടത്തിന്റെ മനശാസ്ത്രമാണ് ഇവിടേയും പയറ്റുന്നത്. കുറച്ച് മുടക്കിയാല്‍ കോടികള്‍ നേടാമെന്ന പകിടകളിയുടെ ദുരയാണിത്.
കേരളത്തില്‍ നമുക്ക് എത്ര ഗായകര്‍ വേണ്ടിവരും? സാമ്പത്തിക ശാസ്ത്രത്തിലെ ഡിമാന്‍ഡ് ആന്റ് സപ്ളൈ എന്ന തത്വമനുസരിച്ച് ഗായകരുടെ 'ഉത്പാദന'വും വിതരണവും വളരെ കൂടുതലാണ്. ആവശ്യക്കാര്‍ കുറവും. ഇൌ ചെറുപ്പക്കാര്‍ ഭാവിയില്‍ എന്ത് തൊഴില്‍ ചെയ്ത് ജീവിക്കുമെന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു. എല്ലാ വീട്ടിലും ഒരു ഗായകനോ ഗായികയോ ഉണ്ടെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. ജന്മസിദ്ധമായി സംഗീത അഭിരുചിയുളള യഥാര്‍ത്ഥ പ്രതിഭകള്‍ മാത്രം നമുക്ക് മതിയെന്ന് പറയാന്‍ ധൈര്യമുളള ഒരു സമൂഹം ഇന്നിവിടില്ല. എല്ലാം നല്ലത്, വളരെ നല്ലത് എന്ന് പറഞ്ഞ് പുറം ചൊറിഞ്ഞുകൊടുക്കുന്ന സംസ്കാരമാണ് നമുക്ക് പ്രിയപ്പെട്ടത്.
പ്രകൃതിയിലെ ശബ്ദങ്ങളാണ് യഥാര്‍ത്ഥ സംഗീതമെന്ന് മഹാന്മാരായ സംഗീതജ്ഞര്‍ പറയുന്നു. പക്ഷികളുടെ പാട്ടിനും പുഴയുടെ പ്രവാഹത്തിനും മരങ്ങളുടെ മര്‍മ്മരങ്ങള്‍ക്കും മഴയുടെ താളത്തിനും 'സംഗതി'കള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ അത് മനുഷ്യന്‍ പിന്നീട് കണക്ക് കൂട്ടി എഴുതിച്ചേര്‍ത്തതാണ്. ആത്മാവില്‍ നിന്ന് അനര്‍ഗളമായി ഒഴുകുന്ന സംഗീതത്തിന് ശാസ്ത്രീയതയുടേയും സാങ്കേതികതയുടേയും 'ഹാങ് ഒാവറു'കള്‍ പാടില്ല.
മലയാളി മുമ്പ് സംഗീതം കേട്ടിരുന്നതും ആലപിച്ചിരുന്നതും ആസ്വദിക്കാനാണ്. ഇപ്പോള്‍ സംഗീതാസ്വാദനം വിമര്‍ശിക്കാന്‍ വേണ്ടി മാത്രമായിരിക്കുന്നു. റിയാലിറ്റി ഷോയിലെ ജൂറിമാരുടെ പാണ്ഡിത്യം കേട്ട് നാമും മുറി വിദ്വാന്മാരാകുന്നു. അതോടെ സംഗീതം ആസ്വദിക്കാനുളള ആത്മാവ് നമുക്ക് നഷ്ടപ്പെടുന്നു. ഏത് പാട്ട് കേട്ടാലും അതിലെ കുറ്റം കണ്ടുപിടിക്കാനുളള ശ്രമമാണ് ഇപ്പോള്‍ ഉളളത്. പൊതുവെ ദോഷൈകദൃക്കുകളായ മലയാളികള്‍ക്ക് ഇപ്പോള്‍ വീണ് കിട്ടിയ ഒരു അപൂര്‍വ അവസരമാണ് ഇൌ സംഗീത വിമര്‍ശനം. പാട്ടിനെ കീറി മുറിക്കുന്ന അരസികരായ അറവുകരായി നാം മാറിയിരിക്കുന്നു.
റിയാലിറ്റി ഷോകളില്‍ എത്തി മക്കള്‍ തങ്ങളുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി പ്രണയവിവാഹിതരാകുന്നതും മറ്റ് തലങ്ങളില്‍ സാംസ്കാരികമായി അധപതിക്കുന്നതും കണ്ട് തകര്‍ന്ന് പോയ മാതാപിതാക്കളുടെ എണ്ണം അനുദിനം പെരുകുകയാണ്.
എല്ലാ മത്സരങ്ങളും പരസ്പരം വെറുപ്പുളവാക്കുന്നു എന്ന സാമാന്യ സത്യം കൂടി ഇവിടെ ഒാര്‍ക്കണം. സംഗീതവും നൃത്തവുമൊക്കെ സ്നേഹമാകണം, ആര്‍ദ്രമാവണം, സ്വാഭാവികമാവണം. ഇതാണ് നമുക്ക് നഷ്ടമാകുന്നത്. ആത്മാവ് നഷ്ടപ്പെട്ട അസംഖ്യം ഗായകരും നര്‍ത്തകരും ആസ്വാദകരുമുളള ഒരു സമൂഹമായി നാം മാറുമോ?
. രാഖിയും ചാനലും നാട്ടുകാരെ പറ്റിച്ചതെങ്ങനെ?
'രാഖി കാ സ്വയംവര്‍' എന്ന പേരില്‍ എന്‍.ഡി ടിവി നടത്തിയ ഒരു റിയാലിറ്റി ഷോയിലൂടെ രാഖി സാവന്ത് എന്ന 'ഐറ്റം ഗേള്‍' ഭാവി വരനെ കണ്ടെത്തി. 12,000 അപേക്ഷകരില്‍ നിന്നാണ് 16 പേരെ ഫൈനലിലേക്ക് തെരഞ്ഞെടുത്തത്. വിവിധ മത്സരങ്ങളില്‍ പങ്കെടുത്തശേഷമാണ് kകനേഡിയന്‍ ബിസിനസുകാരനായ ഇലേഷ് പരിജന്‍വാലയുമായി വിവാഹം 'ലൈവ'ായി ഉറപ്പിക്കുന്നത്. വിവാഹമോതിരം മാറുകയും പൂമാലകള്‍ പരസ്പരം കഴുത്തില്‍ അണിയുകയും ചെയ്ത ശേഷം വിവാഹം ഉടനെ ഉണ്ടാകുമെന്ന് ചാനലുകാരും പ്രതിശ്രുത വധൂവരന്മാരും പ്രഖ്യാപിച്ചു. എന്നാല്‍ പിന്നീട് ഇരുവരും ഇതില്‍ നിന്നും തന്ത്രപൂര്‍വ്വം പിന്മാറി. വിഢികളായത് ദിവസങ്ങളും മാസങ്ങളും ടിവിക്ക് മുന്നില്‍ മണിക്കൂറുകള്‍ ചിലവിട്ട പ്രേക്ഷകര്‍ മാത്രം. ഇതിന് ശേഷം രാഹുല്‍ മഹാജനുവേണ്ടി വധുവിനെ കണ്ടെത്തുന്ന മത്സരവും നടന്നു. ഡിംപി ഗാംഗുലി ആയിരുന്നു വിജയി ആയത്. ടിവിയില്‍ നാട്ടുകാര്‍ കാണ്‍കെ വിവാഹവും നടന്നു. എന്നാല്‍ മാസങ്ങള്‍ക്കുളളില്‍ ഇരുവരും അടിച്ച് പിരിഞ്ഞു.
ഇതിനൊക്കെ പുറമെ നമ്മുടെ ചെറുപ്പക്കാരുടെ ധാര്‍മികമായ പാപ്പരത്തം വെളിവാക്കുന്ന മത്സരങ്ങള്‍ കൂടിയാണ് ഇവിടെ നടന്നത്. ഒരു ഐറ്റം ഗേളും കാബറെ നര്‍ത്തകിയും മൂന്നാംകിട നടിയുമായ ഒരുവള്‍ക്ക് വേണ്ടിയാണ് 12,000അപേക്ഷകര്‍ ക്യൂ നിന്നത്. പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്തവളാണ് രാഖി എന്നോര്‍ക്കണം. അര്‍ധ നഗ്നയായ ഇവരെ ഒരു പാര്‍ട്ടിക്കിടയില്‍ ഗായകന്‍ ദലേര്‍ മെഹന്തിയുടെ സഹോദരന്‍ ചുംബിച്ചത് വിവാദമായിരുന്നു.
. അവിഹിത ബന്ധത്തെപറ്റി പറഞ്ഞാല്‍ ഒരു കോടി
'സച്ച് കാ സാമ്ന' എന്ന പേരില്‍ സ്റ്റാര്‍ പ്ളസ് ആരംഭിച്ചിരിക്കുന്ന റിയാലിറ്റി ഷോയില്‍ സത്യം മാത്രമേ പറയാവൂ. മത്സരാര്‍ത്ഥിയെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയാനാക്കികൊണ്ടാണ് ഇത്തരമൊരു പരിപാടി അരങ്ങേറുന്നത്. കളളം പറഞ്ഞാല്‍ നുണ തിരിച്ചറിയല്‍ യന്ത്രം അത് വെളിപ്പെടുത്തും. സ്റ്റുഡിയോയിലെ നൂറ് കണക്കിന് പ്രേക്ഷകരുടെ മുന്നില്‍ വച്ചാണ് തികച്ചും സ്വകാര്യവും വ്യക്തിപരവുമായ ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഒരു സ്ത്രീയോട് ചോദിച്ച ചോദ്യങ്ങളുടെ ചില സാമ്പിളുകള്‍ ഇങ്ങനെ.
ഭര്‍ത്താവിനെ വഞ്ചിച്ചിട്ടുണ്ടോ? വിവാഹത്തിന് മുമ്പ് മറ്റ് ബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ടോ? എപ്പോഴെങ്കിലും ഭര്‍ത്താവിനെ വഞ്ചിക്കണമെന്ന് തോന്നിയിട്ടുണ്ടോ? .... ഇങ്ങനെയുളള 21 ചോദ്യങ്ങളുതിര്‍ത്താണ് പൊതുജന സമക്ഷം സ്മാര്‍ത്ത വിചാരം ചെയ്യുന്നത്. ഭര്‍ത്താവിനെ വഞ്ചിച്ചിട്ടില്ലായെന്ന് ഒരു വീട്ടമ്മ പറയുന്നതും പോളിഗ്രാഫ് യന്ത്രം അത് നുണയാണെന്ന് സ്റ്റുഡിയോയിലെ വന്‍ സ്ക്രീനിലൂടെ വിളിച്ച് പറയുന്നതും കാണാനിടയായി. തലയില്‍ കൈവച്ചിരിക്കുന്ന ഭര്‍ത്താവിന്റേയും 'അല്ല, അല്ല ഞാന്‍ പറഞ്ഞത് സത്യമാണ്' എന്ന് പരിതപിക്കുന്ന വീട്ടമ്മയുടേയും മുഖം സ്ക്രീനില്‍ നിറയുമ്പോള്‍ പരിപാടി ഒരു കൊമേഴ്സ്യല്‍ ബ്രേക്കിലേക്ക് നീളുന്നു. ഒരു കോടി ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇൌ മത്സരത്തില്‍ സ്വയം ബലിയാടാകാന്‍ വേണ്ടി എത്തിയവരായിരിക്കണം സാധാരണക്കാരായ ഇവര്‍. എങ്കിലും മനുഷ്യന് എത്രത്തോളം സ്വയം മലിനമാകാനാകും എന്നതിന്റെ ഒരുദാഹരണം കൂടിയാണിത്. ഇനി ഒരു സംശയം കൂടി ബാക്കി. ഇത്തരമൊരു മത്സരത്തില്‍ പങ്കെടുത്ത് അഗ്നി ശുദ്ധി വരുത്തിയില്ലെങ്കില്‍ നിന്നെ സ്വീകരിക്കില്ലായെന്ന് ഒരു ഭര്‍ത്താവ് ഭാര്യയോട് ആവശ്യപ്പെട്ടാല്‍ അത് ഒരു അഭിനവ സീതാകാവ്യമായി മാറും. പണ്ട് രാമനുവേണ്ടി സീത അഗ്നിശുദ്ധി വരുത്തിയെങ്കില്‍ ഇന്ന് പോളിഗ്രാഫ് കസേരയില്‍ ഇരിക്കേണ്ടി വരുന്നു എന്ന് മാത്രം. സ്വയംവരവും അഗ്നിശുദ്ധിയും ഒക്കെയായി ആര്‍ഷഭാരത സംസ്കാരം നാം തിരിച്ചുകൊണ്ടുവരികയാണ്. ഭാരത് മാതാ കീ ജയ്.

ലേഖനം: വരാനിരിക്കുന്നത് വറുതിയുടെ കാലം

2008 ന് പടിയിറക്കം. ഒാരോ ഇറക്കങ്ങളും മറ്റൊന്നിലേക്കുളള തുടര്‍ച്ചയാണ്. കയറ്റത്തിലേക്കോ സമതലത്തിലേക്കോ കൂടുതല്‍ ആഴങ്ങളിലേക്കോ ഉളള യാത്രയുടെ തുടര്‍ച്ച. ഇൌ ദശാസന്ധിയില്‍ നില്‍ക്കുന്ന പ്രവാസിയുടെ യാത്ര ഇനി എങ്ങോട്ട്? കവടി നിരത്തി ഗ്രഹനിലയുടെ അനന്തവും അജ്ഞാതവുമായ സമസ്യകള്‍ പൂരിപ്പിച്ച് ഭാവി പ്രവചിക്കുകയല്ല ഇവിടെ. സാമ്പത്തിക ശാസ്ത്രത്തിന്റേയും രാഷ്ട്രമീമാംസയുടേയും മൂശയില്‍ നിര്‍വചനങ്ങള്‍ ഉരുക്കിയൊഴിച്ച് പാണ്ഡിത്യ വ്യാഖ്യാനങ്ങള്‍ നിരത്തുകയുമല്ല. ഒരു ശരാശരി പ്രവാസിയുടെ ആശങ്കകളും അന്വേഷണങ്ങളുമാണിവിടെ.
തീര്‍ച്ചയായും പ്രവാസികള്‍ക്ക് മൊത്തത്തിലും , ഗള്‍ഫ് പ്രവാസികള്‍ക്ക് പ്രത്യേകിച്ചും പ്രതിസന്ധിയുടെ ദിനങ്ങളാണ് വരാനിരിക്കുന്നത്. ലോക സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ എണ്ണവില തകര്‍ച്ചയും ഗള്‍ഫ് മേഖലയെ പിടിച്ചുലക്കും എന്നത് തീര്‍ച്ച. ആവശ്യത്തിന് പണമില്ലാതെ പദ്ധതികള്‍ പലതും ആരംഭിക്കാന്‍ കഴിയുന്നില്ല എന്ന തിരിച്ചറിവ് ഇപ്പോള്‍ തന്നെ നമുക്ക് ഉണ്ടായിക്കഴിഞ്ഞു. ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും അടിമുടി ഉലഞ്ഞുനില്‍ക്കുന്നു. ബാങ്കുകള്‍ വായ്പ്പ നല്‍കുന്നത് ഏറെക്കുറെ നിര്‍ത്തിക്കഴിഞ്ഞു.തുടങ്ങിയ പദ്ധതികള്‍ പകുതി വഴിയില്‍ ഉപേക്ഷിക്കാന്‍ കുറേപ്പേരെങ്കിലും നിര്‍ബന്ധിതരാകും. പല കമ്പനികളും വ്യാപകമായി ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങി. ഇപ്പോള്‍ തന്നെ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം ഏറിവരുന്നു. ഉയര്‍ന്ന ശമ്പളമുളളവര്‍ക്കാണ് ഇപ്പോള്‍ ജോലി നഷ്ടപ്പെടുന്നതെങ്കിലും 2009 ല്‍ ഇടത്തരക്കാര്‍ക്കും കുറഞ്ഞ ശമ്പളമുളളവര്‍ക്കും തൊഴില്‍ നഷ്ടപ്പെടും. നിര്‍മ്മാണ മേഖലയെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന മരവിപ്പ് വരും മാസങ്ങളില്‍ കൂടുതല്‍ വ്യാപകമാകുമ്പോള്‍ കമ്പനികള്‍ക്ക് ജീവനക്കാരെ പിരിച്ചുവിടുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലാതെ വരും. ക്രമേണ ഇത് മറ്റ് മേഖലകളിലേക്കും ബാധിക്കും. പലരോടും ദീര്‍ഘകാല അവധിക്ക് പോകാന്‍ കമ്പനികള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. ഒാവര്‍ടൈം, ബോണസ് തുടങ്ങിയ അധിക വരുമാന മാര്‍ഗ്ഗങ്ങളില്‍ ഇപ്പോള്‍ തന്നെ കുറവ് വന്നിരിക്കുന്നു. കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യാന്‍ പാശ്ചാത്യര്‍ പോലും മുന്നോട്ട് വരുന്ന സ്ഥിതിയാണിപ്പോള്‍. ഇത് തൊഴില്‍ മേഖലയില്‍ കുറഞ്ഞ വേതനത്തിനും അസംതൃപ്തിക്കും വഴിതെളിക്കും.
ഒാഹരികളിലും മ്യൂച്ചല്‍ ഫണ്ടുകളിലും പണം നിക്ഷേപിച്ചവര്‍ ധനികര്‍ മാത്രമല്ല. സാധാരണക്കാര്‍ പോലും ഇതിലേക്ക് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആകൃഷ്ടരായിട്ടുണ്ട്. ഇവര്‍ക്കൊക്കെ വന്‍ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. തങ്ങളുടെ സര്‍വ്വ സമ്പാദ്യങ്ങളും നഷ്ടപ്പെട്ടവര്‍ നിരവധി. ഗള്‍ഫിലും നാട്ടിലും മോഹവിലക്ക് ഫ്ളാറ്റുകളും വില്ലകളും ഭൂമിയും വാങ്ങിയ പ്രവാസികള്‍ ഇന്ന് വന്‍ പ്രതിസന്ധിയിലാണ്. ഇവ വില്‍ക്കാനോ ഉദ്ദേശിച്ച വിലക്ക് വാടകക്ക് നല്‍കാനോ കഴിയുന്നില്ല. ഗള്‍ഫിലേയും ഇന്ത്യയിലേയും റിയല്‍ എസ്റ്റേറ്റ് കുമിള പൊട്ടിയെന്ന് ഏറെക്കുറെ ഉറപ്പിച്ച് പറയാം. നിര്‍മ്മാണത്തിലിരിക്കുന്ന ഫ്ളാറ്റുകളുടേയും മറ്റും തവണങ്ങള്‍ മുടങ്ങി നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകാതെ പല റിയല്‍ എസ്റ്റേറ്റ് കമ്പനികളും കുഴപ്പത്തിലായിരിക്കുകയാണ്. ഗള്‍ഫിലെ ജീവിത ചിലവ് താങ്ങാനാകാതെ കുടുംബത്തെ നാട്ടിലേക്ക് തിരിച്ചയക്കുന്നവരുടെ എണ്ണം 2009 ല്‍ വളരെ കൂടും. സ്കൂള്‍ അധ്യയന വര്‍ഷം അവസാനിക്കുന്നതോടെ ഇതിന് ആക്കം കൂടും. പ്രവാസികളുടെ തിരിച്ചുപോക്കും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തകര്‍ച്ചയും കുതിച്ചുയര്‍ന്ന വാടക നിരക്കിനെ നിയന്ത്രിക്കാന്‍ സഹായകരമാകും. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിന് മുമ്പ് ഉണ്ടായ കുറഞ്ഞ വാടകയിലേക്ക് തിരിച്ചെത്താന്‍ ഇനിയും വര്‍ഷങ്ങള്‍ എടുക്കുമെന്നാണ് കരുതപ്പെടുന്നത്.
വന്‍കിട സ്ഥപാനങ്ങള്‍ മാത്രമല്ല ചെറിയ സ്ഥാപനങ്ങള്‍ പോലും പ്രതിസന്ധി നേരിടാവുന്ന കാലമാണ് വരുന്നത്. നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെയാവും ഇത് സാരമായി ബാധിക്കുക. ചെയ്ത ജോലിക്ക് പോലും പണം ലഭിക്കാത്ത ഇടത്തരം സ്ഥാപനങ്ങള്‍ സാമ്പത്തികമായി നിശ്ശേഷം തകര്‍ന്നുപോകുന്ന കാഴ്ച ഇപ്പോള്‍ തന്നെ കണ്ടുതുടങ്ങി. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും സ്ഥാപനത്തിന്റെ വാടക കൊടുക്കാനും ഇല്ലാതെ വിഷമിക്കുന്നവര്‍ നിരവധി. തൊഴില്‍ സമരങ്ങളും ഇൌ മേഖലയിലെ അസ്വസ്ഥതകളും ധാരാളമായി ഉണ്ടായേക്കാം. പണം ലഭിക്കാതെ കേസും വഴക്കുമായി ജീവിതം തളളി നീക്കുന്നവരുടെ എണ്ണവും കൂടും.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിനുളള തകര്‍ച്ച മൂലം പ്രവാസികളുടെ വരുമാനത്തില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായതാണ് ഇൌ കാലയളവിലെ ഏക ആശ്വാസം. 15 മുതല്‍ 20 ശതമാനം വര്‍ദ്ധനവാണ് ഇൌ രംഗത്തുണ്ടായിരിക്കുന്നത്. നാട്ടിലേക്ക് പണം അയക്കുന്നവര്‍ക്ക് കൂടുതല്‍ രൂപ ലഭിച്ചതോടെ ആ തുക ആഡംബരങ്ങള്‍ക്കായി ചിലവിടുന്നതും കൂടുന്നുണ്ട്. രൂപയുടെ മൂല്യം ഇടിയുന്നത് നാട്ടില്‍ വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. സാധനങ്ങളുടെ വില വര്‍ദ്ധിക്കാന്‍ ഇത് ഇടയാക്കും. സാമ്പത്തിക പ്രതിസന്ധിയുടെ ഇൌ കാലഘട്ടത്തില്‍ ഒാരോ ചില്ലിക്കാശും കരുതലോടെ നിക്ഷേപിക്കേണ്ടതുണ്ട്.
ഇൌ ക്ഷാമകാലത്തേക്കാള്‍ രൂക്ഷമായ ക്ഷാമകാലമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന തിരിച്ചറിവ് ഒാരോ പ്രവാസിക്കും ഉണ്ടാകണം. ധാരാളിത്വത്തിന് പ്രസിദ്ധരാണ് ഗള്‍ഫ് മലയാളികള്‍. തങ്ങളുടേയും കുടുംബത്തിന്റേയും ഭാവിക്ക് വേണ്ടി പരമാവധി കരുതിവയ്ക്കാന്‍ ശ്രമിക്കേണ്ടുന്ന ഒരു കാലമാണ് വരുന്നത്. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ അവസ്ഥ അതീവ ഗുരുതരമാണ്. നാട്ടിലെ വേരുകള്‍ നഷ്ടപ്പെട്ട അവര്‍ ഒാരോരുത്തരും വരുമാനം ഒന്നുമില്ലാതെ അലയുന്ന കാഴ്ച ഇനിയുളള കാലങ്ങളില്‍ ഏറിവരും. ഉളള സമ്പാദ്യം (ഉണ്ടെങ്കില്‍) ഒന്നോ രണ്ടോ വര്‍ഷത്തിനുളളില്‍ തീരുമ്പോഴേക്കും പ്രവാസിയുടേയും കുടുംബത്തിന്റേയും സാമ്പത്തിക സ്ഥിതി വളരെ മോശമാകും. നാട്ടിലെ സാഹചര്യങ്ങളില്‍ ജോലി ചെയ്യാനോ സ്വന്തമായി വരുമാനം ഉണ്ടാക്കാനോ അറിവില്ലാത്തവരെ ഇൌ പ്രതിസന്ധി രൂക്ഷമായി ബാധിക്കുമെന്ന് തീര്‍ച്ചയാണ്. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കായി നമ്മുടെ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുമെന്ന് കരുതാന്‍ വയ്യ. അതിനാല്‍ നാം സ്വയം വഴി കണ്ടെത്തേണ്ടിയിരിക്കുന്നു. പ്രവാസി സുഹൃത്തുക്കള്‍ ചേര്‍ന്നോ, കൂട്ടായ്മകള്‍ മുന്നിട്ടിറങ്ങിയോ പരിചയമുളള മേഖലയില്‍ സംരഭങ്ങള്‍ ആരംഭിക്കാവുന്നതാണ്. ചെറിയ നിലയില്‍ ഒറ്റക്ക് സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെങ്കില്‍ അതായിരിക്കും ഏറെ നല്ലത്. കാര്‍ഷിക മേഖല, പശുവളര്‍ത്തല്‍ ഉള്‍പ്പെടെയുളള അനുബന്ധ മേഖലകള്‍, ചെറിയ ഉല്‍പ്പാദന യൂണിറ്റുകള്‍ തുടങ്ങിയവയൊക്കെ പ്രവാസികള്‍ക്ക് ആലോചിക്കാവുന്നതാണ്. തൊഴില്‍ ചെയ്യാന്‍ കഴിവും സന്നദ്ധതയുമുളളവര്‍ക്ക് നാട്ടില്‍ ജീവിക്കാന്‍ ഏറെ സാധ്യതകള്‍ ഉണ്ടെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ഗള്‍ഫുകാരനെന്ന മിഥ്യാഭിമാനം ഒഴിവാക്കി നാട്ടില്‍ ചെന്നിറങ്ങുന്നതിന്റെ പിറ്റേ ദിവസം മുതല്‍ തന്നെ തൊഴില്‍ ചെയ്യാനുളള ഒരു മാനസിക നില രൂപപ്പെടേണ്ടിയിരിക്കുന്നു.
ഇറാന്‍, ഇറാഖ്, ഇസ്രായേല്‍, ലബനോന്‍, സിറിയ, പലസ്തീന്‍ തുടങ്ങിയവ ഉള്‍പ്പെടെയുളള രാജ്യങ്ങളിലെ അശാന്തിയും അമേരിക്കന്‍ നിലപാടുകളും ഇൌ മേഖലയെ എത്രത്തോളം അശാന്തമാക്കുമെന്ന് പറയാനാവില്ല. ഏതായാലും സമാധാനപരമായൊരു അന്തരീക്ഷം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് പൊതുവെയുളള വിലയിരുത്തല്‍. ആക്രമണങ്ങളോ യുദ്ധമോ പൊട്ടിപ്പുറപ്പെട്ടാല്‍ സ്ഥിതി ഏറെ വഷളാകും. നിരന്തരം തീവ്രവാദി ആക്രമങ്ങള്‍ കൊണ്ട് രക്തം ചീന്തുന്ന ഒരു മാതൃരാജ്യമാണ് ഇന്ന് നമ്മുടേത്. രാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെ നടുവില്‍ ഇന്ത്യയില്‍ ഒരു പൊതുതെരഞ്ഞെടുപ്പ് 2009 ല്‍ വരാന്‍ പോകുന്നു. രാജ്യത്തെ നയിക്കാന്‍ പ്രാപ്തിയുളള ഒരു നേതൃത്വത്തെ കണ്ടെത്തുന്ന പ്രക്രിയയില്‍ ഇടപെടുകയും തീവ്രവാദത്തിനെതിരെ നിലപാടുകള്‍ എടുക്കുകയും ചെയ്യാന്‍ ഒാരോ പ്രവാസിക്കും പ്രതിജ്ഞാബദ്ധതയുണ്ട്. രാഷ്ട്രീയ അനിശ്ചിത്വങ്ങള്‍ക്കിടയില്‍ ഒന്നിലും ഇടപെടാതെ നമുക്ക് മാത്രം സുഖമായി കഴിയാമെന്ന് കരുതിയാല്‍ അത് തീര്‍ച്ചയായും തെറ്റായ നിലപാടായിരിക്കും.
ഗള്‍ഫ് രാജ്യങ്ങളിലേതിനേക്കാള്‍ രൂക്ഷമായ പ്രതിസന്ധിയാണ് യൂറോപ്പ്യന്‍ രാജ്യങ്ങളിലെ പ്രവാസികള്‍ നേരിടുന്നത്. അമേരിക്കയില്‍ മാത്രം 5.5 ലക്ഷം പേര്‍ക്കാണ് അടുത്തിടെ ജോലി നഷ്ടപ്പെട്ടത്.
പ്രവാസികളുടെ പണത്തെ ആശ്രയിച്ച് കഴിയുന്ന കേരളം പോലുളള ഉപഭോഗ സംസ്ഥാനത്തിലേക്ക് വിദേശപണം ലഭിക്കാതിരിക്കുമ്പോഴുളള സ്ഥിതി ആലോചിക്കാവുന്നതേയുളളൂ. പ്രവാസികളുടെ കൂട്ടത്തോടെയുളള ഒഴിഞ്ഞ് പോക്ക് വരും ദിവസങ്ങളില്‍ അനുഭവപ്പെടാനിരിക്കുന്നതേയുളളൂ. ഇത് കേരളത്തിലെ കുടുംബങ്ങളേയും വിപണിയേയും ഒട്ടാകെ ബാധിക്കും. പല കുടുംബങ്ങളേയും സാമ്പത്തികമായി തകര്‍ക്കും. കേരളത്തിലെ ടൂറിസം, നിര്‍മ്മാണ മേഖല, കച്ചവട സ്ഥാപനങ്ങള്‍, ഹോട്ടല്‍, കയറ്റുമതി മേഖല എന്നിവയൊക്കെ ഇത് സാരമായി ബാധിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോ മാധ്യമങ്ങളോ ഇൌ മേഖലയിലെ തിരിച്ചടികളെപ്പറ്റിയോ സ്വീകരിക്കേണ്ട മുന്‍ കരുതലുകളെപ്പറ്റിയോ ഇനിയും ചിന്തിച്ച് തുടങ്ങിയിട്ടില്ല. ഇവരാരും ചിന്തിച്ചില്ലെങ്കിലും ഇവ ആദ്യം നേരിട്ട് ബാധിക്കുന്നത് നാം പ്രവാസികളെയാണ്. അതിനാല്‍ തന്നെ ഏറെ കരുതലോടെ ഉണര്‍ന്നിരിക്കേണ്ടുന്ന ഒരു വറുതിക്കാലമാണ് ഇനി വരാനിരിക്കുന്നത്. പ്രതിസന്ധികളെ അതിജീവിച്ച പ്രവാസികള്‍ക്ക് ഇതിനേയും അതിജീവിക്കാനാകും എന്ന് തന്നെയാണ് പ്രതീക്ഷ.