Pages

2011 മാർച്ച് 19, ശനിയാഴ്‌ച

ജഡായു തീംപാര്‍ക്കുമായി രാജീവ് അഞ്ചല്‍



ഇല വൃക്ഷത്തിലേക്ക് മടങ്ങുന്നതുപോലെ മത്സ്യം സമുദ്രത്തിലേക്ക് മടങ്ങുന്നതുപോലെ രാജീവ് അഞ്ചല്‍ ശില്‍പ്പകലയുടെ ഉദാത്ത ഭാവങ്ങളിലേക്ക് മടങ്ങുന്നു. 33 വര്‍ഷങ്ങള്‍ക്കുമുമ്പ് മികച്ച ശില്‍പ്പിക്കുളള കേരള ലളിതകലാ അക്കാദമിയുടെ അവാര്‍ഡ് നേടിയ രാജീവ് പിന്നീട് അറിയപ്പെട്ടത് സിനിമയിലെ ആര്‍ട്ട് ഡയറക്ടറായാണ്.

ഞാന്‍ ഗന്ധര്‍വ്വന്‍, അഥര്‍വ്വം ഉള്‍പ്പടെ പത്തോളം ചിത്രങ്ങളില്‍ കലാസംവിധാനം ചെയ്തു. സംസ്ഥാന അവാര്‍ഡുകളും ലഭിച്ചു. തുടര്‍ന്ന് 1986ല്‍ അമ്മാനം കിളിയിലൂടെ സംവിധാന രംഗത്തേക്ക് ചുവടുറപ്പിച്ച രാജീവ് ഇതിനകം തമിഴ്, ഇം�ീഷ്, മലയാളം എന്നീ ഭാഷകളിലായി 11 ചിത്രങ്ങളും 4 ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. മീരാജാസ്മിനും മനോജ്. കെ ജയനും അഭിനയിച്ച പാട്ടിന്റെ പാലാഴിയായിരുന്നു ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. ചിത്രം ബോക്സോഫീസില്‍ വിജയം കണ്ടില്ലെങ്കിലും അതിലെ ഗാനങ്ങളും ദൃശ്യങ്ങളും ഒരു സംവിധായകന്റെ പ്രതിഭ വിളിച്ചോതുന്നതായിരുന്നു. 1997 ല്‍ ഒാസ്കാറിന് ഒൌദ്യോഗിക എന്‍ട്രി ലഭിച്ച 'ഗുരു'വിന്റെ സംവിധായകനില്‍ നിന്ന് പ്രേക്ഷകര്‍ ഇനിയും ഏറെ പ്രതീക്ഷിക്കുന്നുണ്ട്. 'ബിയോണ്ട് ദി സോള്‍' എന്ന ഇം�ീഷ് ചിത്രത്തിലൂടെ ഹോളിവുഡിലും രാജീവ് സാന്നിധ്യം തെളിയിച്ചു. ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇതിന് മികച്ച ചിത്രം, തിരക്കഥ എന്നിവക്കുളള അവാര്‍ഡും തമ്പി ആന്റണിക്ക് ഹോണോലുലു ഫെസ്റ്റിവലില്‍ മികച്ച നടനുളള അവാര്‍ഡും ലഭിച്ചു. നത്തിംഗ് ബട്ട് ലൈഫ്(ഇം�ീഷ്), മെയ്ഡ് ഇന്‍ യുഎസ്എ, പൈലറ്റ്സ്, ഋഷിവംശം, ബട്ടര്‍ഫ്ളൈസ്. തങ്കകൊലുസ്(തമിഴ്) തുടങ്ങിയവയാണ് രാജീവിന്റെ മറ്റ് ചിത്രങ്ങള്‍.

സംവിധാന രംഗത്ത് നില്‍ക്കുമ്പോള്‍ തന്നെ തന്റെ പ്രിയ മേഖലയായ ശില്‍പ്പ നിര്‍മ്മാണം ഒപ്പം കൊണ്ടുനടന്നിരുന്നു. കൊല്ലം ജില്ലയിലെ ചടയമംഗലത്തുളള ജഡായുപാറയില്‍ കഴിഞ്ഞ നാലുവര്‍ഷമായി ഒരു പടുകൂറ്റന്‍ ശില്‍പ്പം നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ് രാജീവ് ഇപ്പോള്‍. സമുദ്രനിരപ്പില്‍ നിന്നും 1000 അടി ഉയരെ 60 ഏക്കറുകളിലായി പരന്നുകിടക്കുന്ന ഇൌ പാറക്ക് രാമായണകഥയിലെ ജഡായുമായി ബന്ധമുണ്ടെന്നാണ് ഐതീഹ്യം. രാവണന്‍ സീതാദേവിയെ പുഷ്പകവിമാനത്തില്‍ തട്ടിക്കൊണ്ടുപോകുമ്പോള്‍ അതിനെ ഗരുഡരാജാവായ ജഡായു തടയുകയും ഘോരമായ യുദ്ധത്തിലേര്‍പ്പെടുകയും ചെയ്തു. ഇൌരേഴ് പതിനാല് ലോകത്തേയും വിറപ്പിച്ച ഇൌ യുദ്ധത്തില്‍ രാവണന്‍ തന്റെ അത്ഭുതശക്തിയുളള ചന്ദ്രഹാസം എന്ന വാളുപയോഗിച്ച് ജഡായുവിന്റെ ചിറക് അരിയുകയുണ്ടായി. ഇൌ പാറപ്പുറത്ത് പതിച്ച ജഡായുവിനെ സീതാദേവിയെ അന്വേഷിച്ച് പോകുന്ന യാത്രയില്‍ രാമന്‍ പിന്നീട് കണ്ടുമുട്ടുകയും മോക്ഷം നല്‍കുകയും ചെയ്തുവെന്നാണ് ഐതീഹ്യം. രാമന്റെ പാദസ്പര്‍ശം പതിഞ്ഞ ജഡായുപാറയും വെട്ടേറ്റുവീണ ചിറകിന്റെ രൂപമുളള പാറയിലെ ദൃശ്യവുമൊക്കെ ഇൌ പ്രദേശത്തിന് ഭക്തിയുടെ നിറച്ചാര്‍ത്ത് നല്‍കുന്നു. രാജാരവിവര്‍മ്മയുടെ പ്രശക്തമായ ഒരു ചിത്രം ഇതിനെ അധികരിച്ച് ഉണ്ടായിട്ടുണ്ട്. ഐതീഹ്യത്തിന് പുറമെ പ്രകൃതിരമണീയമായ ഒരു ദൃശ്യാനുഭവമാണ് ജഡായുപാറ ഏത് സഞ്ചാരിക്കും നല്‍കുന്നത്.
രാജീവ് അഞ്ചലിലൂടെ ഐതീഹ്യം പുനര്‍ജനിക്കുകയാണിവിടെ. 200 അടി നീളവും 150 അടി വീതിയും 70 അടി ഉയരവുമുളള ഒരു കൂറ്റന്‍ ശില്‍പ്പമാണ് പാറയുടെ മുകളില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ശില്‍പ്പങ്ങളിലൊന്നായി ഇത് മാറും. ചിറകറ്റുവീണ ജഡായു ആകാശത്തിലേക്ക് കാലുകള്‍ ഉയര്‍ത്തി കിടക്കുന്ന വികാരതീവ്രമായ ഒരു ശില്‍പ്പമാണ് ഇവിടെ രൂപം കൊളളുന്നത്. ശില്‍പ്പത്തിനുളളിലേക്ക് കടക്കാനും അവിടെ ഒരുക്കിയിരിക്കുന്ന 4ഡി തീയേറ്ററില്‍ ജഡായുവും രാവണനും തമ്മിലുളള യുദ്ധം ചലച്ചിത്രത്തിലൂടെ അനുഭവവേദ്യമാകാനും വിനോദസഞ്ചാരികള്‍ക്ക് അവസരം ലഭിക്കും. മൂന്ന് നിലകളിലായി തയ്യാറായിരിക്കുന്ന ശില്‍പ്പത്തിന്റെ ഉള്‍വശത്ത് ചുവര്‍ ചിത്രങ്ങളും മ്യൂസിയവും ഒരുക്കും. ശില്‍പ്പത്തിനുളളിലൂടെ കടന്ന് കഴുത്തിന്റെ ഭാഗത്ത് എത്തുമ്പോള്‍ അവിടെ ഒരു ദൂരദര്‍ശിനി കണ്ണിന്റെ സ്ഥാനത്ത് ഒരുക്കിയിരിക്കും. ഇതിലൂടെ നോക്കിയാല്‍ 360 ഡിഗ്രിയില്‍ പ്രകൃതിയുടെ അത്യപൂര്‍വ്വമായ സൌന്ദര്യം നുകരാനാകും. വളരെ അകലെയുളള കടലും കരയും ചേര്‍ന്ന ദൃശ്യവിരുന്ന് പോലും ഇതിലൂടെ ലഭ്യമാകും. സിനിമാസംവിധാനത്തിലിടയിലും കഴിഞ്ഞ നാലുവര്‍ഷമായി ഇൌ ശില്‍പ്പത്തിന്റെ നിര്‍മ്മാണത്തിലാണ് താനെന്ന് രാജീവ് പറഞ്ഞു.
'ഒരു ശില്‍പ്പിയായി ഇൌ പദ്ധതിയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതാണ് ഞാന്‍. പിന്നീട് ഇതിനെ ഒരു തീംപാര്‍ക്കായി മാറ്റാന്‍ കേരള സര്‍ക്കാര്‍ എനിക്ക് അനുമതി നല്‍കുകയായിരുന്നു. ഇതോടെ ഉത്തരവാദിത്വം വളരെയേറെ കൂടി.ശില്‍പ്പത്തിന് പുറമെ പാറയിലേക്ക് സാഹസികയാത്ര, റോപ്പ്വേ, ഗുഹക്കുളളിലെ റിസോര്‍ട്ടുകള്‍, ആയുര്‍വേദ കേന്ദ്രങ്ങള്‍, തീയേറ്റര്‍, ഷോപ്പിംഗ് സെന്ററുകള്‍, ചെറിയ ചെറിയ കച്ചവട ശാലകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവയൊക്കെ ഇവിടെ ഒരുക്കാന്‍ ഉദ്ദേശിക്കുന്നു' രാജീവ് വിശദമാക്കി.
ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുളള റോപ്പ്വേ കേരളത്തില്‍ തന്നെ പുതുമയുളള ഒന്നാകും. 20 കോടി രൂപയാണ് ഇതിനായി ചിലവ് വരവുന്നത്. ബി.ഒ.ടി അടിസ്ഥാനത്തില്‍ ഒരു കമ്പനിയുമായി ഇതിന് ധാരണയായിട്ടുണ്ട്. വൈദ്യുതി നിര്‍മ്മാണത്തിന് സൌരോര്‍ജത്തെയാകും ആശ്രയിക്കുക. ഒരു മെഗാവാട്ട് ശേഷിയുളള സൌരോര്‍ജനിലയം, മഴവെളള സംഭരണം, മാലിന്യസംസ്കരണം തുടങ്ങി പരിസ്ഥിതി സൌഹൃദ പദ്ധതിയായിട്ടാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിന് മാത്രം 17 കോടി രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായി യു.എ.ഇയില്‍ ഉളള ഒരു കമ്പനിയുമായി ധാരണാപത്രം ഒപ്പിടാനാണ് താന്‍ ഇവിടെ എത്തിയതെന്ന് രാജീവ് ദുബായില്‍ പറഞ്ഞു. വാക്ക്വേ, ഷോപ്പിംഗ് സെന്ററുകള്‍, തീംപാര്‍ക്ക് തുടങ്ങിയ മേഖലകളിലൊക്കെ നിക്ഷേപസാധ്യതകള്‍ ഉണ്ടെന്ന് അദ്ദേഹമറിയിച്ചു. 'പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ കഴിയുന്ന ലോകോത്തര നിലവാരമുളള ഒരു തീംപാര്‍ക്കായി ഇത് മാറുമെന്നാണ് എന്റെ പ്രതീക്ഷ'. രാജീവ് പറഞ്ഞു.

2011 ഫെബ്രുവരി 20, ഞായറാഴ്‌ച

വിപ്ളവം വരുന്ന വഴി


ടുണീഷ്യക്കും ഇൌജിപ്തിനും ശേഷം മധ്യപൌരസ്ത്യ ദേശങ്ങളിലാകെ വിപ്ളവത്തിന്റെ അലയൊലികള്‍ ഉയരുകയാണ്. ഇൌ രാജ്യങ്ങളിലെ വിപ്ളവ വിജയത്തില്‍ ആവേശം കൊണ്ട ജനങ്ങള്‍ തങ്ങളുടെ രാജ്യത്തും ഭരണകൂടങ്ങളെ അട്ടിമറിക്കാനുളള ശ്രമത്തിലാണ്. ലിബിയ, യെമന്‍, അള്‍ജീരിയ, ബഹ്റിന്‍, ഇറാന്‍, ജോര്‍ദാന്‍, ഒമാന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങള്‍ തെരുവിലിറങ്ങിക്കഴിഞ്ഞു.
ഗള്‍ഫില്‍ അറബ്വംശജരുടെ ഇടയില്‍ ഇതുസംബന്ധിച്ച ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നു. ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ബ്ളോഗുകള്‍ എന്നിവക്ക് പുറമെ ലക്ഷക്കണക്കിന് ഇ മെയില്‍ സന്ദേശങ്ങളാണ് ദിനംപ്രതി അയക്കപ്പെടുന്നത്. ഭരണാധികാരികളുടെ അതിക്രമങ്ങളും അഴിമതിയും വിപ്ളവത്തിനുളള ആഹ്വാനവുമൊക്കെ ഇവയില്‍ ഉള്‍പ്പെടുന്നു. വിപ്ളവം ചില്ലുമേടകളില്‍ നിന്നല്ല മറിച്ച് തെരുവില്‍ നിന്നാണ് രൂപം കൊളളുന്നത് എന്ന പ്രയോഗം അന്വര്‍ത്ഥമാവുകയാണ്. അതേ സമയം വിപ്ളവത്തിനുളള 'ആയുധ'ങ്ങള്‍ ആധുനിക കാലഘട്ടത്തില്‍ മാറിയിരിക്കുന്നു. ഒരു കാലത്ത് ബൂര്‍ഷ്വാ മാധ്യമമെന്ന് കരുതപ്പെട്ടിരുന്ന ഫെയ്സ്ബുക്കും ട്വിറ്ററുമൊക്കെ ഇന്ന് വിപ്ളവോപാധികളായിത്തീര്‍ന്നിരിക്കുന്നു. ഭരണവര്‍ഗ്ഗങ്ങള്‍ക്ക് ഒാശാന പാടിയിരുന്ന പത്രങ്ങള്‍, ടിവി, റേഡിയോ തുടങ്ങിയ മാധ്യമങ്ങള്‍ക്ക് മുഖം നഷ്ടപ്പെട്ട നിലയാണ്. ഇവയെ ജനങ്ങള്‍ തിരസ്കരിച്ചിരിക്കുന്നു.
ഗൂഗിളിന്റെ എക്സിക്യൂട്ടീവ് വായീല്‍ ഗാനിം, ബ്ളോഗറായ അഹമ്മദ് മെഹര്‍ എന്നിവര്‍ ഇൌജിപ്തില്‍ നടത്തിയ പ്രചാരണ പരമ്പരയാണ് വിപ്ളവത്തിന് ചാലക ശക്തിയായത്. ഒരു ലക്ഷത്തിലേറെ ചെറുപ്പക്കാരാണ് ' ഏപ്രില്‍ 6 ലെ യുവമുന്നേറ്റം' എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ അംഗങ്ങളായത്. 32 മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണ് ഇൌ കൂട്ടായ്മ. അല്‍ മഹല്ല അല്‍ കുബ്റയില്‍ തൊഴില്‍ നഷ്ടപ്പെടുന്ന കൈത്തറി ഫാക്ടറിയിലെ തൊഴിലാളികളെ സഹായിക്കാനാണ് 2008 ഏപ്രില്‍ 6 ന് ഇൌ സംഘം രൂപം കൊണ്ടത്. തുടര്‍ന്ന് രാജ്യത്തെ ഭരണാധികാരികള്‍ക്കെതിരെ തിരിയാനുളള ഒരു ആയുധമായി ഇവര്‍ അതിനെ മാറ്റിയെടുത്തു. ഭൂരിപക്ഷ അഭിപ്രായം ഉള്‍ക്കൊണ്ടാണ് കഴിഞ്ഞ ജനുവരി 25 ലെ പ്രക്ഷോഭം പോലും ആരംഭിച്ചതെന്ന് ബ്ളോഗര്‍ അഹമ്മദ് മെഹര്‍ ഒരഭിമുഖത്തില്‍ പറയുകയുണ്ടായി. ഇൌജിപ്തിലെ പോലീസ് ദിനമായി ആഘോഷിക്കുന്ന ജനുവരി 25 ആണ് തങ്ങള്‍ പ്രതിഷേധ ദിനമായി തെരഞ്ഞെടുത്തതെന്ന് മെഹര്‍ പറയുന്നു. സമാധാനപരമായി പോരാട്ടം നയിക്കാന്‍ കഴിഞ്ഞതും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ നിര്‍ദ്ദേശം നല്‍കാന്‍ കഴിഞ്ഞതുകൊണ്ടാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
വിപ്ളവ പ്രക്ഷോഭങ്ങള്‍ നടക്കുന്ന എല്ലാ രാജ്യങ്ങളിലും കൃത്യമായ ഒരു രാഷ്ട്രീയ നേതൃത്വമോ ആശയമോ ഇല്ലാതെയാണ് ജനങ്ങള്‍ തെരുവിലിറങ്ങുന്നത്. ഒരു തത്വശാസ്ത്രത്തിന്റേയും പിന്‍ബലം ഇവര്‍ക്കില്ല. യഥാര്‍ത്ഥ ജനാധിപത്യ പ്രക്രിയയിലൂടെ ഭരണാധികാരികളെ മാറ്റാന്‍ അവസരം കിട്ടാതെ വരുമ്പോഴാണ് ജനങ്ങള്‍ തെരുവിലിറങ്ങുന്നത്. ഇത്തരം ഭരണമാറ്റങ്ങള്‍ക്ക് ശേഷമുണ്ടാകുന്ന ശൂന്യതക്കിടയിലേക്ക് അവസരവാദികളായ സംഘടനകളോ അധികാരി വര്‍ഗ്ഗങ്ങളോ സൈന്യമോ കയറിവന്ന് അധികാരം പിടിച്ചെടുത്തെന്ന് വരാം. വിപ്ളവം റാഞ്ചപ്പെടുന്ന അവസ്ഥ വിപ്ളവാനന്തര കാലഘട്ടത്തില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തന്നെയാണ്. ടുണീഷ്യയിലും ഇൌജിപ്തിലും ഇൌ പ്രശ്നം തുടരുകയാണ്.
ഇക്കാര്യത്തില്‍ പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട് കൌതുകകരമാണ്. അതാത് സമയത്ത് അധികാരത്തിലേറുന്നവരെ പിന്തുണക്കുകയും വേണ്ട ഒത്താശകള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്ന അവസരവാദപരമായ നിലപാടാണ് അമേരിക്ക ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ എടുത്തിരിക്കുന്നത്. ഇൌജിപ്തില്‍ 18 ദിവസം നീണ്ടുനിന്ന പ്രക്ഷോഭങ്ങളില്‍ അമേരിക്കയുടെ നിലപാട് അപഹാസ്യമായിരുന്നു. പ്രക്ഷോഭകാരികള്‍ക്കെതിരെ ആദ്യം നിലപാടെടുത്ത ഇവര്‍ പിന്നീട് ചുവട് മാറ്റി. മുമ്പ് റുമേനിയയില്‍ നിക്കോളാസ് ചെഷസ്ക്യുവിനേയും ഫിലപ്പൈന്‍സില്‍ മാര്‍ക്കോസിനേയും ഇറാനില്‍ ഷായേയും പിന്തുണച്ച അതേ നിലപാട് തന്നെയാണ് അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും തുടരുന്നത്. ഏകാധിപധിയോ ചൂഷകനോ ആരുമാകട്ടെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ നടപ്പാക്കാന്‍ വേണ്ടി പിന്തുണ നല്‍കുകയും ചൂഷണം തുടരുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് ഇവിടേയും തുടരുന്നത്. അധികാരികള്‍ക്ക് പിന്തുണ നല്‍കുന്ന മാധ്യമങ്ങളും ഇതേ നിലപാട് തന്നെ സ്വീകരിക്കുന്നു. ഇസ്രയേലും ഇൌജിപ്തും തമ്മിലുളള കരാര്‍ റദ്ദാവുമോ എന്ന ആശങ്കയായിരുന്നു അമേരിക്കന്‍ അനുകൂല ടെലിവിഷന്‍ ചാനലായ ഫോക്സ് ന്യൂസിന് ദിവസങ്ങളോളം പ്രകടിപ്പിക്കാന്‍ ഉണ്ടായിരുന്നത്. അതേസമയം ഇൌജിപ്തില്‍ നടന്നത് ഇസ്ളാമിക വിപ്ളവമാണെന്ന് ഇറാനിയന്‍ ടിവി അവകാശപ്പെട്ടു. ഭേദപ്പെട്ട റിപ്പോര്‍ട്ടിംഗ് നടത്തിയ അല്‍ ജസീറ പോലെയുളള ചാനലുകള്‍ക്ക് സംപ്രേക്ഷണ അവകാശം നിക്ഷേധിക്കപ്പെടുകയും ചെയ്തു.
കലങ്ങിമറിയുന്ന മധ്യപൌരസ്ത്യ രാജ്യങ്ങളില്‍ ജനാധിപത്യത്തിന്റെ വേരോട്ടം ഉണ്ടാകാന്‍ ഏറെനാള്‍ എടുക്കില്ലാ എന്ന സൂചനകളാണ് നിരത്തിലിറങ്ങുന്ന ജനങ്ങളുടെ എണ്ണത്തില്‍ നിന്ന് മനസിലാകേണ്ടത്. എന്നാല്‍ ടുണീഷ്യയിലേയും ഇൌജിപ്തിലേയും പോലെ അത് അത്ര എളുപ്പമാകില്ല. നൂറ് കണക്കിനാളുകള്‍ ഇതിനകം രക്തസാക്ഷികളായി കഴിഞ്ഞു. രാജ്യത്തിന്റെ പൊതുനന്മക്കായി ജീവന്‍ നല്‍കാന്‍ തയ്യാറായ ഇവരുടെ ചോരയില്‍ നിന്നാകും ഇനി ഒരു പുതുവസന്തം ഉയരുക.

2011 ജനുവരി 30, ഞായറാഴ്‌ച

ടുണീഷ്യക്ക് പിന്നാലെ ഇൌജിപ്തും

മിഡില്‍ഇൌസ്റ്റില്‍ നിരവധി രാജ്യങ്ങളിലെ രാഷ്ട്രീയം കലങ്ങിമറിയുകയാണ്. അധികാരത്തിന്റെ കോട്ടകൊത്തളങ്ങള്‍ പലതും വിറച്ചുതുടങ്ങി. ചിലത് തകര്‍ന്നുവീണു. മറ്റ് ചിലത് ഏത് നിമിഷവും തകരാവുന്ന സ്ഥിതിയിലാണ്. ടുണീഷ്യക്ക് പിന്നാലെ ഇൌജിപ്തും വന്‍ ജനകീയ പ്രക്ഷോഭത്തിന്റെ തീച്ചൂളയിലാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോ പ്രതിപക്ഷങ്ങളോ അല്ല ഇൌ പ്രക്ഷോഭങ്ങളെ നയിക്കുന്നതെന്നതാണ് കൌതുകകരം. എല്ലാ അര്‍ത്ഥത്തിലും ഭരണകൂടത്തെ തകര്‍ത്തെറിയാന്‍ ജനങ്ങള്‍ തെരുവിലിറങ്ങുന്ന കാഴ്ചയാണ്് ടുണീഷ്യയിലും ഇൌജിപ്തിലും കണ്ടത്. അള്‍ജീരിയ, മൊറോക്കൊ, യെമന്‍, ജോര്‍ദാന്‍, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളും പ്രക്ഷോഭത്തിന്റെ പാതയിലേക്ക് ഇറങ്ങിതുടങ്ങി. ജനങ്ങളെ മറന്ന നേതൃത്വങ്ങള്‍ പലതും ഭയന്ന് വിറച്ച അവസ്ഥയിലാണ്. തെരുവില്‍ പഴക്കച്ചവടം ചെയ്തിരുന്ന അഭ്യസ്ഥവിദ്യനായ തൊഴില്‍ രഹിതന്‍ മുഹമ്മദ് ബുവാസിസിയുടെ കച്ചവട സാധനങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് അയാള്‍ സര്‍ക്കാര്‍ സ്ഥാപനത്തിന് മുന്നില്‍ സ്വയം തീകൊളുത്തി അഗ്നിക്കിരയായി. ടുണീഷ്യയിലെ ഭരണമാറ്റത്തിന് അഗ്നിജ്വാലയായത് ഇൌ ആത്മഹത്യയാണ്. തുടര്‍ന്ന് നടന്ന ജനകീയ പ്രക്ഷോഭത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഒടുവില്‍ 23 വര്‍ഷം രാജ്യം ഭരിച്ച സൈനുല്‍ അബ്ദീന്‍ ബന്‍ അലിയും പരിവാരങ്ങളും രാജ്യം വിട്ടോടി. താല്‍ക്കാലിക അധികാരമേറ്റ പ്രധാനമന്ത്രി മുഹമ്മദ് ഗനൂച്ചിയുടെ നേതൃത്വത്തിലുളള ഭരണകൂടം സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ഏറെ പണിപ്പെടുകയാണ്. മുന്‍ പ്രസിഡന്റിന്റെ ബന്ധുക്കളും ഉറ്റവരില്‍ പലരും അറസ്റ്റിലായി. 40 ശതമാനത്തോളം തൊഴില്‍ രഹിതരുളള ഇൌ രാജ്യത്ത് ഒരു പകരം സംവിധാനം ഇനിയും ഉയര്‍ന്ന് വന്നിട്ടില്ല. നിലവിലുണ്ടായിരുന്ന അധികാരികളെ മടുത്ത ജനം അവരെ കുടഞ്ഞ് കളയുകയാണ് ചെയ്തത്. രാഷ്ട്രീയ സ്വാതന്ത്യ്രവും വനിതകള്‍ക്കുളള സ്വാതന്ത്യ്രവും നിഷേധിക്കപ്പെട്ട ഇൌ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണിപ്പോള്‍. ഇതിനെ തരണം ചെയ്യാന്‍ ഒരു രാഷ്ട്രീയ ബദലോ ശക്തമായ നേതൃത്വമോ ഉയര്‍ന്ന് വന്നിട്ടില്ല എന്നതാണ് ടുണീഷ്യ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി. ടുണീഷ്യയിലെ മുഹമ്മദിന്റെ ആത്മഹത്യയെ പിന്തുടര്‍ന്ന് മിഡില്‍ഇൌസ്റ്റിലും ആഫ്രിക്കയിലുമായി പത്തോളം പേര്‍ ഭരണകൂടങ്ങള്‍ക്കെതിരെ കലാപം പ്രഖ്യാപിച്ച് സ്വയം എരിഞ്ഞടങ്ങുകയുണ്ടായി. ഇൌജിപ്തിലെ സ്ഥിതിയും ഭിന്നമല്ല. തൊഴിലില്ലായ്മയും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ 30 വര്‍ഷമായി രാജ്യം ഭരിക്കുന്ന പ്രസിഡന്റ് ഹോസ്നി മുബാറക്കിനെതിരെ തെരുവിലിറങ്ങുകയായിരുന്നു. രാജ്യത്തെ പ്രധാന പ്രതിപക്ഷമായ മുസ്ളീം ബ്രദര്‍ഹുഡിനോ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഭാഗമാകാന്‍ എത്തിയ രാജ്യാന്തര ആണവോര്‍ജ ഏജന്‍സി മുന്‍ അധ്യക്ഷന്‍ മുഹമ്മദ് എല്‍ ബര്‍ദോയിക്കോ ഇൌ പ്രക്ഷോഭത്തില്‍ കാര്യമായ പങ്കൊന്നുമില്ല. അതേ സമയം ജനങ്ങള്‍ ഏറ്റെടുത്ത ഇൌ പ്രക്ഷോഭത്തെ തുടര്‍ന്ന് അധികാരമാറ്റം സംഭവിച്ചാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാകും അതിന്റെ ഗുണം. ഇൌ കലാപത്തില്‍ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം നൂറ് കവിഞ്ഞു. നഗരങ്ങളിലും ചെറുപട്ടങ്ങളിലും ജീവിക്കുന്നവരും ഇടത്തരക്കാരുമാണ് ഇൌ ജനകീയ പോരാട്ടത്തിന് മുന്‍കൈ എടുക്കുന്നത്. വിദ്യാസമ്പന്നരായ ഇവര്‍ ഇന്റര്‍നെറ്റിലൂടെയും ട്വിറ്റര്‍, ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെയും എസ്.എം.എസുകളിലൂടേയും ഭരണകൂടത്തിനെതിരെ പ്രചാരണം ശക്തമാക്കി. സാങ്കേതിക വിദ്യയുടെ പ്രയോജനം എത്രഫലപ്രദമായി ഭരണകൂടത്തിനെതിരെ തിരിക്കാനാകും എന്നതിന്റെ ഒരു ഉദാഹരണം കൂടിയാണിത്. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ നിരോധിക്കുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പട്ടാളം തെരുവിലിറങ്ങുകയും ചെയ്തിട്ടും കര്‍ഫ്യൂ ലംഘിച്ച് സ്ത്രീകളും ചെറുപ്പക്കാരും അടങ്ങുന്ന പതിനായിരങ്ങളാണ് ജനകീയ പ്രക്ഷോഭത്തില്‍ അണി ചേരുന്നത്. പ്രസിഡന്റ് ഹോസ്നി മുബാറക്ക് ഇൌജിപ്ഷ്യന്‍ സര്‍ക്കാരിനെ പിരിച്ചുവിട്ടെങ്കിലും ജനങ്ങള്‍ തൃപ്തരല്ല. മുബാറക്ക് തന്നെ സ്ഥാനമൊഴിയണമെന്നാണ് ഇവരുടെ ആവശ്യം. തൊഴില്‍രഹിതരായ ചെറുപ്പക്കാരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. വിലക്കയറ്റം സാധാരണക്കാരെ അടിമുടി ബാധിച്ചു കഴിഞ്ഞു. നാളുകള്‍ക്ക് മുമ്പ് കെയ്റോ സന്ദര്‍ശിച്ചപ്പോള്‍ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരുടെ രോഷം നേരിട്ട് കാണാന്‍ ഇൌ ലേഖകന് കഴിഞ്ഞു. കെയ്റോയിലെ തെരുവുകളില്‍ നടന്ന ഒറ്റപ്പെട്ട ചെറിയ പ്രകടനങ്ങള്‍ പോലീസ് അടിച്ചമര്‍ത്തുന്നത് കാണാമായിരുന്നു. എന്‍ജിനീയറിംഗ് ബിരുദധാരിയായിരുന്ന ആത്തിഫ് എന്ന ചെറുപ്പക്കാരനായിരുന്നു പിരമിഡിലേക്കുളള യാത്രയില്‍ ഞങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒാടിച്ചിരുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തിവാഴുന്ന ഭരണകൂടത്തിനെതിരെയുളള രോഷം ആ ചെറുപ്പക്കാരനില്‍ നിറഞ്ഞ് നിന്നിരുന്നു. ഹോട്ടലിലും കടകളിലും തെരുവോരത്തുമൊക്കെ പരിചയപ്പെട്ട ചെറുപ്പക്കാര്‍ കടുത്ത ദാരിദ്യ്രത്തിലായിരുന്നു. അവരുടെ വാക്കുകളില്‍ മുബാറക്കിന്റെ ഏകാധിപത്യത്തിനെതിരെയുളള രോഷം തുളുമ്പി. ടൂറിസ്റ്റുകള്‍ ഏതെങ്കിലുമൊരു സ്ഥലത്തേക്കുളള വഴി ചോദിച്ചാല്‍ പോലും അത് പറഞ്ഞുതന്ന ശേഷം ടിപ്പ് എന്ന് ഒാമനപ്പേരിട്ടിരിക്കുന്ന ഭിക്ഷ ചോദിക്കാന്‍ ഇവര്‍ക്ക് മടിയില്ലാതായിരിക്കുന്നു. ഹോട്ടലിന്റെ കതക് തുറന്ന് തരുന്നവന്‍ ഉള്‍പ്പടെ ഏവരും ഇത്തരം ടിപ്പുകളിലാണ് ജീവിതം തളളിനീക്കുന്നത്. അതേ സമയം ധനികരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയുമാണ്. ഇവര്‍ തമ്മിലുളള അന്തരം വളരെ വലുതാണ് താനും. ഭരണകൂടത്തോടുളള വിശ്വാസം നഷ്ടപ്പെട്ട ജനങ്ങള്‍ തെരുവിലിറങ്ങുക തന്നെ ചെയ്യുമെന്നുളളതിന് ഒരു ഉദാഹരണം കൂടിയാണിത്. അതിന് രാഷ്ടീയ പാര്‍ട്ടികളുടെ പിന്‍ബലം പോലും വേണ്ട. ഇന്ത്യ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ക്കും ഇതൊരു പാഠമാണ്. ജനങ്ങളെ മറക്കുന്ന ഭരണാധികാരികളും അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന സര്‍ക്കാരുകളും തകര്‍ന്ന് വീഴാന്‍ മുഹമ്മദിന്റെ ആത്മാഹുതി പോലെ ഒരു തീപ്പന്തം മതി.

2011 ജനുവരി 13, വ്യാഴാഴ്‌ച

മതത്തിന്റെ പേരില്‍ ഒരു പട്ടിണി രാജ്യം കൂടി പിറക്കുന്നു


ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ സുഡാന്‍ രണ്ടായി പിളരുകയാണ്. ജനഹിത പരിശോധന ശനിയാഴ്ച (ജനുവരി 15) അവസാനിച്ചതോടെ ഇനി ഫലപ്രഖ്യാപനത്തിന്റെ നാളുകള്‍. 60 ശതമാനത്തിലേറെ പേര്‍ അനുകൂലമായി വോട്ട് ചെയ്താല്‍ പുതിയ രാഷ്ട്രത്തിന്റെ പ്രഖ്യാപനം ഫെബ്രുവരി 6 ന് ഉണ്ടാകും. വോട്ടിംഗ് ശതമാനം അനുസരിച്ച് ഇത് ഏറെക്കുറെ ഉറപ്പാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. ജൂലൈ 9 ന് പുതിയ രാജ്യം ഒൌദ്യോഗികമായി നിലവില്‍ വരും. 22 വര്‍ഷമായി നടക്കുന്ന അതി രൂക്ഷമായ ആഭ്യന്തര കലാപത്തില്‍ 20 ലക്ഷത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ ബലത്സംഗത്തിന് ഇരയാകുകയും 50 ലക്ഷത്തിലേറെ പേര്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തു. ഗ്രാമങ്ങളും കൃഷിയിടങ്ങളും അഗ്നിക്കിരയായി. പല വംശങ്ങളും നിശേഷം കൂട്ടക്കുരുതിക്ക് ഇരയായി. മുസ്ളീം ഭൂരിപക്ഷ വടക്കന്‍ സുഡാനിലെ ഭരണകൂടവും ജനങ്ങളും കൃസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടത്തിയ നരനായാട്ട് ഇപ്പോള്‍ അന്താരാഷ്ട്ര കോടതിയുടെ വിചാരണയിലാണ്. ദാഫൂറിലെ യുദ്ധകുറ്റത്തിന്റെ പേരില്‍ ഹേഗിലെ കോടതി വിചാരണയില്‍ നിന്ന് രക്ഷപ്പെടാന്‍ അവസരം ഒരുക്കാമെന്ന് സുഡാന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിന് അന്താരാഷ്ട്ര സമൂഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉപരോധങ്ങള്‍ അവസാനിപ്പിക്കാമെന്നും വായ്പകള്‍ എഴുതിതളളാമെന്നുമുളള വാഗ്ദാനം കൂടിയായപ്പോഴാണ് 2005 ല്‍ സമാധാന ഉടമ്പടി ഒപ്പുവച്ചത്. സാങ്കേതികമായി വിഭജിക്കപ്പെട്ടിട്ടില്ലെങ്കിലും അന്നുമുതല്‍ സുഡാന്റെ വടക്കന്‍ പ്രദേശം ഒമര്‍ ഹസന്‍ അല്‍ ബഷീറും തെക്കന്‍ പ്രദേശം സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ മൂവ്മെന്റിന്റെ നേതാവ് ജോണ്‍ ഗരാംഗുമാണ് ഭരിക്കുന്നത്.

പുതിയ രാജ്യത്തിന് ഇനിയും പേരായിട്ടില്ല. നൈല്‍ റിപ്പബ്ളിക്ക്, ഇക്വറ്റോറിയ, ജുവാമ, ന്യൂ സുഡാന്‍, സൌത്ത് സുഡാന്‍ എന്നൊക്കെയുളള പേരുകളാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. മുന്‍കൂട്ടി തന്നെ ദേശീയ ഗാനവും പതാകയും കറന്‍സിയും തയ്യാറാക്കി കഴിഞ്ഞു. വേര്‍പെടുമ്പോള്‍ മൊത്തം വിസ്തൃതിയുടെ മൂന്നില്‍ രണ്ട് ശതമാനം വടക്കന്‍ സുഡാനോടൊപ്പമായിരിക്കുമെങ്കിലും 80 ശതമാനം പെട്രോളിയം ഉല്‍പ്പനങ്ങളും തെക്കന്‍ സുഡാനിലായിരിക്കും. ഇരു സുഡാനുകളുടേയും അതിര്‍ത്തിയിലാണ് എണ്ണ നിക്ഷേപത്താല്‍ സമൃദ്ധമായ അബയീ പ്രദേശം. ഇവിടം ഇപ്പോള്‍ ഹിതപരിശോധനയില്‍ ഉള്‍പ്പെട്ടിട്ടില്ല. പിന്നീട് വോട്ടെടുപ്പ് നടക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതിനുവേണ്ടി ഇനിയും പോരാട്ടങ്ങള്‍ നടന്നേക്കുമെന്ന ഭീതിയും പരക്കെയുണ്ട്.
മുസ്ളീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങളെ തുടച്ചുനീക്കാന്‍ ശ്രമം നടക്കുന്നുവെന്ന വ്യാപക പ്രചാരണം പാശ്ചാത്യ ലോകത്ത് വ്യാപകമായി നടക്കുന്നുണ്ട്. ഇൌ അവസരം മുതലെടുത്താണ് അമേരിക്കയുള്‍പ്പെടയുളള പാശ്ചാത്യ രാജ്യങ്ങള്‍ എണ്ണ സമ്പന്നമായ തെക്കന്‍ സുഡാനില്‍ ചുവടുറപ്പിക്കുന്നത്. ഇൌജിപ്ത്, ഇറാഖ്, നൈജീരിയ, ഇന്‍ഡോനേഷ്യ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ കൃസ്ത്യാനികള്‍ക്ക് നേരെയുളള ആക്രമണങ്ങള്‍ ഇവര്‍ പെരുപ്പിച്ച് കാണിക്കുന്നു. സുഡാനിലെ ദാഫൂറിലെ കറുത്ത മുസ്ളീംങ്ങള്‍, ഇറാനിലെ ബഹായികള്‍, ഇറാഖിലേയും ഇറാനിലേയും കുര്‍ദുകള്‍, പാകിസ്ഥാനിലെ സൂഫികള്‍, അഹമ്മദീയര്‍ തുടങ്ങിയവരും ഭൂരിപക്ഷ മുസ്ളീം വിഭാഗത്തില്‍ നിന്നും പീഢനമേല്‍ക്കുന്നതായി പാശ്ചാത്യ മാധ്യമ ലോകം പെരുപ്പിച്ച് കാട്ടുന്നു. ഇൌ പൊതു വികാരമാണ് സുഡാന്റെ വിഭജനത്തിലേക്ക് ഐക്യരാഷ്ട്ര സഭ ഉള്‍പ്പടെയുളള പൊതുവേദികളെ എത്തിച്ചത്. അതേ സമയം അമേരിക്കയുടെയും ഇസ്രയേലിന്റേയും ഒരു പാവഗവണ്‍മെന്റായി തെക്കന്‍ സുഡാന്‍ മാറിയേക്കുമെന്ന ആശങ്ക വ്യാപകമാണ്. ഇൌ രാഷ്ട്രം രൂപം കൊളളുന്നതോടെ തന്ത്രപ്രധാമായ ഒരു സൈനിക താവളം കൂടി ഇവര്‍ക്ക് ലഭിക്കുന്നു. ഒപ്പം എണ്ണ സമ്പത്ത് യഥേഷ്ടം ഉൌറ്റിക്കൊണ്ട് പോകാനും കഴിയും. ഇറാഖിന്റ കഥയില്‍ നിന്നും വ്യത്യസ്തമല്ല സുഡാനും. ഇൌ നീക്കത്തെ അറബ് ലോകവും മുസ്ളീം രാഷ്ട്രങ്ങളും ആശങ്കയോടെയാണ് കാണുന്നത്. മിഡില്‍ ഇൌസ്റ്റിലേയും ആഫ്രിക്കയിലേയും രാഷ്ട്രങ്ങളേയും ചെറുരാഷ്ട്രങ്ങളായി ചിതറിപ്പിക്കുകയും പരസ്പരം പോരടിപ്പിക്കുകയും ചെയ്യുവാന്‍ 'ബാല്‍ക്കനൈസേഷന്‍' എന്ന തന്ത്രം ഫലപ്രദമായി ഇസ്രയേലും അമേരിക്കയും മറ്റും പയറ്റുന്നുണ്ട്. മതത്തിന്റേയും വംശീയതയയുടേയും പേരിലുളള പോരാട്ടങ്ങളാണ് ഇതില്‍ ഉപയോഗിക്കുന്നത്.

ഇൌജിപ്തിലെ കോപ്ടിക്ക് ദേവാലയത്തിന് നേരെ നടന്ന ആക്രണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടതോടെ പാശ്ചാത്യ ലോകം അത് ഏറ്റെടുത്തു. വത്തിക്കാന്‍ ഇതിനെതിരെ പ്രതികരിച്ചതും തങ്ങളുടെ പ്രതിനിധിയെ ഇൌജിപ്ത് തിരിച്ചുവിളിച്ചതും അടുത്തിടെയാണ്. ഇൌജിപത്, ലിബിയ, ജോര്‍ദാന്‍ , ലെബനോന്‍ തുടങ്ങിയ രാജ്യങ്ങളൊക്കെ ആശങ്കയോടെയാണ് പുതിയ രാജ്യത്തിന്റെ ഉദയത്തെ കാണുന്നത്.
മതത്തിന്റെ പേരില്‍ രാജ്യം വെട്ടിപിളര്‍ക്കേണ്ടിവന്നതിന്റെ ദോഷങ്ങള്‍ ഏറെ അനുഭവിച്ചവരാണ് നാം ഇന്ത്യാക്കാര്‍. പാകിസ്ഥാനം ബംാദേശും രൂപം കൊളളുന്നതിനും മുമ്പും പിമ്പും ഉണ്ടായ പോരാട്ടങ്ങള്‍ ഇപ്പോഴും തുടരുന്നു. കാശ്മീര്‍ ഉള്‍പ്പടെയുളള പ്രദേശങ്ങള്‍ ഏത് സമയവും പൊട്ടിത്തെറിക്കാവുന്ന ടൈംബോംബായി നില കൊളളുന്നു. ഇതിന്റെയൊക്കെ ഒരു തനിയാവര്‍ത്തനമാകും സുഡാനിലും സംഭവിക്കുക. ലോകത്തിലെ ഏറ്റവും കൂടുതല്‍ യുദ്ധങ്ങളും പോരാട്ടങ്ങളും മരണവും നടന്നത് മതത്തിന്റെ പേരിലുളള കലഹങ്ങളിലാണ്. അത് ഇപ്പോഴും തുടരുന്നു. പട്ടിണിയില്‍ നിന്നും പട്ടിണിയിലേക്ക് നീങ്ങുമ്പോഴും മതത്തിന്റെ പേരില്‍ സ്വയം ശവക്കുഴി തോണ്ടുന്നവര്‍ ഇനിയും സ്വയം തിരിച്ചറിഞ്ഞിട്ടില്ല. വിഭജിച്ച് ഭരിക്കുക എന്ന നിയോ കൊളോണിയസ്റ്റ് തന്ത്രം വിജയിക്കുകയും പുതിയ രാഷ്ട്രത്തിന്റെ ഉദയത്തില്‍ ആഘോഷിക്കുകയുമാണ് പാശ്ചാത്യ ലോകമിപ്പോള്‍.