Pages

2011 മാർച്ച് 19, ശനിയാഴ്‌ച

ജഡായു തീംപാര്‍ക്കുമായി രാജീവ് അഞ്ചല്‍



ഇല വൃക്ഷത്തിലേക്ക് മടങ്ങുന്നതുപോലെ മത്സ്യം സമുദ്രത്തിലേക്ക് മടങ്ങുന്നതുപോലെ രാജീവ് അഞ്ചല്‍ ശില്‍പ്പകലയുടെ ഉദാത്ത ഭാവങ്ങളിലേക്ക് മടങ്ങുന്നു. 33 വര്‍ഷങ്ങള്‍ക്കുമുമ്പ് മികച്ച ശില്‍പ്പിക്കുളള കേരള ലളിതകലാ അക്കാദമിയുടെ അവാര്‍ഡ് നേടിയ രാജീവ് പിന്നീട് അറിയപ്പെട്ടത് സിനിമയിലെ ആര്‍ട്ട് ഡയറക്ടറായാണ്.

ഞാന്‍ ഗന്ധര്‍വ്വന്‍, അഥര്‍വ്വം ഉള്‍പ്പടെ പത്തോളം ചിത്രങ്ങളില്‍ കലാസംവിധാനം ചെയ്തു. സംസ്ഥാന അവാര്‍ഡുകളും ലഭിച്ചു. തുടര്‍ന്ന് 1986ല്‍ അമ്മാനം കിളിയിലൂടെ സംവിധാന രംഗത്തേക്ക് ചുവടുറപ്പിച്ച രാജീവ് ഇതിനകം തമിഴ്, ഇം�ീഷ്, മലയാളം എന്നീ ഭാഷകളിലായി 11 ചിത്രങ്ങളും 4 ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. മീരാജാസ്മിനും മനോജ്. കെ ജയനും അഭിനയിച്ച പാട്ടിന്റെ പാലാഴിയായിരുന്നു ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. ചിത്രം ബോക്സോഫീസില്‍ വിജയം കണ്ടില്ലെങ്കിലും അതിലെ ഗാനങ്ങളും ദൃശ്യങ്ങളും ഒരു സംവിധായകന്റെ പ്രതിഭ വിളിച്ചോതുന്നതായിരുന്നു. 1997 ല്‍ ഒാസ്കാറിന് ഒൌദ്യോഗിക എന്‍ട്രി ലഭിച്ച 'ഗുരു'വിന്റെ സംവിധായകനില്‍ നിന്ന് പ്രേക്ഷകര്‍ ഇനിയും ഏറെ പ്രതീക്ഷിക്കുന്നുണ്ട്. 'ബിയോണ്ട് ദി സോള്‍' എന്ന ഇം�ീഷ് ചിത്രത്തിലൂടെ ഹോളിവുഡിലും രാജീവ് സാന്നിധ്യം തെളിയിച്ചു. ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇതിന് മികച്ച ചിത്രം, തിരക്കഥ എന്നിവക്കുളള അവാര്‍ഡും തമ്പി ആന്റണിക്ക് ഹോണോലുലു ഫെസ്റ്റിവലില്‍ മികച്ച നടനുളള അവാര്‍ഡും ലഭിച്ചു. നത്തിംഗ് ബട്ട് ലൈഫ്(ഇം�ീഷ്), മെയ്ഡ് ഇന്‍ യുഎസ്എ, പൈലറ്റ്സ്, ഋഷിവംശം, ബട്ടര്‍ഫ്ളൈസ്. തങ്കകൊലുസ്(തമിഴ്) തുടങ്ങിയവയാണ് രാജീവിന്റെ മറ്റ് ചിത്രങ്ങള്‍.

സംവിധാന രംഗത്ത് നില്‍ക്കുമ്പോള്‍ തന്നെ തന്റെ പ്രിയ മേഖലയായ ശില്‍പ്പ നിര്‍മ്മാണം ഒപ്പം കൊണ്ടുനടന്നിരുന്നു. കൊല്ലം ജില്ലയിലെ ചടയമംഗലത്തുളള ജഡായുപാറയില്‍ കഴിഞ്ഞ നാലുവര്‍ഷമായി ഒരു പടുകൂറ്റന്‍ ശില്‍പ്പം നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ് രാജീവ് ഇപ്പോള്‍. സമുദ്രനിരപ്പില്‍ നിന്നും 1000 അടി ഉയരെ 60 ഏക്കറുകളിലായി പരന്നുകിടക്കുന്ന ഇൌ പാറക്ക് രാമായണകഥയിലെ ജഡായുമായി ബന്ധമുണ്ടെന്നാണ് ഐതീഹ്യം. രാവണന്‍ സീതാദേവിയെ പുഷ്പകവിമാനത്തില്‍ തട്ടിക്കൊണ്ടുപോകുമ്പോള്‍ അതിനെ ഗരുഡരാജാവായ ജഡായു തടയുകയും ഘോരമായ യുദ്ധത്തിലേര്‍പ്പെടുകയും ചെയ്തു. ഇൌരേഴ് പതിനാല് ലോകത്തേയും വിറപ്പിച്ച ഇൌ യുദ്ധത്തില്‍ രാവണന്‍ തന്റെ അത്ഭുതശക്തിയുളള ചന്ദ്രഹാസം എന്ന വാളുപയോഗിച്ച് ജഡായുവിന്റെ ചിറക് അരിയുകയുണ്ടായി. ഇൌ പാറപ്പുറത്ത് പതിച്ച ജഡായുവിനെ സീതാദേവിയെ അന്വേഷിച്ച് പോകുന്ന യാത്രയില്‍ രാമന്‍ പിന്നീട് കണ്ടുമുട്ടുകയും മോക്ഷം നല്‍കുകയും ചെയ്തുവെന്നാണ് ഐതീഹ്യം. രാമന്റെ പാദസ്പര്‍ശം പതിഞ്ഞ ജഡായുപാറയും വെട്ടേറ്റുവീണ ചിറകിന്റെ രൂപമുളള പാറയിലെ ദൃശ്യവുമൊക്കെ ഇൌ പ്രദേശത്തിന് ഭക്തിയുടെ നിറച്ചാര്‍ത്ത് നല്‍കുന്നു. രാജാരവിവര്‍മ്മയുടെ പ്രശക്തമായ ഒരു ചിത്രം ഇതിനെ അധികരിച്ച് ഉണ്ടായിട്ടുണ്ട്. ഐതീഹ്യത്തിന് പുറമെ പ്രകൃതിരമണീയമായ ഒരു ദൃശ്യാനുഭവമാണ് ജഡായുപാറ ഏത് സഞ്ചാരിക്കും നല്‍കുന്നത്.
രാജീവ് അഞ്ചലിലൂടെ ഐതീഹ്യം പുനര്‍ജനിക്കുകയാണിവിടെ. 200 അടി നീളവും 150 അടി വീതിയും 70 അടി ഉയരവുമുളള ഒരു കൂറ്റന്‍ ശില്‍പ്പമാണ് പാറയുടെ മുകളില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ശില്‍പ്പങ്ങളിലൊന്നായി ഇത് മാറും. ചിറകറ്റുവീണ ജഡായു ആകാശത്തിലേക്ക് കാലുകള്‍ ഉയര്‍ത്തി കിടക്കുന്ന വികാരതീവ്രമായ ഒരു ശില്‍പ്പമാണ് ഇവിടെ രൂപം കൊളളുന്നത്. ശില്‍പ്പത്തിനുളളിലേക്ക് കടക്കാനും അവിടെ ഒരുക്കിയിരിക്കുന്ന 4ഡി തീയേറ്ററില്‍ ജഡായുവും രാവണനും തമ്മിലുളള യുദ്ധം ചലച്ചിത്രത്തിലൂടെ അനുഭവവേദ്യമാകാനും വിനോദസഞ്ചാരികള്‍ക്ക് അവസരം ലഭിക്കും. മൂന്ന് നിലകളിലായി തയ്യാറായിരിക്കുന്ന ശില്‍പ്പത്തിന്റെ ഉള്‍വശത്ത് ചുവര്‍ ചിത്രങ്ങളും മ്യൂസിയവും ഒരുക്കും. ശില്‍പ്പത്തിനുളളിലൂടെ കടന്ന് കഴുത്തിന്റെ ഭാഗത്ത് എത്തുമ്പോള്‍ അവിടെ ഒരു ദൂരദര്‍ശിനി കണ്ണിന്റെ സ്ഥാനത്ത് ഒരുക്കിയിരിക്കും. ഇതിലൂടെ നോക്കിയാല്‍ 360 ഡിഗ്രിയില്‍ പ്രകൃതിയുടെ അത്യപൂര്‍വ്വമായ സൌന്ദര്യം നുകരാനാകും. വളരെ അകലെയുളള കടലും കരയും ചേര്‍ന്ന ദൃശ്യവിരുന്ന് പോലും ഇതിലൂടെ ലഭ്യമാകും. സിനിമാസംവിധാനത്തിലിടയിലും കഴിഞ്ഞ നാലുവര്‍ഷമായി ഇൌ ശില്‍പ്പത്തിന്റെ നിര്‍മ്മാണത്തിലാണ് താനെന്ന് രാജീവ് പറഞ്ഞു.
'ഒരു ശില്‍പ്പിയായി ഇൌ പദ്ധതിയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതാണ് ഞാന്‍. പിന്നീട് ഇതിനെ ഒരു തീംപാര്‍ക്കായി മാറ്റാന്‍ കേരള സര്‍ക്കാര്‍ എനിക്ക് അനുമതി നല്‍കുകയായിരുന്നു. ഇതോടെ ഉത്തരവാദിത്വം വളരെയേറെ കൂടി.ശില്‍പ്പത്തിന് പുറമെ പാറയിലേക്ക് സാഹസികയാത്ര, റോപ്പ്വേ, ഗുഹക്കുളളിലെ റിസോര്‍ട്ടുകള്‍, ആയുര്‍വേദ കേന്ദ്രങ്ങള്‍, തീയേറ്റര്‍, ഷോപ്പിംഗ് സെന്ററുകള്‍, ചെറിയ ചെറിയ കച്ചവട ശാലകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവയൊക്കെ ഇവിടെ ഒരുക്കാന്‍ ഉദ്ദേശിക്കുന്നു' രാജീവ് വിശദമാക്കി.
ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുളള റോപ്പ്വേ കേരളത്തില്‍ തന്നെ പുതുമയുളള ഒന്നാകും. 20 കോടി രൂപയാണ് ഇതിനായി ചിലവ് വരവുന്നത്. ബി.ഒ.ടി അടിസ്ഥാനത്തില്‍ ഒരു കമ്പനിയുമായി ഇതിന് ധാരണയായിട്ടുണ്ട്. വൈദ്യുതി നിര്‍മ്മാണത്തിന് സൌരോര്‍ജത്തെയാകും ആശ്രയിക്കുക. ഒരു മെഗാവാട്ട് ശേഷിയുളള സൌരോര്‍ജനിലയം, മഴവെളള സംഭരണം, മാലിന്യസംസ്കരണം തുടങ്ങി പരിസ്ഥിതി സൌഹൃദ പദ്ധതിയായിട്ടാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിന് മാത്രം 17 കോടി രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായി യു.എ.ഇയില്‍ ഉളള ഒരു കമ്പനിയുമായി ധാരണാപത്രം ഒപ്പിടാനാണ് താന്‍ ഇവിടെ എത്തിയതെന്ന് രാജീവ് ദുബായില്‍ പറഞ്ഞു. വാക്ക്വേ, ഷോപ്പിംഗ് സെന്ററുകള്‍, തീംപാര്‍ക്ക് തുടങ്ങിയ മേഖലകളിലൊക്കെ നിക്ഷേപസാധ്യതകള്‍ ഉണ്ടെന്ന് അദ്ദേഹമറിയിച്ചു. 'പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ കഴിയുന്ന ലോകോത്തര നിലവാരമുളള ഒരു തീംപാര്‍ക്കായി ഇത് മാറുമെന്നാണ് എന്റെ പ്രതീക്ഷ'. രാജീവ് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ