മിഡില്‍ഇൌസ്റ്റില്‍ നിരവധി രാജ്യങ്ങളിലെ രാഷ്ട്രീയം കലങ്ങിമറിയുകയാണ്. അധികാരത്തിന്റെ കോട്ടകൊത്തളങ്ങള്‍ പലതും വിറച്ചുതുടങ്ങി. ചിലത് തകര്‍ന്നുവീണു. മറ്റ് ചിലത് ഏത് നിമിഷവും തകരാവുന്ന സ്ഥിതിയിലാണ്. ടുണീഷ്യക്ക് പിന്നാലെ ഇൌജിപ്തും വന്‍ ജനകീയ പ്രക്ഷോഭത്തിന്റെ തീച്ചൂളയിലാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോ പ്രതിപക്ഷങ്ങളോ അല്ല ഇൌ പ്രക്ഷോഭങ്ങളെ നയിക്കുന്നതെന്നതാണ് കൌതുകകരം. എല്ലാ അര്‍ത്ഥത്തിലും ഭരണകൂടത്തെ തകര്‍ത്തെറിയാന്‍ ജനങ്ങള്‍ തെരുവിലിറങ്ങുന്ന കാഴ്ചയാണ്് ടുണീഷ്യയിലും ഇൌജിപ്തിലും കണ്ടത്. അള്‍ജീരിയ, മൊറോക്കൊ, യെമന്‍, ജോര്‍ദാന്‍, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളും പ്രക്ഷോഭത്തിന്റെ പാതയിലേക്ക് ഇറങ്ങിതുടങ്ങി. ജനങ്ങളെ മറന്ന നേതൃത്വങ്ങള്‍ പലതും ഭയന്ന് വിറച്ച അവസ്ഥയിലാണ്. തെരുവില്‍ പഴക്കച്ചവടം ചെയ്തിരുന്ന അഭ്യസ്ഥവിദ്യനായ തൊഴില്‍ രഹിതന്‍ മുഹമ്മദ് ബുവാസിസിയുടെ കച്ചവട സാധനങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് അയാള്‍ സര്‍ക്കാര്‍ സ്ഥാപനത്തിന് മുന്നില്‍ സ്വയം തീകൊളുത്തി അഗ്നിക്കിരയായി. ടുണീഷ്യയിലെ ഭരണമാറ്റത്തിന് അഗ്നിജ്വാലയായത് ഇൌ ആത്മഹത്യയാണ്. തുടര്‍ന്ന് നടന്ന ജനകീയ പ്രക്ഷോഭത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഒടുവില്‍ 23 വര്‍ഷം രാജ്യം ഭരിച്ച സൈനുല്‍ അബ്ദീന്‍ ബന്‍ അലിയും പരിവാരങ്ങളും രാജ്യം വിട്ടോടി. താല്‍ക്കാലിക അധികാരമേറ്റ പ്രധാനമന്ത്രി മുഹമ്മദ് ഗനൂച്ചിയുടെ നേതൃത്വത്തിലുളള ഭരണകൂടം സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ഏറെ പണിപ്പെടുകയാണ്. മുന്‍ പ്രസിഡന്റിന്റെ ബന്ധുക്കളും ഉറ്റവരില്‍ പലരും അറസ്റ്റിലായി. 40 ശതമാനത്തോളം തൊഴില്‍ രഹിതരുളള ഇൌ രാജ്യത്ത് ഒരു പകരം സംവിധാനം ഇനിയും ഉയര്‍ന്ന് വന്നിട്ടില്ല. നിലവിലുണ്ടായിരുന്ന അധികാരികളെ മടുത്ത ജനം അവരെ കുടഞ്ഞ് കളയുകയാണ് ചെയ്തത്. രാഷ്ട്രീയ സ്വാതന്ത്യ്രവും വനിതകള്‍ക്കുളള സ്വാതന്ത്യ്രവും നിഷേധിക്കപ്പെട്ട ഇൌ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണിപ്പോള്‍. ഇതിനെ തരണം ചെയ്യാന്‍ ഒരു രാഷ്ട്രീയ ബദലോ ശക്തമായ നേതൃത്വമോ ഉയര്‍ന്ന് വന്നിട്ടില്ല എന്നതാണ് ടുണീഷ്യ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി. ടുണീഷ്യയിലെ മുഹമ്മദിന്റെ ആത്മഹത്യയെ പിന്തുടര്‍ന്ന് മിഡില്‍ഇൌസ്റ്റിലും ആഫ്രിക്കയിലുമായി പത്തോളം പേര്‍ ഭരണകൂടങ്ങള്‍ക്കെതിരെ കലാപം പ്രഖ്യാപിച്ച് സ്വയം എരിഞ്ഞടങ്ങുകയുണ്ടായി. ഇൌജിപ്തിലെ സ്ഥിതിയും ഭിന്നമല്ല. തൊഴിലില്ലായ്മയും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ 30 വര്‍ഷമായി രാജ്യം ഭരിക്കുന്ന പ്രസിഡന്റ് ഹോസ്നി മുബാറക്കിനെതിരെ തെരുവിലിറങ്ങുകയായിരുന്നു. രാജ്യത്തെ പ്രധാന പ്രതിപക്ഷമായ മുസ്ളീം ബ്രദര്‍ഹുഡിനോ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഭാഗമാകാന്‍ എത്തിയ രാജ്യാന്തര ആണവോര്‍ജ ഏജന്‍സി മുന്‍ അധ്യക്ഷന്‍ മുഹമ്മദ് എല്‍ ബര്‍ദോയിക്കോ ഇൌ പ്രക്ഷോഭത്തില്‍ കാര്യമായ പങ്കൊന്നുമില്ല. അതേ സമയം ജനങ്ങള്‍ ഏറ്റെടുത്ത ഇൌ പ്രക്ഷോഭത്തെ തുടര്‍ന്ന് അധികാരമാറ്റം സംഭവിച്ചാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാകും അതിന്റെ ഗുണം. ഇൌ കലാപത്തില്‍ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം നൂറ് കവിഞ്ഞു. നഗരങ്ങളിലും ചെറുപട്ടങ്ങളിലും ജീവിക്കുന്നവരും ഇടത്തരക്കാരുമാണ് ഇൌ ജനകീയ പോരാട്ടത്തിന് മുന്‍കൈ എടുക്കുന്നത്. വിദ്യാസമ്പന്നരായ ഇവര്‍ ഇന്റര്‍നെറ്റിലൂടെയും ട്വിറ്റര്‍, ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെയും എസ്.എം.എസുകളിലൂടേയും ഭരണകൂടത്തിനെതിരെ പ്രചാരണം ശക്തമാക്കി. സാങ്കേതിക വിദ്യയുടെ പ്രയോജനം എത്രഫലപ്രദമായി ഭരണകൂടത്തിനെതിരെ തിരിക്കാനാകും എന്നതിന്റെ ഒരു ഉദാഹരണം കൂടിയാണിത്. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ നിരോധിക്കുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പട്ടാളം തെരുവിലിറങ്ങുകയും ചെയ്തിട്ടും കര്‍ഫ്യൂ ലംഘിച്ച് സ്ത്രീകളും ചെറുപ്പക്കാരും അടങ്ങുന്ന പതിനായിരങ്ങളാണ് ജനകീയ പ്രക്ഷോഭത്തില്‍ അണി ചേരുന്നത്. പ്രസിഡന്റ് ഹോസ്നി മുബാറക്ക് ഇൌജിപ്ഷ്യന്‍ സര്‍ക്കാരിനെ പിരിച്ചുവിട്ടെങ്കിലും ജനങ്ങള്‍ തൃപ്തരല്ല. മുബാറക്ക് തന്നെ സ്ഥാനമൊഴിയണമെന്നാണ് ഇവരുടെ ആവശ്യം. തൊഴില്‍രഹിതരായ ചെറുപ്പക്കാരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. വിലക്കയറ്റം സാധാരണക്കാരെ അടിമുടി ബാധിച്ചു കഴിഞ്ഞു. നാളുകള്‍ക്ക് മുമ്പ് കെയ്റോ സന്ദര്‍ശിച്ചപ്പോള്‍ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരുടെ രോഷം നേരിട്ട് കാണാന്‍ ഇൌ ലേഖകന് കഴിഞ്ഞു. കെയ്റോയിലെ തെരുവുകളില്‍ നടന്ന ഒറ്റപ്പെട്ട ചെറിയ പ്രകടനങ്ങള്‍ പോലീസ് അടിച്ചമര്‍ത്തുന്നത് കാണാമായിരുന്നു. എന്‍ജിനീയറിംഗ് ബിരുദധാരിയായിരുന്ന ആത്തിഫ് എന്ന ചെറുപ്പക്കാരനായിരുന്നു പിരമിഡിലേക്കുളള യാത്രയില്‍ ഞങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒാടിച്ചിരുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തിവാഴുന്ന ഭരണകൂടത്തിനെതിരെയുളള രോഷം ആ ചെറുപ്പക്കാരനില്‍ നിറഞ്ഞ് നിന്നിരുന്നു. ഹോട്ടലിലും കടകളിലും തെരുവോരത്തുമൊക്കെ പരിചയപ്പെട്ട ചെറുപ്പക്കാര്‍ കടുത്ത ദാരിദ്യ്രത്തിലായിരുന്നു. അവരുടെ വാക്കുകളില്‍ മുബാറക്കിന്റെ ഏകാധിപത്യത്തിനെതിരെയുളള രോഷം തുളുമ്പി. ടൂറിസ്റ്റുകള്‍ ഏതെങ്കിലുമൊരു സ്ഥലത്തേക്കുളള വഴി ചോദിച്ചാല്‍ പോലും അത് പറഞ്ഞുതന്ന ശേഷം ടിപ്പ് എന്ന് ഒാമനപ്പേരിട്ടിരിക്കുന്ന ഭിക്ഷ ചോദിക്കാന്‍ ഇവര്‍ക്ക് മടിയില്ലാതായിരിക്കുന്നു. ഹോട്ടലിന്റെ കതക് തുറന്ന് തരുന്നവന്‍ ഉള്‍പ്പടെ ഏവരും ഇത്തരം ടിപ്പുകളിലാണ് ജീവിതം തളളിനീക്കുന്നത്. അതേ സമയം ധനികരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയുമാണ്. ഇവര്‍ തമ്മിലുളള അന്തരം വളരെ വലുതാണ് താനും. ഭരണകൂടത്തോടുളള വിശ്വാസം നഷ്ടപ്പെട്ട ജനങ്ങള്‍ തെരുവിലിറങ്ങുക തന്നെ ചെയ്യുമെന്നുളളതിന് ഒരു ഉദാഹരണം കൂടിയാണിത്. അതിന് രാഷ്ടീയ പാര്‍ട്ടികളുടെ പിന്‍ബലം പോലും വേണ്ട. ഇന്ത്യ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ക്കും ഇതൊരു പാഠമാണ്. ജനങ്ങളെ മറക്കുന്ന ഭരണാധികാരികളും അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന സര്‍ക്കാരുകളും തകര്‍ന്ന് വീഴാന്‍ മുഹമ്മദിന്റെ ആത്മാഹുതി പോലെ ഒരു തീപ്പന്തം മതി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ