Pages

2016 നവംബർ 22, ചൊവ്വാഴ്ച

ലൂണ പുറപ്പെട്ട് പോയതെന്തിന് ?



 അവൾ പുറപ്പെട്ടു പോയിട്ട് രണ്ട് മാസത്തിലേറെയായി . എന്നിട്ടും ഞങ്ങൾക്കവളെ മറക്കാനായില്ല  . “ എന്തിന്റെ കുറവായിരുന്നു അവൾക്കിവിടെ . പോട്ടെ,  പോയി തെണ്ടി തിരിഞ്ഞു നടക്കട്ടെ . പട്ടിണിയാവുമ്പം താനേ തിരികെ വരും” ഡൈനിങ് ഹാളിലിരുന്ന് വത്സ പാഴാങ്കം പറഞ്ഞു. 

“ മുടിയനായ പുത്രന്റെ കഥ കേട്ടിട്ടില്ലേ . അതുപോലെ കുറെ കഴിയുമ്പോൾ തിരികെ വന്നോളും ….. അഹങ്കാരി “.  ഞാൻ സ്വയം സമാധാനിക്കാനായി  പറഞ്ഞു .
മകൾ സോഫിയാണ്  അവൾക്ക് ലൂണ എന്ന് പേരിട്ടത് ഹാരിപോട്ടർ സീരിസിലെ ലൂണ ലവ്‍ഗുഡ്   ആയിരുന്നു പ്രചോദനം.  അമേരിക്കൻ വംശജ. നീല കണ്ണുകളും വെള്ളയിൽ ചാരനിറം ചേർന്ന ഉടലും.  ആരും കൊതിച്ചു പോകുന്ന സുന്ദരി .

  എലിയുടെ  രൂപവും ഗന്ധവുമുള്ള പ്രത്യേക ബിസ്‌ക്കറ്റുകൾ  , ചിക്കൻ സൂപ് , കടിക്കാനും നക്കാനും എല്ലിന്റെ രൂപമുള്ള കളിക്കോപ്പുകൾ  എന്ന് വേണ്ട ഞങ്ങളുടെ തീൻ മേശയിൽ എത്തും മുൻപ് വറുത്ത മീൻ പോലും അവൾക്ക് അവകാശപ്പെട്ടതായിരുന്നു .
ലൂണക്കായി ഞങ്ങൾ  വാങ്ങിയ പ്രത്യേക  ഷാമ്പുവും , കണ്ടീഷണറും ചീപ്പും കത്രികയുമൊക്കെ അലമാരയിൽ ഇരിക്കുന്നു . അതു കാണുമ്പോൾ സോഫി കരയാൻ തുടങ്ങും . കുറച്ചുനാൾ  ഭക്ഷണം പോലും കഴിക്കാനും കോളജിൽ പോകാനും പോലും അവൾക്ക്   മടിയായിരുന്നു . കോളജിൽ നിന്ന് വന്നാലുടൻ ലൂണ അവളോടൊപ്പം കൂടും . മടിയിൽ കയറിയിരിക്കും. അവൾ എറിഞ്ഞു കൊടുക്കുന്ന പന്തിനൊപ്പും കെട്ടിമറിഞ്ഞു കളിക്കും . രാത്രി ഉറങ്ങുന്നത് പോലും അവളോടൊപ്പമാണ് .
പുറപ്പെട്ട് പോകുന്നതിന് കുറച്ചു നാൾ മുൻപ് അവളുടെ സ്വഭാവത്തിൽ ചില വ്യതിയാനങ്ങൾ കണ്ടിരുന്നു . കൂടുതൽ സമയവും ബാൽക്കണിയിൽ കഴിയും . ഭക്ഷണത്തോടും കളികളോടുമുള്ള താൽപര്യം കുറഞ്ഞു തുടങ്ങി . സോഫിയുടെ ഒപ്പം കട്ടിലിൽ കിടന്നാലും രാവിലെ നോക്കുമ്പോൾ മുറിയുടെ ഏതെങ്കിലും ഒരു മൂലയിൽ കിടന്നുറങ്ങുന്നതു കാണാം .

അങ്ങനെ ഒരു ദിവസം രാവിലെ അവളെ കാണാതായി . എല്ലായിടത്തും അന്വേഷിച്ചിട്ടും  കണ്ടില്ല . ചിലർ പറഞ്ഞു കുറച്ചകലെ പാർക്കിന്റെ അങ്ങേ തലക്കൽ ചപ്പു ചവറുകൾക്കിടയിൽ  ഭക്ഷണം തിരയുന്നത്  കണ്ടെന്ന് . മറ്റു ചിലർ പറഞ്ഞു ആളൊഴിഞ്ഞ ഒരു കെട്ടിടത്തിനുള്ളിൽ തവിട്ടു നിറവും പുള്ളികളുമുള്ള  നാടൻ പൂച്ചയോടൊപ്പം കണ്ടെന്ന് . കുറച്ചു നാളായി പിന്നീട് വിവരം ഒന്നും ലഭിച്ചില്ല .സോഫിയും മാറുകയായിരുന്നു. കോളേജിൽ നിന്നും തിരിച്ച് വന്നാൽ പിന്നെ മൊബൈലുമായി മുറിയിൽ ഒതുങ്ങിക്കൂടും.  കൂടെ പഠിക്കുന്ന ഇറാനിയായ അദ്നാനുമായി മാത്രമായിരുന്നു ഏറെ സമയം വാട്ട്സാപ്പ് ചാറ്റിംഗ് എന്ന് വത്സ പറഞ്ഞു.

ഇന്നു രാവിലെ പള്ളിയിലേക്ക് ഞങ്ങൾ കുടുംബമായി കാറിൽ പോകുകയായിരുന്നു . വണ്ടി ഒരു  ചെറിയ സിഗ്നലിൽ നിന്നു.  അപ്പോളാണ് മുന്നിലിരുന്ന ഞാനും വത്സയും  ആ കാഴ്ച കണ്ടത് . മൂന്നു  കുഞ്ഞുങ്ങളോടൊപ്പം   അവൾ റോഡ് മുറിച്ചു കടക്കുന്നു! വെള്ള  നിറമുള്ള രണ്ട് കുഞ്ഞുങ്ങളും തവിട്ടും പുള്ളികളുമുള്ള മറ്റൊരു കുഞ്ഞും. . റോഡിനപ്പുറം ഒരു നാടൻ കണ്ടൻ പൂച്ച കാത്തു നിൽപ്പുണ്ടായിരുന്നു. ഞങ്ങളെ ഒന്ന് തിരിഞ്ഞു നോക്കി കണ്ടെന്ന് നടിക്കാതെ പാർക്ക് ചെയ്തിരിക്കുന്ന കാറുകൾക്കിടയിലൂടെ അവൾ മറഞ്ഞു . 

പിൻ സീറ്റിലിരുന്ന സോഫി ഈ കാഴ്ച കണ്ടോ എന്നറിയാനായി ഞങ്ങൾ തിരിഞ്ഞു നോക്കി .
അപ്പോൾ അവൾ പുഞ്ചിരിച്ചുകൊണ്ട് ആരോടോ ചാറ്റു ചെയ്യുകയായിരുന്നു . അവളുടെ കണ്ണുുകളിൽ പ്രണയത്തിൻ്റെ തിരയിളക്കം.
*****
തസ്റാക്ക്.കോം എന്ന വെബ് മാഗസിനിൽ പ്രസിദ്ധീകരിച്ച കഥ
http://thasrak.com/kadha_luna_purappettu_poyathenthinu.php

2016 നവംബർ 9, ബുധനാഴ്‌ച

കറുത്ത വിധവ

 ഷാർജ പുസ്‌തകോത്സവത്തോടു അനുബന്ധിച്ചു സുഹൃത്തുക്കൾ ചേർന്ന് പുറത്തിറക്കിയ ബുക്കിഷിൽ പ്രസിദ്ധീകരിച്ച മിനിക്കഥ
 
അവൻ  ഓഫിസിൽ നിന്ന് വന്നയുടനെ  തിരക്കിട്ട് പോയത് അകത്തെ മുറിയിൽ മറന്നു വച്ച മൊബൈൽ എടുക്കാനായിരുന്നു. അവൾ  ചായയുമായി വന്നപ്പോൾ അവൻ വാട്ട്സ് ആപ്പിൽ നോക്കി പുഞ്ചിരിക്കുന്നതും കണ്ണുകൾ തിളങ്ങുന്നതും മെസ്സേജുകൾ ഡിലീറ്റുചെയ്യുന്നതുമൊക്കെ   അവൾ ഒളികണ്ണിട്ടു നോക്കി.  
"ചിലന്തികൾ സ്വന്തം വലയിൽ കുടുങ്ങാത്തത് എന്താണെന്ന് അറിയാമോ  "  ?  ആനിമൽ പ്ലാനറ്റ്  ചാനലിൽ നിന്ന് തലയെടുക്കാതെ   അവൾ ചോദിച്ചു . “ ...എനിക്കറിയില്ല  “ അവൻ പറഞ്ഞൊഴിയാൻ നോക്കി . .
എന്നാൽ ഞാൻ പറയാം . വലയുടെ  എല്ലാ ഭാഗത്തും പശയില്ല.! അതുള്ള   ഭാഗം അവയ്ക്കറിയാം. കാലിലെ നേർത്ത  രോമങ്ങൾ ഉപയോഗിച്ചു വളരെ സൂക്ഷിച്ചാണ് ഓരോ കാൽവയ്പും.  കാലിൽ പശ പറ്റിയാൽ  അപ്പപ്പോൾ ശ്രദ്ധാപൂർവം നീക്കം ചെയ്യും. പിന്നെയും  കുടുങ്ങിയാൽ  വല  തന്നെ അവ തിന്നുംഅവൾ ചിരിച്ചു .“കറുത്ത വിധവകൾ എന്നൊരു ഇനം ഉണ്ട്. ആ  പെൺചിലന്തികൾ ഇണ ചേർന്ന ശേഷം ആണിനെ കൊന്നു തിന്നും ..”.അവൾ വീണ്ടും ചിരിച്ചു

ഒഴിഞ്ഞ ചായകപ്പ്  താഴെ വെക്കുമ്പോഴേക്കും അവന് തലകറങ്ങി .
രാവിലെ  പോലീസ് അവനെ കാണുമ്പോൾ  വായിൽ നിന്ന് നുരയും പതയും വന്നിരുന്നു. വായിൽ  തിരുകി കയറ്റിവച്ചിരുന്ന മൊബൈലിൽ നിന്ന് വാട്ട്സ് ആപ് മെസ്സേജുകളുടെ ബീപ്പ് ശബ്ദങ്ങൾ

കള്ളനോട്ടിനെതിരെ ഒരു സർജിക്കൽ സ്‌ട്രൈക്

സിറാജ് പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ വന്ന എന്റെ ലേഖനം ( എഴുതാൻ പ്രേരിപ്പിച്ച സിറാജിലെ കെ.എം അബ്ബാസിന് നന്ദി)
------------------

ഇന്ത്യൻ സാമ്പത്തിക മേഖലയിൽ അടുത്തിടെ ഉണ്ടായ വിപ്ലവകരമായ ഒരു തീരുമാനമാണ് 500 , 1000 രൂപയുടെ പിൻവലിക്കൽ പ്രഖ്യാപനം . ഒറ്റ രാത്രി കൊണ്ട് കടലാസ്സിന്റെ വിലപോലും ഇല്ലാതായത് 2320 കോടി നോട്ടുകളാണ് . ഇതിൽ 1650 കോടി 500 രൂപാ നോട്ടുകളും 670 കോടി 1000 രൂപാ നോട്ടുകളുമുണ്ട് . ഇന്ത്യയിലെ മൊത്തം പണത്തിന്റെ 84 ശതമാനവും ഈ നോട്ടുകളായിരുന്നു . അതായത് വെറും 16 ശതമാനം മൂല്യമുള്ള നോട്ടുകൾ മാത്രമേ ഇപ്പോൾ രാജ്യത്തു നിലവിലുള്ളു . മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഏതാണ്ട് 17 ലക്ഷം കോടി രൂപയാണ് ഇങ്ങനെ തുടച്ചു നീക്കിയത് . ഇതിൽ ഒൻപതു ശതമാനം കള്ളനോട്ടാണെന്നു റിസർവ് ബാങ്ക് തന്നെ സമ്മതിക്കുന്നു . എന്നാൽ 30 ശതമാനത്തോളം കള്ളനോട്ട് ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ . ഇങ്ങനെ വന്നാൽ ഏകദേശം അഞ്ചു ലക്ഷം കോടി രൂപയുടെ കള്ളനോട്ടുകൾ ഈ ശുചീകരണത്തിലൂടെ പുറത്താകും . 1978 -ലാണ് ഇന്ത്യയിൽ ഇതുപോലെ നോട്ടുകൾ പിൻവലിച്ചത് .1000 ,5000 ,10000 രൂപയുടെ നോട്ടുകളായിരുന്നു അന്ന്‌ പിൻവലിച്ചത് . വ്യത്യാസം ഒന്നു മാത്രം . അന്ന് ഈ നോട്ടുകൾ സാധാരണക്കാർക്ക് അപ്രാപ്യമായിരുന്നു . 
എന്നാൽ പെട്ടെന്നുള്ള തീരുമാനം കൊണ്ട് സാമാന്യ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഊഹിക്കാവുന്നതേയുള്ളൂ . ഇത് മാറിവരാൻ നിരവധി ദിവസങ്ങൾ എടുക്കും, ബിസിനസ്സ് രംഗത്തും തിരിച്ചിടികൾ ഉണ്ടാകും . ക്രെഡിറ്റ് കാർഡും എ .ടി .എം കാർഡുകളും ഇല്ലാത്ത കോടിക്കണക്കിന് സാധാരണക്കാരായ ഇന്ത്യക്കാർ അവശ്യ വസ്തുക്കൾ വാങ്ങാൻ പോലും പാടുപെടും . എന്നാൽ രാജ്യത്തെ കാർന്നു തിന്നുന്ന ഒരു ദോഷത്തെ അകറ്റാനുള്ള പ്രയാസങ്ങളായേ ഇതിനെ കാണാനാകൂ .. 
കള്ളപ്പണവും കള്ളനോട്ടും ഇവിടെ രണ്ടായി കാണണം. പാക്കിസ്ഥാനിൽ നിന്ന് കണ്ടയ്‌നറുകളിൽ എത്തുന്ന കള്ളനോട്ടും ഇന്ത്യക്കകത്തു നിർമ്മിക്കുന്നതുമൊക്കെയായി രാജ്യത്തിന്റെ സമ്പത്ത്‌ വ്യവസ്ഥ തന്നെയാണ് തകർന്നുകൊണ്ടിരുന്നത്. കുറെയൊക്കെ ഇത്തരം കള്ളനോട്ടുകളെ നിയന്ത്രിക്കാൻ ഈ നടപടിക്കു കഴിയും . പുതിയ നോട്ടുകളുടെ വ്യാജ പതിപ്പുകൾ ഉണ്ടായിക്കൂടെന്നില്ല . അതിനുള്ള ജാഗ്രതയും ഇതോടൊപ്പം ഉണ്ടാവണം.
കൈക്കൂലി, ആയുധ ഇടപാട്, ഭൂമി ഇടപാട്, ഭീകര പ്രവർത്തനം, ചലച്ചിത്ര നിർമ്മാണം, സ്വർണ്ണ വ്യാപാരം തുടങ്ങിയവയ്‌ക്കായി വൻതോതിൽ കള്ളപ്പണം ഉപയോഗിക്കുന്നുണ്ട് . അനധികൃത മാർഗ്ഗത്തിലൂടെ പണം സമ്പാദിച്ചു ഇത്തരം ഇടപാടുകൾ നടത്തുന്നവരെയും ഒരു പരിധി വരെ നിയന്ത്രിക്കാൻ ഈ നീക്കത്തിന് കഴിയും .
പ്രവാസികളുടെ പണം നഷ്ടപ്പെടുമോ ?
______________________________
ഗൾഫിലും മറ്റു വിദേശ രാജ്യങ്ങളിലുമുള്ള പ്രവാസികളുടെ പക്കൽ പിൻവലിച്ച 500 , 1000 രൂപ നോട്ടുകൾ ഉണ്ടെങ്കിൽ അത് ആ രാജ്യങ്ങളിലെ പണമിടപാട് സ്ഥാപങ്ങളിലൂടെ മാറിഎടുക്കാൻ ആവില്ല . ഇന്നലെ രാത്രി തന്നെ ഈ പണം സ്വീകരിക്കുന്നത് മണി എക്സ് ചേഞ്ചുകൾ നിർത്തിവെച്ചിരുന്നു. 
കൈയിലുള്ള പണം നാട്ടിൽ എത്തുമ്പോൾ ( ഡിസംബർ 31 ന് മുൻപ് ) എൻ.ആർ .ഒ അക്കൗണ്ടിൽ നിക്ഷേപിക്കാനാണ് അധികൃതർ ഇത് സംബന്ധിച്ചു നൽകിയ വിശദീകരണം. ഉടനെ നാട്ടിൽ പോകാത്തവർക്ക് മറ്റുള്ളവരുടെ സഹായത്തോടെ ഇതു ചെയ്യാം. ഇതിനായി തിരിച്ചറിയൽ രേഖകളും അവരെ അധികാരപ്പെടുത്തിക്കൊണ്ടുള്ള സർട്ടിഫിക്കറ്റും സമർപ്പിക്കണം .25,000 രൂപയിൽ കൂടുതൽ വിദേശ ഇന്ത്യക്കാർ സൂക്ഷിക്കാൻ പാടില്ല എന്ന നിയമം ഇപ്പോൾ തന്നെയുണ്ട്. അടുത്ത മൂന്നുദിവസത്തേക്കു യാത്ര ചെയ്യന്നവർക്കു വിമാനത്താവളത്തിൽ നിന്നും 5000 രൂപാവരെ മാറിയെടുക്കാൻ സൗകര്യം ഉണ്ടാകും. ഇതിനൊന്നും കഴിയാതെ പണം കൈയ്യിൽ ബാക്കി ഉള്ളവർക്ക് അടുത്ത വർഷം മാർച്ച് 31- നകം റിസർവ് ബാങ്കിന്റെ അംഗീകൃത കേന്ദ്രങ്ങളിൽ നിന്ന് മാറിയെടുക്കാം . ഇതിനും ആവശ്യമായ രേഖകൾ സമർപ്പിക്കേണ്ടി വരും .
തിരക്കുപിടിച്ച തീരുമാനം ?
____________________
ഇത്ര തിരക്ക് പിടിച്ചു ജനങ്ങളെ വലയ്ക്കുന്ന ഇത്തരം ഒരു തീരുമാനം വേണ്ടായിരുന്നുവെന്നുള്ള പരാതി പരക്കെ ഉണ്ട് . പരസ്യ പ്രഖ്യാപനം നടത്തി പെരുമ്പറ കൊട്ടി കള്ളനെ പിടിക്കാനാവില്ല എന്നത് പോലെ തന്നെ ചിലകാര്യങ്ങളിൽ അപ്രതീക്ഷിതമായ “സർജിക്കൽ സ്ട്രൈക്ക്” ആവശ്യമായി വരുന്നു .
ഒരു സുപ്രഭാതത്തിൽ തുഗ്ലക്കിൻ്റെ ഭരണ പരിഷ്ക്കാരം പോലെ നടത്തിയ പ്രഖ്യാപനം അല്ല ഇതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത് . ആറു മാസം മുൻപ് തന്നെ 2000 രൂപയുടെ നോട്ടുകൾ തയ്യാറാക്കാൻ രഹസ്യമായി നിർദ്ദേശം ഉണ്ടായി . മൂന്ന് മാസം മുൻപ് അതിൻ്റെ അച്ചടി തുടങ്ങി .
കള്ളനോട്ടുകൾ ധാരാളം ഉണ്ടെന്നും അതിനാൽ 500, 1000 നോട്ടുകൾക്ക് പകരം 100 രൂപയുടെ നോട്ടുകൾ പരമാവധി വിതരണം ചെയ്യണമെന്നും റിസർവ് ബാങ്ക് ആവർത്തിച്ചു ബാങ്കുകളെ ഓർമ്മിപ്പിച്ചു . 100 രൂപ വിതരണം ചെയ്യുന്ന പുതിയ എ .ടി .എം കൗണ്ടറുകൾക്കു രണ്ട് ലക്ഷം രൂപാ വരെ സൗജന്യം നൽകാം എന്ന് റിസർവ് ബാങ്ക് വാഗ്‌ദാനം ചെയ്തപ്പോഴും ഇതിന്റെ പിന്നിലെ രഹസ്യം മണത്തറിയാൻ ആർക്കും കഴിഞ്ഞില്ല എന്നതാണ് സത്യം .
കുറഞ്ഞത് 2300 കോടി ഇത്തരം നോട്ടുകൾ അച്ചടിക്കണം . പകുതിയിലേറെ അച്ചടിച്ചു കഴിഞ്ഞു . പുതിയ സുരക്ഷാ മാർക്കുകൾ , ബ്രെയ്‌ലി ലിപി ഇവയൊക്കെ ചേർത്താണ് പുതിയ നോട്ടുകൾ അച്ചടിക്കുന്നത്. എവിടെ ഒളിച്ചു വെച്ചാലും കണ്ടെത്താവുന്ന ഇലക്ട്രോണിക്ക് ചിപ്പുകൾ ഉൾപ്പെടുത്തിയുള്ള നോട്ടുകളാണ് അടിക്കുന്നതെന്ന വാർത്ത തെറ്റാണെന്ന് റിസർവ് ബാങ്ക് വിശദീകരിച്ചി ട്ടുണ്ട് . സാങ്കേതികമായി സാധ്യമാണെങ്കിലും ഇത്തരം ഒരു നോട്ട് അടിക്കാൻ 50 രൂപയിലേറെ ചെലവ് വരും .വൻ സാമ്പത്തിക ബാധ്യത വരുന്ന ഏർപ്പാടാണിത് . ഇപ്പോൾ തന്നെ സാധാരണ നിലയിൽ അച്ചടിക്കാൻ കോടിക്കണക്കിന് രൂപ വേണ്ടി വരും . വിവരാവകാശ രേഖകൾ അനുസരിച്ചു മുൻപ് 500 രൂപയുടെ ഒരു നോട്ട് അടിക്കാൻ രണ്ട് രൂപ അമ്പതു പൈസയും 1000 രൂപയുടെ ഒരു നോട്ട് അടിക്കാൻ 3.17 രൂപയും ചെലവ് വന്നിരുന്നു . പുതിയ കണക്കനുസരിച്ചു ഇത് കൂടിയേക്കാം . 500 , 2000 രൂപയുടെ കറൻസി നോട്ടുകൾക്കു പുറമെ 1000 രൂപയുടെ നോട്ടുകളും അച്ചടിക്കുന്നുണ്ട് . അതായത് ഏകദേശം 12,000 കോടി രൂപാ ഇതിനായി ചെലവാകും എന്നാണ് ഏകദേശ കണക്ക്. ഇന്ത്യയെ പോലെ ഒരു രാജ്യത്തിന് ഈ തുക വളരെ വലുതാണ് . 
പേപ്പർ കറൻസിയുടെ കാലം പതിയെ കഴിയുകയാണ് . പകരം പ്ലാസ്റ്റിക് കാർഡുകൾ സ്ഥാനം പിടിക്കുന്നു ഇതിനകം തന്നെ 35 കോടിയോളം ഇന്ത്യക്കാർ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക് . മൂന്ന് വർഷത്തിനുള്ളിൽ ഇത് 50 - 55 കോടിയാകും ..അതായത് ഇപ്പോൾ തന്നെ മൂന്ന് ഇന്ത്യക്കാരിൽ ഒരാൾക്ക് കാർഡുണ്ട് !. എല്ലാ ഇടപാടുകളും ഇ -ട്രാൻസ്ഫറുകൾ ആകുന്ന ഒരു കാലമാണ് ഇനി വരുന്നത് . ആധാർ കാർഡും, പാൻ കാർഡും സജീവമായതോടെ എല്ലാ ഇടപാടുകളും സുതാര്യമാകുന്ന ഒരു ഇന്ത്യൻ 
സമ്പത് വ്യവസ്ഥയാണ് ഇന്ത്യ ലക്ഷ്യമിടുന്നത് . നമ്മുടെ ആദായ നികുതി വകുപ്പ് നികുതി വെട്ടിപ്പിനുള്ള പഴുതുകൾ ഓരോന്നായി അടച്ചുകൊണ്ടിരിക്കുന്നു.
കള്ളപ്പണക്കാർ നോട്ടുകെട്ടുകൾ വീട്ടിലല്ല സൂക്ഷിക്കുന്നതെന്നും വസ്തുവായും സ്വർണ്ണമായും വിദേശരാജ്യങ്ങളിലുമൊക്കെയാണ് ഇവ ഉണ്ടാവുകയെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞത് ഏറെക്കുറെ ശരിയാണ്. ആ മേഖലയിലേക്കും ഇനി ശക്തമായാ ഇടപെടലുകൾ ഉണ്ടാകേണ്ടിയിരിക്കുന്നു. എന്നാൽ ഇപ്പോൾ ഉണ്ടായ ഈ നീക്കത്തെ വിലകുറച്ചു കാണാനാവില്ല . കള്ളപ്പ ണത്തെയും കള്ള നോട്ടിനെയും നേരിടാനുള്ള ഒരു ഇച്ഛാശക്തി ഇവിടെ കാണുന്നുണ്ട് . അത് അഭിനന്ദനീയമാണ്‌.

2016 ഫെബ്രുവരി 7, ഞായറാഴ്‌ച

എണ്ണയുടെ ഭാവി ...; ശേഷം ചിന്ത്യം


എണ്ണയുടെ ഭാവിയെ പറ്റി ഞാൻ എഴുതിയ ലേഖനം സിറാജ് പത്രത്തിൽ ഇന്ന് പ്രസിദ്ധീകരിച്ചപ്പോൾ. എണ്ണ വില ഇത്രത്തോളം എന്തുകൊണ്ട് കുറഞ്ഞു ? ഇനി വില ഉയരുമോ ?
എണ്ണ വിൽപനയിൽ ആശ്രയിച്ച് കഴിയുന്ന രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി എങ്ങനെ ആകും ? എണ്ണയെ പിന്തള്ളി പുതിയ ഊർജ സ്രോതസ്സുകൾ ( ഹെവി ഓയിൽ , ഷേൽ ഓയിൽ , ആണവ , സോളാർ ഊർജം ...തുടങ്ങിയവ ) വിപണി നിയന്ത്രിക്കുമോ ?.... ഇങ്ങനെയുള്ള ചോദ്യങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.


എണ്ണയുടെ ഭാവി ...; ശേഷം ചിന്ത്യം


ഷാർളി ബെഞ്ചമിൻ
ആപത്ത് വരുമ്പോഴും, സാമ്പത്തികപ്രശ്നം വരുമ്പൊഴുമൊക്കെ ജ്യോതിഷികളുടെ അടുത്തേക്ക് ഓടി പോകുന്നവർ ഇപ്പോഴും നമ്മുടെ നാട്ടിൽ ഉണ്ട് . ഭാവിയെ കുറിച്ചുള്ള ആശങ്കയാണ് ഇതിന് കാരണം . അയാൾ കവടി നിരത്തിയോ , ജാതകം നോക്കിയോ ഭാവി പറയും. എത്ര വയസ്സ് വരെ ജീവിക്കും എന്ന് ഒരു കണിയാനും പറയില്ല ! മറിച്ച് വാർദ്ധക്യ കാലത്ത് ( ഉദാഹരണം 85 വയസ്സ് ) ദശാസന്ധി ആണെന്നും, രോഗപീഡകൾ ഉണ്ടാവുമെന്നും പറഞ്ഞിട്ട് . "ശേഷം ചിന്ത്യം " എന്ന് പറയും . ഇതോടെ തൻറെ കാര്യം " ശുഭം" ആയെന്ന് ഭാവി അറിയാൻ ആഗ്രഹിക്കുന്നവർ ഊഹിച്ചു കൊള്ളണം !!. 
എണ്ണയുടെ ഭാവി എന്തെന്ന് കുറെ നാളായി സാമ്പത്തിക മേഖലയിലെ വിദഗ്ദർ ( സാമ്പത്തിക കണിയാന്മാർ !! ) പ്രവചിച്ചു തുടങ്ങിയിട്ട്. എണ്ണ വില ഇത്രത്തോളം എന്തുകൊണ്ട് കുറഞ്ഞു ? ഇനി വില ഉയരുമോ ? എണ്ണ വിൽപനയിൽ ആശ്രയിച്ച് കഴിയുന്ന രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി എങ്ങനെ ആകും ? എണ്ണയെ പിന്തള്ളി പുതിയ ഊർജ സ്രോതസ്സുകൾ ഉണ്ടാകുമോ ?.... ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് സാമ്പത്തിക മേഖലയിൽ ഇപ്പോൾ പൊതുവെ ചർച്ച ചെയ്യന്നത് . 

ബാരലിന് 136 ഡോളർ വരെ ഉണ്ടായിരുന്ന അസംസ്കൃത എണ്ണയുടെ വില ഇന്ന് 33 ഡോളറാണ്. അതായത് ഒരു ലിറ്റർ വെള്ളത്തേക്കാൾ വിലക്കുറവ് !. എന്തു കൊണ്ട് ഇത് സംഭവിച്ചു എന്ന ചോദ്യത്തിന് മറുപടി " ഇപ്പോൾ കണ്ടകശനിയാണ് " എന്ന ഉത്തരമല്ല ലഭിക്കുക !. മറിച്ച് എണ്ണയുടെ ആവശ്യം കുറയുകയും ഉത്പാദനം കൂടുകയും ചെയ്തു എന്നതാവും ഉത്തരം . എണ്ണ ഇറക്കുമതി ചെയ്തിരുന്ന അമേരിക്ക ഇന്ന് എണ്ണ ഉത്പാദന രാജ്യങ്ങളിൽ മുന്നിൽ എത്തിയിരിക്കുന്നു . അതിനാൽ തന്നെ അവിടേക്കുള്ള എണ്ണ ഇറക്കുമതി നന്നേ കുറഞ്ഞു . ചൈന പോലുള്ള വ്യാവസായിക രാജ്യങ്ങളിൽ എണ്ണ ഉപയോഗം അനുദിനം കുറഞ്ഞു വരുന്നു . അവരുടെ ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഇല്ലാത്തതിനാൽ ഫാക്ടറികൾ പലതും നിശ്ചലമാണ്. ആഗോള തലത്തിൽ തന്നെ എണ്ണയുടെ ഉപഭോഗം കുറയുമ്പോൾ എണ്ണ ഉത്പാദന രാജ്യങ്ങൾ എണ്ണ ഉത്പാദനം കൂട്ടി " എണ്ണ പ്രളയം " സൃഷ്ടിക്കുന്നു. ഉത്പാദനം കുറക്കാൻ ഒരു രാജ്യവും തയ്യാറാകുന്നില്ല എന്നതാണ് സത്യം . തങ്ങൾക്ക് മാർക്കറ്റിൽ ഉണ്ടായിരുന്ന ആധിപത്യം നഷ്ടപ്പെടുകയും മറ്റു രാജ്യങ്ങൾ ആ സ്ഥാനം കൈയ്യടക്കുകയും ചെയ്യും എന്ന് അവർ ഭയപ്പെടുന്നു . 
ഉദാഹരണത്തിന് പ്രമുഖ എണ്ണ ഉത്പാദന രാജ്യങ്ങളായ റഷ്യ , വെനുസ്വല തുടങ്ങിയവ വൻ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് . ഇവർക്ക് കിട്ടിയ വിലക്ക് എണ്ണ വിറ്റ് പണം സ്വരൂപിക്കെണ്ടിയിരിക്കുന്നു. എത്രത്തോളം എണ്ണ വിൽക്കാമോ അത്രയും വിൽക്കുക എന്നതാണ് അവരുടെയും മറ്റു രാജ്യങ്ങളുടെയും ലക്ഷ്യം . വെനുസ്വല യുടെ പണപ്പെരുപ്പം 275 ശതമാനത്തിൽ നിന്നും 720 ആയി ഉയർന്നു എന്ന് അറിയുമ്പോൾ ആ രാജ്യത്തിന്റെ സ്ഥിതി ആലോചിക്കാവുന്നതേയുള്ളു. ഐക്യരാഷ്ട്ര സഭക്ക് നൽകാനുള്ള അംഗത്വ ഫീസ് പോലും നൽകാത്തതിനാൽ അവർക്ക് വോട്ടവകാശം നഷ്ടപ്പെട്ട അവസ്ഥയാണ്. എണ്ണ ഉത്പാദിപ്പിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളുടെ സ്ഥിതിയും വളരെ മോശമാണ് . ഗൾഫ് രാജ്യങ്ങളുടെ പക്കൽ നിക്ഷേപങ്ങളും( മറ്റു രാജ്യങ്ങളിലും അവർ നരവധി നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട് ), റിസേർവ് ഫണ്ടുകളും ഉള്ളതിനാൽ ഉടനെ ഒരു പ്രകടമായ തിരിച്ചടി ഉണ്ടാവില്ല . എന്നാൽ മറ്റ് മാർഗങ്ങളിലൂടെ വരുമാനം വർധിപ്പിക്കാനുള്ള ഊർജിത ശ്രമങ്ങൾ ഉണ്ടാവും . നികുതി ഏർപ്പെടുത്തുക , സബ്സിഡികൾ വെട്ടിക്കുറക്കുക ( വെള്ളം , പെട്രോൾ ,ഡീസൽ , പാചകവാതകം , വൈദ്യുതി , ആശുപത്രി , മരുന്ന് തുടങ്ങിയവ ) , പല സേവനങ്ങൾക്കും നിരക്ക് വർധിപ്പിക്കുക എന്നിവയാണ് പണം സ്വരൂപിക്കാൻ കാണുന്ന ഒരു മാർഗം. കൂടാതെ എണ്ണ ഇതര മാർഗങ്ങളിലൂടെ വരുമാനം കൂട്ടാനും ശ്രമം നടക്കുന്നു. മറ്റു വ്യവസായങ്ങൾ സ്ഥാപിക്കുക , കച്ചവടം , ടൂറിസം ഇവയിലൂടെ വരുമാനം നേടുക തുടങ്ങിയവയാണ് ലക്ഷ്യം. ഇതൊക്കെയാണെങ്കിലും മുഖ്യ വരുമാന സ്രോതസ്സ് പ്രകടമായി കുറയുമ്പോൾ ഉള്ള തിരിച്ചടികൾ സമ്പത്ത് വ്യവസ്ഥയിൽ അനുഭവപ്പെടും.
ഇറാനു മേലുള്ള യു . എൻ ഉപരോധം നീക്കിയതോടെ ഇറാനും വൻ തോതിൽ എണ്ണ വിറ്റഴിക്കുകയാണ്. ഇതിന് പുറമെ തങ്ങൾക്ക് എതിരുള്ള രാജ്യങ്ങളെ സാമ്പത്തീകമായി തകർക്കാൻ വിപണിയിലേക്ക് കൂടുതൽ കൂടുതൽ എണ്ണ ചില രാജ്യങ്ങൾ പമ്പ് ചെയ്യുന്നു എന്ന ഒരു ആരോപണവും നിലവിൽ ഉണ്ട് . തങ്ങൾക്ക് നഷ്ടം വന്നാലും മറ്റവനെ തകർക്കണം എന്ന ഗൂഢാലോചന ആണ് ഇതിന് പിന്നിൽ എന്ന് ചില സാമ്പത്തിക വിദഗ്ധർ ആരോപിക്കുന്നു . 
എണ്ണ വില പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരുമോ ? എന്നതാണ് അടുത്ത ചോദ്യം . ഉടനെ അത്തരം ഒരു മാറ്റം പ്രതീക്ഷിക്കാനാവില്ല എന്നതാണ് പൊതുവെ ലഭിക്കുന്ന ഉത്തരം . നിലവിലുള്ള ക്രൂഡ് ഓയിൽ നിക്ഷേപം തന്നെ ഇനി 2- 3 ദശാബ്ദക്കാലം ലോകത്തിന്റെ ആവശ്യം അനുസരിച്ച് നൽകാൻ ഉണ്ട് . "ലൈറ്റ് ക്രൂഡ് ഓയിൽ " ( സാന്ദ്രത കുറഞ്ഞ അസംസ്കൃത എണ്ണ ) ആണ് അടുത്തിടെ വരെ വിപണിയെ നിയന്ത്രിച്ചിരുന്നത്. എന്നാൽ "ഹെവി ഓയിൽ" , ഷേൽ ഓയിൽ " എന്നീ ഉത്പന്നങ്ങൾ വിപണിയിൽ പ്രകടമായ ഇടപെടൽ നടത്തി തുടങ്ങിയതോടെ ലൈറ്റ് ക്രൂഡ് ഓയിലിന്റെ വില ഇടിഞ്ഞു.


ഹെവി ഓയിൽ : വില കുറച്ചതിൽ നിർണ്ണായക പങ്ക്

" ഹെവി ഓയിൽ " എന്ന ദ്രാവകം വേർതിരിച്ച് ഇന്ധനമാക്കുന്ന പ്രക്രീയ ഇപ്പോൾ വ്യാപകം ആണ്.ഏതാണ്ട് ഉരുകിയ ടാറിന്റെ അവസ്ഥയിൽ ആണിത് ഭൂമിക്കടിയിൽ കാണുന്നത് .കാനഡയിലും വെനുസ്വലയിലും മറ്റും ഇതിന്റെ നിക്ഷേപം വൻതോതിൽ കണ്ടെത്തിയിട്ടുണ്ട് . ലോകത്തിന് മുഴുവൻ വേണ്ട എണ്ണ 30 വർഷത്തോളം ഇങ്ങനെ നൽകാൻ കാനഡയ്ക്ക് മാത്രം കഴിയുമത്രേ . സാന്ദ്രത കൂടിയ എണ്ണ ആയതിനാൽ അത് വേർതിരിക്കുന്നതിന് ചെലവ് താരതമ്യേന കൂടുതൽ ആണ് . ബാരലിന് 43 ഡോളർ ചെലവ് വരും ഇത് ഉത്പാദിപ്പിക്കാൻ . നഷ്ടം സഹിച്ചും കാനഡ ഇപ്പോഴും ഈ എണ്ണ ഉത്പാദിപ്പിക്കുന്നു . സാധാരണ ക്രൂഡ് ഓയിൽ ഡ്രിൽ ചെയ്ത് പമ്പ് ചെയ്ത് എടുക്കുന്നതിനെക്കാൾ ‘ ഹെവി ഓയിൽ’ എടുക്കാൻ കൂടുതൽ ശ്രമം വേണം. ആദ്യം വൻ തോതിൽ ചൂടുള്ള നീരാവി ഭൂമിക്കടിയിലുള്ള എണ്ണ പാടത്തിലേക്കു ( റിസർവയർ ) പ്രവഹിപ്പിക്കുന്നു . കട്ടിയുള്ള എണ്ണയെ ഇത് അലിയിപ്പിക്കുകയും വെള്ളവും എണ്ണയും ചേർന്ന ഒരു ലായനി ആയി മാറുകയും ചെയ്യും . ഇത് പമ്പ് ചെയ്ത് ശുദ്ധീകരിച്ചാണ് എണ്ണ ഉത്പാദി പ്പിക്കുന്നത്. ചെലവ് കൂടാതെ പരിസ്ഥിതിക്ക് വൻ ആഘാതവും ഇത് ഉണ്ടാക്കും. ഹരിതഗ്രഹ വാതകങ്ങൾ, മാലിന്യം ...തുടങ്ങി നിരവധി പ്രശ്നങ്ങൾ ഇത് മൂലം ഉണ്ടാകുന്നു . എന്നാൽ ഇവയൊക്കെ മറികടക്കാൻ വ്യപകമായ ഗവേഷണങ്ങൾ നടക്കുന്നു. 10 വർഷത്തിനകം വൻ തോതിൽ ഇത് ഇനിയും കുറഞ്ഞ ചിലവിൽ ഉത്പാദിപ്പിക്കാൻ കഴിഞ്ഞേക്കും .

ഷേൽ ഓയിൽ : മത്സരം മുറുകുന്നു

ചില പ്രദേശങ്ങളിൽ ഭൂമിയുടെ അടിയിൽ ഒരു പ്രത്യേകതരം പാറക്കഷണങ്ങൾ കാണാം . ചെറിയ മണൽ തരികൾ ചേർന്ന് കട്ടിയായത് , അല്ലെങ്ങിൽ കൽക്കരി പോലെയുള്ള ഒരു അവസ്ഥയിൽ ആകും ഇത് . ഇതിനെ കീറോജെൻ ഷേൽ എന്ന് പറയുന്നു . ഇതിൽ നിരവധി ജൈവ രാസ വസ്തുക്കൾ അടങ്ങിയിരിക്കുന്നു . ഇതിൽ നിന്നുമാണ് ഷേൽ ഓയിൽ ഉത്പാദി പ്പിക്കുനത്. എന്നാൽ ഈ പ്രക്രീയ അത്ര ലളിതമല്ല . മാത്രമല്ല ചെലവേറിയതും വൻ പരിസ്ഥിതി പ്രത്യാഘാതങ്ങൾ ഏൽപ്പിക്കുന്നതുമാണ് . 
ആദ്യം കീറോജെൻ ഷേലിനെ വളരെ ഉയർന്ന അളവിൽ ചൂടാക്കുന്നു . ഇതിൽ നിന്നും ഉളവാകുന്ന വാതകം തണുപ്പിച്ചാണ് ഷേൽ എണ്ണ ഉൽപ്പാദിപ്പിക്കുന്നത് . കീറോജെൻ ഷേൽ നേരിട്ട് വൈദ്യുതി ഉൽപ്പാദനത്തിന് ഫർണസുകൾ കത്തിക്കാനും തണുപ്പുകാലത്ത് വീടുകൾ ചൂടാക്കാനും വ്യവസായ മേഖലയിലും ഉപയോഗിക്കാം .
യു . എസ് ഈ ഇനത്തിലുള്ള എണ്ണ വ്യാപകമായി ഉത്പാദിപ്പിക്കാൻ തുടങ്ങിയോതോടെ എണ്ണയുടെ പ്രതാപ കാലം കഴിഞ്ഞു എന്ന് പറയാം . അമേരിക്കക്ക് പുറമേ റഷ്യ, ഓസ്ട്രേലിയ, ഫ്രാൻസ്, ജർമ്മനി, ബ്രസീൽ, ചൈന, ജോർദാൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ ഷേൽ നിക്ഷേപം വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്. സാധാരണ ക്രൂഡ് ഓയിൽ നിക്ഷേപത്തോളം തന്നെ ഷേൽ നിക്ഷേപവും ഉണ്ടാകും എന്നാണ് കണക്കാക്കപെടുന്നത്. ഇന്ത്യയിലെ ഗുജറാത്തിലെ ഖംബാത്ത് മേഖലയിലും ആസ്സാമിലെ അരക്കാൻ പ്രദേശത്തും ഇതിന്റെ നിക്ഷേപം കണ്ടത്തി കഴിഞ്ഞു .
അമേരിക്കയിൽ ഇതിന്റെ ഉത്പാദന ചെലവ് ബാരലിന് 70 മുതൽ 90 ഡോളർ വരെയാണ് .കെറോജെന്റെ ഗുണ നിലവാരം അനുസരിച്ച് ഇതിന്റെ വില ഏറിയും കുറഞ്ഞുമിരിക്കും. വ്യാപകമായി ഉത്പാദനം നടക്കുമ്പോൾ ഉത്പാദന ചെലവ് ബാരലിന് 30 ഡോളർ വരെ ആകാം എന്നതാണ് കണക്കാക്കുന്നത് . അമേരിക്ക ഇതിന്റെ ഉത്പാദനം ഊർജിതമാക്കിയപ്പോൾ സാധാരണ എണ്ണ ഉത്പാദന രാജ്യങ്ങൾ ഈ കച്ചവടത്തെ പൊളിക്കാൻ തങ്ങളുടെ എണ്ണ വില കുറച്ച് വിൽക്കാൻ തുടങ്ങി. കൂടാതെ ഉത്പാദനം കൂട്ടുകയും ചെയ്തു . ഇതോടെ എണ്ണ വില ഇടിഞ്ഞു തുടങ്ങി . ഈ മത്സരം ഇനിയും തുടരും .

സ്ഥലത്തിന്റെ വ്യാപകമായ ഉപയോഗം , മാലിന്യ നിക്ഷേപം , ജലത്തിന്റെ വൻ തോതിലുള്ള ഉപയോഗം , ഹരിതഗ്രഹ വാതകങ്ങൾ ഉയർത്തുന്ന പ്രശ്നങ്ങൾ, വായു മലിനീകരണം ഇങ്ങനെ നിരവധി വിഷയങ്ങൾ ഈ എണ്ണ ഉത്പാദനവുമായി ബന്ധപ്പെട്ട് ഉയർന്ന് വരുന്നു. ഖനനം നടക്കുന്ന അമേരിക്കയിലെ ഒകലോഹോമയിൽ ഭൂചലനത്തിന്റെ തോത് 50 ശതമാനം വർദ്ധിച്ചതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു . ഭൂമിക്കടിയിലെ പാളികളുടെ ഘടനയിൽ ഉണ്ടാകുന്ന വ്യതിയാനം ആണ് ഇതിന്റെ കാരണം എന്നാണ് സൂചന . പരിസ്ഥിതി ആഘാതം പരമാവധി കുറച്ച് എണ്ണ ഉത്പാദിപ്പിക്കാനുള്ള ഗവേഷണങ്ങൾ ഊർജിതമായി നടക്കുന്നു.

ഇതര ഊർജ സ്രോതസ്സുകളും സജീവം.
ഇത്തരം എണ്ണകൾക്ക് പുറമേ മറ്റ് ഊർജ മാർഗങ്ങളും അനുദിനം വികസിച്ചു കൊണ്ടിരിക്കുകയാണ് . വിനാശകരമായ റേഡിയേഷൻ ഭീഷണി നില നിൽക്കുമ്പോൾ തന്നെ ആണവ ഊർജം ഒരു ബദൽ മാർഗമായി ഇപ്പോഴും സജീവമാണ് . സൂര്യതാപത്തിൽ നിന്നുള്ള വൈദ്യുതി, കാറ്റ്, തിരമാല, നാം വലിച്ചെറിയുന്ന ജൈവ അവശിഷ്ടങ്ങൾ ഇവയിൽ നിന്നൊക്കെ പരിസ്ഥിതി ആഘാതം കുറഞ്ഞ ഊർജം ഉത്പാദിപ്പിക്കാൻ കഴിയുന്നുണ്ട്.
ഇതിൽ സോളാർ വൈദ്യുതി ബഹു ദൂരം മുന്നേറിയിരിക്കുന്നു. ഇനിയുള്ള കാലം സോളാറിന്റെതാകും എന്നാണ് ശാസ്ത്ര ലോകം കണക്കാക്കുന്നത്. നിരവധി കാലം ഉപയോഗിക്കാവുന്ന ശക്തിയുള്ള ബാറ്ററികൾ, ചെറിയ ചൂടിനെ പോലും ആഗീരണം ചെയ്യാൻ കഴിയുന്ന പാനലുകൾ ഇങ്ങനെ ഈ രംഗത്ത് ഗവേഷണം പലതലത്തിൽ നടക്കുന്നു. ഇതിൽ പലതും വിജയം കണ്ടു കഴിഞ്ഞു . സോളാർ പാനലുകൾ കൊണ്ട് പറക്കുന്ന വിമാനം പോലും ആയിക്കഴിഞ്ഞു. 20 വർഷത്തിനകം നിരത്തിൽ ഇറങ്ങുന്ന വാഹനങ്ങളിൽ ഇന്ധനം നിറക്കേണ്ടി വരില്ല എന്ന പ്രതീക്ഷയിൽ ആണ് ഗവേഷകർ. നെടുമ്പാശേരി വിമാനത്താവളം ഇപ്പോൾ പൂർണമായും സോളാർ വൈദ്യുതിയിൽ ആണ് പ്രവർത്തിക്കുന്നത് . വീടുകൾ, ഫാക്ടറികൾ തുടങ്ങി എവിടെയും സൗരോർജം ഉപയോഗിക്കാം . 
ഇത്തരത്തിൽ വിവിധ മേഖലയിൽ നിന്നുള്ള സമ്മർദ്ദം ഇന്ന് വിപണിയിൽ സജീവമായിരിക്കുന്ന അസംസ്കൃത എണ്ണക്ക് താങ്ങാൻ കഴിഞ്ഞു എന്ന് വരില്ല . " ശേഷം ചിന്ത്യം ...ശുഭം ! "