Pages

2015 മാർച്ച് 28, ശനിയാഴ്‌ച

138 വർഷം പഴക്കമുള്ള പുനലൂർ തൂക്കുപാലം


138 വർഷം പഴക്കമുള്ള പുനലൂർ തൂക്കുപാലം ഡോ . വിളക്കുടി രാജേന്ദ്രൻ കവി പുനലൂർ ബാലനെപ്പറ്റി എഴുതിയ "പൗരുഷത്തിന്റെ ശക്തിഗാഥ" എന്ന പുസ്തകത്തിൽ ഇതെപറ്റി വിവരിക്കുന്നുണ്ട്. ( പുസ്തകം സമ്മാനിച്ച അഡ്വ . ജോണ് മത്തായിക്ക് നന്ദി ).
ശ്രീമുലം തിരുനാളിന്റെ കാലത്ത് ദിവാനായിരുന്ന ശേഷഗിരി ശാസ്ത്രി ആണ് പാലത്തെ പറ്റി ആലോചന തുടങ്ങിയത്. കല്ലട ആറിന്റെ മറുകരയിലെ കിഴക്കുള്ള പ്രദേശങ്ങൾ കൊടും വനം ആയിരുന്നു . പാലം പണിതാൽ ആനകൾ ജനവാസ പ്രദേശത്തേക്ക് കയറി വരും എന്നതായിരുന്നു വലിയ വെല്ലുവിളി. ആന കയറാത്ത പാലം എങ്ങനെ പണിയാം എന്ന ആലോചനയാണ് ഇത്തരം ഒരു പാലത്തിന്റെ രൂപകല്പനയിൽകലാശിച്ചത്. ആയില്യം തിരുന്നാളിന്റെ മുൻപിലും അദ്ദേഹം ഇക്കാര്യം അവതരിപ്പിച്ചു 
സ്കോട്ട്ലാന്റുകാരനായ അൽബെർറ്റ് ഹെൻട്രിയാണ് ചങ്ങല കണ്ണികളിൽ തൂക്കിയിടുന്ന പാലം രൂപകൽപന ചെയ്തത്. പാലം ഊഞ്ഞലുപോലെ ആടുന്നതിനാൽ വന്യ ജീവികൾ അതിൽ കയറാൻ ഭയപ്പെട്ടിരുന്നുവത്രേ !. വെള്ളക്കാരായ എഞ്ചിനിയറന്മാരുടെ മേൽനോട്ടത്തിൽ 1872 ൽ പണി തുടങ്ങി . 200 ൽ പരം തൊഴിലാളികൾ 6 വർഷം പണി ചെയ്താണ് ഇത് പൂർത്തിയാക്കിയത്. 3 ലക്ഷം രൂപയായിരുന്നു നിർമാണ ചെലവ്. കൂറ്റൻ കരിങ്കൽ പാളികൾ കൊണ്ട് നിർമിച്ച 2 പടുകൂറ്റൻ ആർച്ചുകളിലാണ് ഈ പാലം തൂക്കിയിട്ടിരിക്കുന്നത്. ആയില്യം തിരുനാൾ മഹാരാജാവ് 1877 ഓഗസ്റ്റ് ഒന്നിന് പാലം ഉൽഘാടനം ചെയ്തു.

ബ്രിട്ടിഷുകാർക്കെതിരെ കലാപം ആരംഭിച്ച സമയം ആയിരുന്നു അത് . നാട്ടുകാരെ കൊല്ലാൻ ബ്രിട്ടീഷുകാർ കണ്ടുപിടിച്ച ഉപായം ആണ് ആടുന്ന പാലം എന്ന് നാട്ടുകാർ ഭയപ്പെട്ടു. നാട്ടുകാരുടെ മുൻപിൽ വച്ച് പാലത്തിന്റെ ഉറപ്പ് പരിശോധിക്കാൻ മുഖ്യ ശിൽപിയായ ഹെൻട്രി സായിപ്പ് തയ്യാറായി. കക്കാഴം ബാബയുടെ ( മുളക് രാജൻ ) ഏഴ് ആനകളെ കൊണ്ടുവന്ന് അതിലൂടെ നടത്തിച്ചു . അതിനു പിന്നാലെ വാഹനങ്ങളും ജനങ്ങളും പാലം കടന്നു. ഒരു സമയത്ത് ഒരു വശത്തേക്ക് മാത്രം വാഹനങ്ങൾ കടന്നു പോകുന്ന വിധമായിരുന്നു പാലത്തിന്റെ രൂപകൽപന. 

എന്റെ കുട്ടിക്കാലത്ത് ഈ പാലത്തിലൂടെ നിരവധി തവണ കടന്നു പോയി യിട്ടുണ്ട്. റോഡിന്റെ ഒരു വശത്ത് വാഹനങ്ങളുടെ നീണ്ട നിര കാണും . അവ വാഹന വ്യൂഹമായി ആടുന്ന പാലത്തിലൂടെ കടന്നു പോകും. സ്ലാബുകൾ എന്ന് വിളിക്കുന്ന ഭാഗം കട്ടിയുള്ള മരപലകകൾ പാകിയതാണ്. അതിന് ഇടയിലൂടെ താഴേക്ക് നോക്കിയാൽ പാഞ്ഞൊഴുകുന്ന കല്ലടയാറ് കാണാം . 1974 ൽ പുതിയ പാലം സമീപത്തായി വന്നു. ഇപ്പോൾ തൂക്കുപാലം പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിൽ ആണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ