Pages

2014 ഒക്‌ടോബർ 5, ഞായറാഴ്‌ച

ഫാറൂക്ക് എന്തിനു ഇത് ചെയ്തു ?

“അവൻ എന്ത് കൊണ്ട് എന്നോട് ഇത് ചെയ്തു” ? ഏകദേശം 20 മിനിട്ട് നീണ്ട യാത്രയിൽ ആബിദ് പല തവണ ഇക്കാര്യം എന്നോട് ചോദിച്ചു ? ആദ്യമായി പരിചയപ്പെടുകയിരുന്നു ഞങ്ങൾ. ദുബായിൽ നിന്നും ഷാർജയിലേയ്ക്കുള്ള യാത്രക്കിടെ ആയിരുന്നു അത് . സമയം നട്ടുച്ച. കാറിലെ താപമാപിനിയിൽ 40 ഡിഗ്രീ കാണിക്കുന്നു. ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി കാർ ഇഴഞ്ഞു നീങ്ങുന്നു. പുറത്തു തിളയ്ക്കുന്ന ചൂടിലൂടെ റോഡിന്റെ ഓരം പറ്റി അയാൾ അതിവേഗം നടക്കുകയായിരുന്നു. 23-24 വയസ്സ് പ്രായം കാണും. വൃത്തിയായി വസ്ത്രം ധരിച്ചിരുന്നു. ക്ലീൻ ഷേവ് . കൈയിൽ ഒരു നീല ഫയൽ. ബ്ലോക്കിൽ പെട്ട് കിടക്കുക ആയിരുന്നതിനാൽ അയാൾ കാറിനെ വേഗം മറികടന്നു നടന്നു നീങ്ങി. ഷർട്ടും പാന്റും വിയർപ്പിൽ നനഞ്ഞു കുതിർന്നിരുന്നു.
ബ്ലോക്ക് നീങ്ങിയപ്പോൾ ഞാൻ വീണ്ടും അയാൾക്ക് മുന്നിലായി. വീണ്ടും കാർ അടുത്ത സിഗ്നലിനായി നിന്നു. അയാൾ തിരക്കിട്ട് നടന്നു വരുന്നത് സൈഡ് മിററിലൂടെ കാണാം. അടുത്ത് വന്നപ്പോൾ കാറിന്റെ ഗ്ലാസ് താഴ്ത്തി ഞാൻ ചോദിച്ചു "എവിടെ പോകുന്നു ?" . അയാൾ അത് ഗവ്വ്നിക്കാതെ വീണ്ടും നടന്നു. ഞാൻ ഹോണ് അടിച്ചു അയാളെ വീണ്ടും വിളിച്ചു . " ടാക്സിക്കു പണം ഇല്ല. അതിനാൽ നടക്കുകയാണ് " അവൻ വീണ്ടും നടന്നു.ഞാൻ അവനെ എന്റെ വണ്ടിയിലക്ക് ക്ഷണിച്ചു. "ഇല്ല എന്റെ കൈയിൽ പണം ഇല്ല ..." അവൻ സാമാന്യം ഭേദപെട്ട ഇംഗ്ലീഷിൽ പറഞ്ഞു. "പണം വേണ്ട… നീ കയറു " ഞാൻ പറഞ്ഞു. എനിക്ക് പോകേണ്ട റൂട്ടിൽ നിന്നും മാറിയാണ് ആബിദിനു പോകേണ്ടത്. അയാൾ ഈ കൊടും ചൂടിൽ ഷാർജ ബി. എം .ഡബ്ലു സിഗ്നൽ വരെ നടക്കാൻ തുനിഞ്ഞു ഇറങ്ങിയതാണ്.ഞങ്ങൾ യാത്ര തുടങ്ങിയ ഖിസെർസിൽ നിന്നും കുറഞ്ഞത് 4-5 കിലോമീറ്റർ കാണും ഷാർജ ബി. എം .ഡബ്ലു സിഗ്നൽ വരെ. ഇതിനകം തന്നെ 2 കിലോമീറ്റർ അയാൾ നടന്നു കഴിഞ്ഞിരുന്നു. അയാൾക്ക് പോകണ്ടിടത്ത് എത്തിക്കാം എന്ന് ഞാൻ ഉറപ്പു കൊടുത്തു. പാക്കിസ്ഥാനിലെ ഫൈസലബാദ് സ്വദേശിയാണ് ആബിദ്. ബി.കോം ബിരുദധാരി. ജോലി അന്വേഷിച്ചു നടക്കുന്നു. ഒരു ഇന്റർവ്യൂ കഴിഞ്ഞു വരിക ആണ്. അതും ശരി ആയില്ല. ഒരാഴ്ച കഴിഞ്ഞു വിവരം പറയാം എന്ന് പറഞ്ഞു തിരികെ വിട്ടു. വിസിറ്റ് വിസ കാലാവധി കഴിയാൻ ഇനി 3 ദിവസം കൂടി മാത്രം. 


ഇനി അവന്റെ കഥ അവന്റെ വാക്കുകളിൽ ...ഈ ചെറിയ യാത്രക്കുള്ളിൽ പറഞ്ഞത് കേൾക്കാം "തീരെ ദരിദ്രമായ ഒരു കുടുംബം ആണ് എന്റേത്. ഇവിടേയ്ക്ക് വരാൻ കടം വാങ്ങി ആണ് ടിക്കറ്റ് എടുത്തത്. നാട്ടിൽ ഒരു ചെറിയ ജോലി ഉണ്ടായിരുന്നു. അത് കളഞ്ഞിട്ടാണ് വന്നത്. പാർട്ട് ടൈം ജോലി ചെയ്താണ് പഠിക്കാനുള്ള പണം കണ്ടെത്തിയത്. കോളേജിൽ പോകാതെ പ്രൈവറ്റ് ആയി ആണ് ബി. കോം ബിരുദം നേടിയത്. അതിനാൽ ബിരുദം നേടിയപ്പോഴക്കും 6 വർഷത്തെ ജോലി പരിചയം ലഭിച്ചു. കൂടെ പഠിച്ച സുഹൃത്ത് ഇവിടേയ്ക്ക് ക്ഷണിച്ചത് മൂലം ആണ് വന്നത്. അവന്റെ കമ്പനിയിൽ ജോലി ഒഴിവു ഉണ്ടെന്നും, ഒപ്പം താമസിക്കാമെന്നും, വിമാനതാവളത്തിൽ സ്വീകരിക്കാൻ എത്താം എന്നും ഉറപ്പു നല്കി. അതിനാലാണ് ഉള്ള ജോലി കളഞ്ഞു കടം വാങ്ങിയ പണത്തിനു ടിക്കറ്റും എടുത്തു എവിടെ എത്തിയത്. താമസിക്കുന്ന സ്ഥലത്തിന്റെ വിശദ വിവരം, ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അഡ്രസ്സ് ഇവയൊക്കെ ഫാറൂക്ക് നല്കിയിരുന്നു. സന്ദർശക വിസ ഫീസ്സായി 500 ദിർഹം വാങ്ങിയതല്ലാതെ കൂടുതൽ പണം വാങ്ങിയിട്ടില്ല. ഏതായാലും താൻ ഇവിടെ എത്തിയതിൽ പിന്നെ ഫറൂക്കിനെ മൊബൈലിൽ കിട്ടിയിട്ടില്ല.! അയാൾ ജോലി ചെയ്യുന്നു എന്ന് പറഞ്ഞ സ്ഥാപനം ദേരയിൽ ആണ്. അവിടെയും, താമസിക്കുന്നു എന്ന് പറഞ്ഞ വിലാസത്തിലും പോയി അന്വേക്ഷിച്ചു...ഫരൂക്കിന്റെ പൊടി പോലും ഇല്ല. ഇപ്പോൾ ഒരു നാട്ടുകാരന്റെ കരുണയിൽ ജീവിക്കുന്നു. 3 ദിവസം കഴിഞ്ഞു മടങ്ങണം. എന്നാലും അവൻ എന്തിനു ഇതു എന്നോട് ചെയ്തു ? ???"...... നന്ദി പറഞ്ഞു കാറിൽ നിന്ന് ഇറങ്ങി അയാൾ നടന്നു. ചുവന്ന ലൈറ്റിൽ കുടുങ്ങി കാർ വീണ്ടും നിന്നു. അയാൾ ഇട്ടേച്ചു പോയ ചോദ്യം കാറിനുള്ളിൽ കിടന്നു പിടയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ