Pages

2014 ഓഗസ്റ്റ് 19, ചൊവ്വാഴ്ച

ശ്യാമളയുടെ കഥ

ശ്യാമളയുടെ കഥ : 1 
മുട്ടായിയും കമ്പി വടിയും !! 


ശ്യാമളയെ ചേച്ചി എന്ന് വിളിക്കേണ്ടതാണ് . 60-65 വയസ്സ് പ്രായം വരും. പക്ഷെ വീട്ടിൽ ജോലി ചെയ്യുന്നവർ, പറമ്പിൽ പണി എടുക്കുന്നവർ തുടങ്ങിയവരെ പേര് ചൊല്ലി വിളിക്കുന്ന ഫ്യൂഡൽ രീതി ഇപ്പോഴും തിരുവതാംകൂറിൽ ഉണ്ട്. കൊച്ചു കുട്ടികൾ പോലും അവരെ ശ്യാമള എന്ന് വിളിക്കുന്നു. പ്രായം കൂടിയവരെ പേര് ചൊല്ലി വിളിക്കുന്നതിൽ എന്തോ ഒരു "ഇത് " തോന്നിയതിനാൽ പേര് വിളിക്കാതെ ഈഅവധിക്കാലം കഴിച്ചുകൂട്ടി.
ഒരു ഏജൻസി വഴി ആണ് അവർ വീട്ടിൽ എത്തിയത്. ഏജൻസി ഫീസിനു പുറമേ 8000 രൂപ പ്രതിമാസം ശമ്പളം. രോഗികളെ ശിശ്രുഷിക്കുക, വീട്ടുപണി ചെയ്യുക എന്നിവയാണ് ജോലി. ഭക്ഷണം, താമസം ഇവക്കു പുറമേ 8000 രൂപ പ്രതിമാസ ശമ്പളം. ആലപ്പുഴ സ്വദേശിനി. കറുത്ത് നന്നായി തടിച്ചിട്ടാണ് ശ്യാമള . . ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞും ചരിഞ്ഞും നടക്കുന്നു. ഇടതു കൈ കുഴയോട് ചേരുന്ന ഒരു എല്ല് ഒടിഞ്ഞു കൈക്ക് സ്വാധീനക്കുറവു ഉണ്ട്. ( ഭർത്താവു അടിച്ചു ഒടിച്ചതാണ് . ആ കഥ പിന്നാലെ പറയാം. എല്ലാം കൂടി എനിക്കും നിങ്ങൾക്കും തങ്ങില്ല !! )
നന്നായി ചവിട്ടി കുഴച്ച മണ്ണ് ആളിക്കത്തുന്ന തീയിൽ വലിച്ചെറിഞ്ഞാൽ കറുത്ത് വിണ്ടുകീറി കാഠിന്യം ഉള്ള ഒരു മണ്കട്ട ആയി അത് മാറും. കൊല്ലന്റെ ആലയിലെ ഉലക്കു സമീപമുള്ള മണ്ണ് പോലെ. തീയിക്കും മഴക്കും ഒന്നും അതിനെ തകർക്കാനാവില്ല.
ഏതാണ്ട് ഇതു പോലെയാണ് ശ്യാമള. ദുരിത ജീവിതത്തിന്റെ പര്യായം ആണ് അവർ. എന്നിട്ടും കാറ്റു പിടിക്കാത്ത കരിമ്പാറ പോല അവർ അവർ പിടിച്ചു നില്ക്കുന്നു. വർത്തമാനം വഴക്ക് പറയും പോലെ ആണ്. ഉച്ചത്തിൽ ...ഒട്ടും മയമില്ലാതെ. മറ്റുള്ളവരെ അകറ്റി നിർത്താനുള്ള തന്ത്രം. പക്ഷെ ...ഉള്ളു നിറയെ സ്നേഹം കനിയുന്ന ഒരു അമ്മയും അമ്മൂമ്മയും ആണവർ. വീട്ടിലേക്കു ഫോണ് ചെയ്യുമ്പോൾ കൊച്ചുമക്കളുമായി കളി ചിരികളും തമാശയും ഒക്കെ ഉണ്ട്. മരുമകളുമായി സംസാരിക്കുമ്പോൾ സ്വരം മാറും. അധികാരം നിറഞ്ഞ അമ്മായിഅമ്മ ആകും. വീട്ടിൽ പോകുമ്പോൾ തനിക്ക് വേറെ അടുപ്പ് ആണെന്ന് ശ്യാമള...പിന്നെ മരുമകളെ പൂരെ പ്രാകും.
ഭർത്താവ് വീട്ടിൽ ഉണ്ടെങ്കിലും ഫോണിൽ സംസാരിക്കാറില്ല.വെറുതെ ഫോണിൽ തന്റെ ചെലവിൽ ചീത്തവിളി കേൾക്കേണ്ടതില്ല എന്നാണ് അവരുടെ നിലപാട്. മകനോട് സ്നേഹമാണ്. എന്നാൽ പ്രതീക്ഷക്കു അനുസരിച്ച്
ഉയരാത്തതിൽ ദു:ഖം ഉണ്ട്. അടുത്തിടെ മകന് തലച്ചോറിൽ രക്തസ്രാവം ഉണ്ടായി ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ അവർ അലമുറയിട്ടു. കഷ്ട്ടപെട്ടു സമ്പാദിച്ച പണം എല്ലാം ചികിത്സക്കായി ചെലവിട്ടു. പിന്നെ പണം എല്ലാം പോയി എന്ന് പറഞ്ഞു പതം പറയും.
പേർഷ്യയിൽ നിന്ന് ചെല്ലുമ്പോൾ കൊച്ചുമക്കൾക്ക് മുട്ടായി കൊണ്ട് ചെല്ലണം എന്ന് ശ്യാമള പ്രത്യേകം പറഞ്ഞിരുന്നു. മുട്ടായി പൊതി പഴയ എയർ ബാഗിൽ പായ്ക്ക് ചെയ്തു വക്കുമ്പോൾ ശ്യാമള കൂട്ടത്തിൽ ഒരു സാധനം കൂടി കരുതി വച്ചിരുന്നത് കാണിച്ചു. ഒരു ഇരുമ്പ് വടി !!!. വീട് പണിക്കു ഉപയോഗിച്ചതിന്റെ ബാക്കി ഒരു കഷണം. " ഇത്തവണ കള്ളും കുടിച്ചു എന്നെ ഉപദ്രവിക്കാൻ വന്നാൽ ഇതു കൊണ്ട് ഞാൻ നല്ലത് കൊടുക്കും. എന്നിട്ട് ജയിലിൽ പോയി കിടക്കും. വീടിലെ സാധനങ്ങൾ കട്ടോണ്ട് പോയി കുടിക്കും. 90 കഴിഞ്ഞ വല്യപ്പന്മാരെ നോക്കാൻ പോയാലും അയാൾക്ക് സംശയമാ. ഞാൻ അവരോടൊക്കെ കിടക്കുന്നു എന്നാ അയാളുടെ വിചാരം. കൊച്ചുങ്ങളെ കാണാൻ കൊതി കൊണ്ടാ പോകുന്നത്. 2 ദിവസത്തിനകം തിരിച്ചു വരാം.." . ശ്യാമള പോയി. ഇനി അവർ തിരികെ വരും വരെ സമാധാനം ഇല്ല.



ശ്യാമളയുടെ കഥ – 2
ഒരു പൊടിക്കൈ പ്രയോഗം !!! 


 കൊച്ചുമക്കൾക്ക് മുട്ടായിയും ഭർത്താവു ഉപദ്രവിക്കാൻ വന്നാൽ നേരിടാൻ കമ്പി വടിയുമായി വീട്ടിലേക്കു പോയ ശ്യാമള മൂന്നാം ദിനം തിരിച്ചു വന്നു.
അടുക്കളയിൽ തീർന്ന വീട്ടു സാധനങ്ങൾ പലതും ഓർത്തു വാങ്ങിയാണ് വരവ്. കൂടാതെ മുറ്റത്തും തൊടിയിലും നടാൻ ചില ഔഷധ സസ്യങ്ങൾ, പച്ചക്കറി വിത്തുകൾ , തോട് കപ്പലണ്ടി, മുറുക്ക്, ബോളി ... ഇങ്ങനെ വാങ്ങി കൊണ്ട് വരുന്ന സാധനങ്ങൾ പലതാണ്. നമ്മുടെ ഒരു വീട്ടിലെ അംഗം ചെയ്യുന്നതുപോലുള്ള സാധാരണ പ്രവർത്തി. ഇതിന്റെ എല്ലാം വില ചോദിച്ചു അറിഞ്ഞു പണം തിരികെ നല്കുന്ന ചുമതല വീട്ടുകാർക്കാണ്. ചോദിക്കാറില്ല.
3 മാസം കഴിയുമ്പോൾ ഏജൻസി തിരികെ വിളിക്കും എന്നോ അതിനു മുൻപേ തന്നെ താൻ നിൽക്കുന്ന വീട്ടുകാർക്ക് വേണ്ടെങ്ങിൽ തിരിച്ചു അയക്കും എന്നോ ഒന്നും ശ്യാമള ഓർക്കാറില്ല. അവർ പയറും വെണ്ടയും പായലും പടവലവും വളർത്തി. നമുക്ക് പലർക്കും പേര് അറിയുന്നതും അറിയാത്തതും ആയ അസംഖ്യം ഔഷധ ചെടികൾ പറമ്പിൽ നിറഞ്ഞു.
ശ്യാമള തന്റെ പഴയ എയർബാഗ് താത്തു വെക്കും മുൻപ് വിശേഷങ്ങൾ അറിയാൻ ഞങ്ങൾ വട്ടം കൂടി. ഭർത്താവ് മോഹനനു അടി കിട്ടിയോ എന്നായിരുന്നു എനിക്ക് അറിയേണ്ടിയിരുന്നത് !. ഒരു ചിരിയോടെ അവർ ഒഴിഞ്ഞു മാറി. പിന്നെ ആ കഥ കേൾക്കാൻ രാത്രി സീരിയലിനിടയിൽ പവർകട്ട് വരും വരെ കാത്തിരിക്കേണ്ടി വന്നു. രാത്രി ഏഴര മുതൽ ഒൻപതര വരെ ശ്യാമള ഒരു പണിയും ചെയ്യില്ല. അതിനകം പണികൾ എല്ലാം തീർത്ത് സീരിയൽ ആയ സീരിയൽ എല്ലാം മാറി മാറി കാണും. നാം അടുത്ത് എങ്ങാനം ഉണ്ടെങ്കിൽ കഥ പറഞ്ഞു തരും. ചിരിയും കരച്ചിലും ദുഷ്ട കഥാപാത്രങ്ങളെ ശപിക്കലും ഒക്കെ ഉറക്കെ ആണ്. ഇത് പോലെ രാവിലത്തെ തിരക്ക് എല്ലാം കഴിഞ്ഞു അര മണിക്കൂർ ഉച്ചത്തിൽ പത്രം വായിക്കും. അതിലെ ചില കാര്യങ്ങിൽ അഭിപ്രായ പ്രകടനങ്ങളും ഉണ്ട്. അതും ഉച്ചത്തിൽ. ഉദാഹരണം :- പത്ര വാർത്ത " ട്രോളിംഗ് നിരോധനം പിൻവലിച്ചു". ശ്യാമള "ഇനി എങ്കിലും ഇത്തിരി മീൻ കിട്ടുമായിരിക്കും ! "
ഇടക്കുള്ള അര മണിക്കൂർ പവർകട്ട് പലപ്പോഴും ശ്യാമളയുടെ കഥ കേൾക്കാൻ ഉള്ള സമയം ആണ്. ഇല്ലെങ്കിൽ പൊതു കാര്യങ്ങൾ പറയും. ഇത്തവണ മനപൂർവ്വം ഇരുമ്പ് വടി കാര്യം എടുത്തിട്ടു. ചെന്ന ദിവസം തന്നെ മരുമകളും ആയി വഴക്കിട്ടു. ഭക്ഷണം ഹോട്ടെലിൽ നിന്ന് പൊതി വാങ്ങി കഴിച്ചു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ആയിരുന്ന മകൻ ജോലിക്ക് പോയി തുടങ്ങിയിട്ടില്ല. പണ്ടൊരിക്കൽ അമ്മയെ തല്ലിയ അപ്പനെ മകൻ ഒന്ന് കൈകാര്യം ചെയ്തിരുന്നു. ഒടിഞ്ഞ കാൽ സുഖം ആയെങ്ങിലും മോഹനൻ പിന്നെ പണിക്കു പോയിട്ടില്ല !! ചികിത്സക്കും ഇപ്പോൾ ചിലവിനും കൊടുക്കുന്നത് ശ്യാമള രാപകൽ അധ്വാനിച്ചാണ്.
മരുമകളുടെ വക പാത്രങ്ങൾ കട്ടോണ്ട് പോയി വിറ്റു കുടിച്ചതിൽ പിന്നെ അവൾ പച്ച വെള്ളം വീട്ടിൽ നിന്ന് കൊടുക്കില്ല എന്ന് ശപഥം ചെയ്തിരിക്കുകയാണ്. അച്ഛന് കഞ്ഞി കൊടുക്കാത്തതിൽ മകനു ദേഷ്യം ഉണ്ട്. അത് മറ്റൊരു വീട്ടു വഴക്കിൽ കലാശിക്കുക ആണ് പതിവ്.
ഇത്തവണ വീട്ടിൽ എത്തുന്നതിനു മുൻപ് തന്നെ ശ്യാമള ഉണ്ടായിരുന്ന പണം ഒളിപ്പിച്ചു. പിന്നെ ഭർത്താവു കാണാൻ പാകത്തിന് ഒരു പേഴ്സിൽ ഒരു നൂറു രൂപയും ചില്ലറ പൈസയും വച്ചു.!. കൃത്യമായി മോഹനൻ അത് റാഞ്ചി.!! പിന്നെ രാത്രികുടിച്ചു പൂസയാണ് മടങ്ങി എത്തിയത്.
നാളുകൾക്ക് മുൻപ് കൈ അടിച്ചു ഓടിച്ച ശേഷം ശ്യാമളയും ഭർത്താവു മോഹനനും കിടപ്പ് രണ്ടിടത്താണ്. ബാന്റെജ് ഇട്ട കൈയുമായി മടങ്ങി എത്തിയ അന്ന് തന്നെ അതെ കൈയിൽ അയാൾ വീണ്ടും അടിച്ചു. കൈയിൽ ഇട്ടിരുന്ന കമ്പി മാംസം തുളഞ്ഞു തോളിയിലൂടെ പുറത്തു വന്നു. " അന്ന് രാത്രി ഞാൻ കുറെ വേദന അനുഭവിച്ചു. കൈയിൽ കെട്ടിയിരുന്ന തുണി ഓരോന്നായി ഒരു കൈ കൊണ്ട് അഴിച്ചു. ഒടുവിൽ ഒരു ചെറിയ കമ്പി തൊലിയിലൂടെ പുറത്തേക്കു തുളഞ്ഞു ഇറങ്ങിയിരിക്കുന്നത് കണ്ടു. അത് വലിച്ചൂരി പഞ്ഞിയിൽ പൊതിഞ്ഞു ബാന്റെജിനോപ്പം തിരിച്ചു പൊതിഞ്ഞു കെട്ടി നേരം വെളിപ്പിച്ചു. പിറ്റേന്ന് ഡോക്റെരെ കണ്ടപ്പോൾ അദ്ദേഹം അന്തിച്ചുപോയി !. ആ കമ്പി ഊരിയ സ്ഥലം ആണ് എങ്ങനെ വളഞ്ഞു ഇരിക്കുന്നത്." അവർ കൈ ഉയർത്തി കാണിച്ചു.
വിഷയത്തിലേക്ക് തിരികെ കൊണ്ട് വരാനായി ക്ഷമകെട്ട് ഞാൻ ചോദിച്ചു - "ഇത്തവണ ഇവിടുന്നു ഒരു കമ്പി വടി കൊണ്ട് പോയിരുന്നല്ലോ ?. അത് പ്രയോജനപ്പെട്ടോ ?"
" ഹ...അത് നല്ല കഥ ആണ് " ചിരിച്ചു കൊണ്ട് അവർ പറഞ്ഞു തുടങ്ങി. " എന്റെ പേഴ്സിൽ നിന്നും അടിച്ചു മാറ്റിയ പൈസയും വേറെ എവിടെനിന്നോ ഒപ്പിച്ച പൈസയും ഒക്കെ ആയി പൂസായി ആണ് അന്നും വന്നത്. ചീത്ത വിളിയും ബഹളവും ഒക്കെ ആയി ഞാൻ കിടന്നു. കുറെ കഴിഞ്ഞപ്പോൾ അയാൾ കട്ടലിനു അരികിൽ നിൽക്കുന്നു. !! ( കട്ടിൽ എന്ന് പറയാൻ ഒന്നും ഇല്ല. അങ്ങേരുടെ കാൽ ഒടിഞ്ഞ ശേഷം കട്ടിൽ ഞാൻ അയാൾക്ക് ഒഴിഞ്ഞു കൊടുത്തു. ഞാൻ വീഞ്ഞ പെട്ടി കൊണ്ടുണ്ടാക്കിയ ഒരു തട്ടിൽ ആണ് കിടക്കുന്നത്. ) ഇരുട്ടിൽ ആദ്യം ആളെ മനസിലായില്ല. സൂക്ഷിച്ചു നോക്കിയപ്പോൾ "നമ്മുടെ ആൾ " തന്നെ. !. തലയിണക്കടിയിൽ സൂക്ഷിച്ചിരുന്ന കമ്പി വടികൊണ്ട് ഇരുട്ടിൽ ഒന്ന് രണ്ടെണ്ണം കൊടുത്തു ..!!"...ശ്യാമള ഉറക്കെ ചിരിക്കുകയാണ്.!!.
മരുമകൾക്ക് നേരത്തെ അയാളോട് കലിപ്പ് ആണ്. അവൾ അയാളെ വലിച്ചു പുറത്തിട്ടു.- അവർ പറഞ്ഞു.
"സ്വന്തം ഭർത്താവ് അല്ലെ ..അയാൾ അവിടേക്ക് വന്നതിനു എന്താ കുഴപ്പം ? " - അവരെ ചൊടിപ്പിക്കാനായി ഞാൻ ചോദിച്ചു.
" ഓ ...പിന്നെ . തന്നെ നടക്കാൻ വയ്യ ...പിന്നാ ഒരു ഊന്നു വടി..!!" മറുപടി അത് കൊണ്ട് കഴിഞ്ഞു. അത് അത്രയും മതിയായിരുന്നു. ഗംഭീരം !!
പിറ്റേന്നായിരുന്നു അടുത്ത പൊടിപൂരം- ശ്യാമള ആവേശത്തിൽ ആണ്. അയാളോടുള്ള എല്ലാ പകയും സ്വരത്തിൽ ഉണ്ട്. "ഞങ്ങടെ വീടിനു അടുത്ത് നോമ്പ് നോക്കുന്ന മുസ്ലിങ്ങൾ ഉണ്ട്. നല്ല പൈസക്കാരന്. അവിടുന്ന് നോമ്പ് കഞ്ഞി കിട്ടും . ഞാൻ അത് വാങ്ങി കൊണ്ട് വന്നു. അങ്ങേർക്കും കൊടുത്തു. പക്ഷേങ്കി അതിൽ ഒരു സൂത്രം ഒപ്പിച്ചു.! വെള്ളചെമ്പ് പുഷ്പം എന്ന് കേട്ടിട്ടുണ്ടോ ? ആ ചെടിയുടെ വേര് എടുത്തുകൊണ്ടു വന്നു അരച്ച് ഞാൻ കഞ്ഞിയിൽ ചേർത്തു !. പിന്നെ ഞാൻ പോരും വരെ ഒരു ശല്ല്യവും ഇല്ലായിരുന്നു. ഇപ്പോഴും വയർ ഇളകി കിടക്കുകയാണ്. !! "- അവർ ഇരുട്ടത്ത് ഇരുന്നു ഉറക്കെ ചിരിച്ചു.
അപ്പോഴാണ് അവർ ഒരു നാട്ടു വൈദ്യന്റെ മകൾ ആണെന്നതും പ്രസവ രക്ഷ ഉൾപ്പെടെയുള്ള പണികൾ ആയിരുന്നു ഇതുവരെ ചെയ്തിരുന്നതെന്നും മനസ്സിലായത് !.
( അപ്പോഴക്കും വെളിച്ചം വന്നു..ശ്യാമള കഥ നിർത്തി. ഇനി അടുത്ത പവർകട്ട് വരെ കാത്തിരിക്കാം .!! )



ശ്യാമളയുടെ കഥ -3
അമ്മയുടെ പ്രസവം എടുത്തു , കുളിപ്പിച്ചു 

"വയറ്റാട്ടി എന്ന് ഈ പണിക്കു പേര് പറയാൻ പറ്റില്ല. ഞങ്ങൾ പ്രസവം എടുക്കാറില്ല" .- ശ്യാമള കഥ
തുടരുകയാണ്. പ്രസവരക്ഷ ( പ്രസവിച്ചവർക്കുള്ള ആയുർവേദ ചികിത്സയും കുളിപ്പിക്കലും ) ആണ് ഞങ്ങടെ പണി. ഇപ്പോൾ ഇതൊന്നും ആർക്കും വേണ്ട.എല്ലാം അലോപ്പതി ചികിത്സ അല്ലെ ?. അതിനാൽ തന്നെ ഒന്ന് പെറ്റാൽ പിന്നെ ഇന്നെത്തെ പെണ്ണുങ്ങൾക്ക്‌ എഴന്നേറ്റു നടക്കാൻ മേല.!! അങ്ങനെ ആവശ്യക്കാർ ഇല്ലാത്തതിനാൽ ആണ് ഞാൻ ഹോം നേഴ്സ് ആയത്. ഹോം നേഴ്സ് ആണോ എന്ന് ചോദിച്ചാൽ അതും അല്ല. കൂടുതലും വീട്ടു പണി തന്നെ!. ഹോം നേഴ്സ് ജോലിക്കായാണ് ഏജൻസിയിൽ അപേക്ഷിച്ചത്. കിട്ടിയത് ഇതാണ്!. " ഏജൻസിക്കാർ ചക്കര വാക്ക് പറഞ്ഞു നമ്മളെ തള്ളി വിടും. എന്റെ മുടി ഒക്കെ നരച്ചതായിരുന്നു. തലമുടി കറുപ്പിച്ചില്ലെങ്കിൽ പണി കിട്ടില്ലെന്ന് പറഞ്ഞു മുടി കറുപ്പിച്ചു. പ്രായമായവർക്ക് ഡിമാന്റ്റ് ഇല്ല.!"
അഛനു കള്ള് ചെത്തായിരുന്നു പണി. കുറെ കഴിഞ്ഞപ്പോൾ അത് നിർത്തി. പിന്നെ ഒരു വൈദ്യരുടെ സഹായി ആയി. അഛൻ ചെയ്യുന്നതു നോക്കി ഞാനും അമ്മയും പഠിച്ചു. വൈദ്യർ തിരുമ്മി കഴിഞ്ഞു അവസാന ദിവസം രോഗി അറിയാതെ കോഴി ചോരയും അടക്കമരത്തിന്റെ കിളിന്നു ഇലയുടെ നീരും ചേർത്ത് കൊടുക്കും. എന്നിട്ട് രോഗിയുടെ കൈ പിടിച്ചുകൊണ്ടു കുറെ ദൂരം ഓടിക്കും. അമ്മ അടുത്ത വീട്ടിൽ ഒക്കെ പ്രസവം കഴിഞ്ഞവരെ കുളിപ്പിക്കാൻ പോകുമായിരുന്നു. ഒപ്പം ഞാനും.
അങ്ങനെ ഇരിക്കെ എന്റെ പതിനഞ്ചാമത്തെ വയസ്സിൽ അമ്മ അഞ്ചാമതും ഗർഭിണി ആയി. ഇന്നത്തെ പോലെ ആശുപത്രിയിൽ ഒന്നും അല്ല പ്രസവം. അച്ഛൻ അപ്പോഴേക്കും അമ്മയിൽ നിന്ന് അകന്നു തുടങ്ങിയിരുന്നു. അമ്മയെ നോക്കാൻ ആരും ഇല്ല. അങ്ങനെ ഞാൻ ആ ജോലി പതിനഞ്ചാം വയസ്സിൽ ഏറ്റെടുത്തു . അമ്മയുടെ പ്രസവം എടുത്തും പ്രസവ ശിശ്രുക്ഷ നടത്തിയും ആണ് ഞാൻ പണി പഠിച്ചത്.
പിന്നെ കേരളത്തിൽ പല സ്ഥലങ്ങളിലും ജോലി ചെയ്തു.
മലബാറിലെ ചില സ്ഥലങ്ങളിൽ പണിക്കു പോയിട്ടുണ്ട്. അവിടെ ഇതൊരു ഉത്സവം അന്ന്. ആടിനെ സൂപ്പ് വെച്ച് കുടിച്ചു 38 ദിവസം കഴിയുമ്പോൾ പെണ്ണ് വീണ്ടും കൊഴുത്തു ഉരുളും !. ജീരകാധി ഗുളിക, കഷായം എന്നിവ ഒക്കെ ഇതോടൊപ്പം ഉണ്ടാകും.
പന്നിവള്ളിയുടെ തണ്ട് മുറിച്ചു തോൽ കളഞ്ഞു ഇടിച്ചു പിഴിഞ്ഞു മഞ്ഞപ്പൊടിയും തേനും ചേർത്ത് കൊടുക്കും . മുലപ്പാൽ ഇല്ലാത്തവർക്ക് വേറെ തിരുമ്മും മരുന്നും ഉണ്ട്. പ്രസവ രക്ഷക്ക് 7 തരം ലേഹ്യം ഉണ്ട്. അതൊക്കെ തരാതരം പോലെ കൊടുക്കും.ലേഹ്യം എല്ലാം ഞാൻ തന്നെ ഉണ്ടാക്കും.
പ്രസവം കഴിഞ്ഞാൽ 9 ദിവസം വേവിട്ടു കുളിപ്പിക്കും .
"വേവിടുക" എന്ന വാക്ക് പിടികിട്ടാഞ്ഞതിനാൽ അതെക്കുറിച്ച് ചോദിച്ചു.
" നാൽപ്പാമരതിന്റെ ഇലകൾ....അതായതു അത്തി, ഇത്തി, പേരാല് , അരയാല് .ഇവയുടെ ഇലകൽ ഇട്ടു വെള്ളം തിളപ്പിക്കും . ഇല്ലെങ്ങിൽ കാപ്പി , കൊട്ടം, പൂവരശ്, കരിഞ്ഞൊട്ട, വാഴ ഇവയുടെ ഇലകളും തേക്കിൻ തൊലിയും ഇട്ടു വെള്ളം തിളപ്പിക്കണം. തലേ ദിവസം തിളപ്പിച്ചിട്ടിരുന്ന ഈ വെള്ളം വീണ്ടും രാവിലെ തിളപ്പിക്കണം. ഇതിൽ വേണം പേറ്റു പെണ്ണിനെ കുളിപ്പിക്കാൻ. വെള്ളം വെട്ടി തിളക്കണം. വെള്ളം ദേഹത്ത് വീഴുമ്പോൾ പെണ്ണ് ചെമ്മീൻ ചാടും പോലെ ചാടും.! ചൂട് കുറക്കാൻ പറഞ്ഞാലും ഞാൻ കുറയ്ക്കില്ല. നീര് ദോഷം തീരാൻ ഇത് തന്നെ വേണം. കുളിപ്പിക്കും മുൻപ് രാവിലെ മഞ്ഞളും കുഴമ്പും ചൂടാക്കി ദേഹം ആസകലം പിരട്ടും.അര മണിക്കൂർ കഴിഞ്ഞു ഇത് തോർത്ത്‌ കൊണ്ട് തുടയ്ക്കും.ചെറു പയറിന്റെ പൊടി തേച്ചു ആണ് കുളിപ്പിക്കുന്നത്. നാല്പ്പമാരത്തിന്റെ പൊടി വാങ്ങാൻ കിട്ടും. അത് കൊള്ളില്ല. ഇല പറിച്ചു തന്നെ വേവില തയ്യാറാക്കണം. നല്ല ചുവന്ന നിറം ആയിരിക്കും ഈ വെള്ളത്തിന്‌. പലക ഉണ്ടെങ്കിൽ ആദ്യം കിടത്തിയും പിന്നെ ഇരുത്തിയും കുളിപ്പിക്കും. ചൂട് വെള്ളത്തോടൊപ്പം വെന്ത ഇല രണ്ടു കൈയിലും കൂട്ടി പിടിച്ചു അകവും പുറവും ഒരു പോലെ തേക്കണം.
തലയിൽ എണ്ണ പൊത്തണം. ഒരു താലത്തിൽ എണ്ണ ഒഴിച്ച് അത് കാൽ പാദത്തിൽ ഇറക്കി വച്ചാണ് ഇരുത്തി കുളിപ്പിക്കുന്നത്.
ഇതിനു പുറമേ ഒരു വിധം രോഗത്തിനുള്ള നാട്ടു മരുന്നുകൾ ഒക്കെ അറിയാം. അറിയുന്നവർക്ക് മരുന്ന് കൊടുക്കാറുണ്ട്.
പ്രസവരക്ഷ എന്റെ പണി ആയിരുന്നിട്ടും എന്റെ രണ്ടാമത്തെ കുഞ്ഞു മരിച്ചു പോയി. ശ്യാമളയുടെ ശബ്ദം ആദ്യമായി ഒന്ന് ഇടറിയത്‌ പോലെ. ..ഒരു നിമിഷത്തെ നിശബ്ദത ..പിന്നെ അവർ പതിയെ ഇരുട്ടിൽ തപ്പി തടഞ്ഞു അടുക്കളയിലേക്കു പോയി.
( ...വരട്ടെ അത് വരെ കാത്തിരിക്കാം )



ശ്യാമളയുടെ കഥ -4
കുഞ്ഞിന്റെ മരണം
രണ്ടാമത്തെ കുഞ്ഞു ചാപിള്ളയായി പിറന്ന കഥ അന്ന് രാത്രി ശ്യാമള പറഞ്ഞില്ല. പിന്നെ പല ദിവസങ്ങിളിലും പവർകട്ട് ഉണ്ടായിട്ടും പറഞ്ഞില്ല. അവർക്ക് മന:പ്രയാസം ഉണ്ടാകുന്ന കാര്യം ചോദിക്കണ്ട എന്ന് കരുതി ഞാനും മൌനം പൂണ്ടു. ചാനലുകളിൽ സീരിയലുകൾ തകർത്താടി. അത് അനുസരിച്ച് അവർ കരയുകയും ചിരിക്കുകയും ചെയ്തു. ഏതോ സീരിയലിൽ പ്രേമിച്ചു കല്യാണം കഴിക്കുന്ന ഭാഗം ആയപ്പോഴേക്കും അന്നത്തെ എപ്പിസോട് കഴിഞ്ഞു. ഈ അവസരത്തിൽ ആണ് പ്രേമ വിവാഹത്തെക്കുറിച്ചുള്ള അഭിപ്രായം ശ്യാമളയോട് ചോദിച്ചത്.
"ഒരു കാലത്തും പ്രേമ കല്യാണം വേണ്ട. എന്റെ അനുഭവം അതാണ്. എനിക്ക് കേരള സ്പിന്നിംഗ് മില്ലിൽ ജോലി ഉണ്ടായിരുന്നു. അവടെവെച്ചാണ് അയാളെ (മോഹനനെ) പരിചയപ്പെട്ടത്. വീട്ടുകാർക്ക് ഇഷ്ടം ഇല്ലായിരുന്നു. അയാൾ കുഡുംബി സമുദായത്തിൽ നിന്നുള്ളതാണ്. പപ്പടം ഉണ്ടാക്കുന്ന, കൊങ്ങിണി സംസാരിക്കുന്ന കൂട്ടർ. ഞങ്ങൾ ഈഴവരും. രണ്ടു കൂട്ടരുടെയും രീതികൾ ഒന്നും ചേരില്ല എന്നൊക്കെ പിന്നിടാണ് മനസ്സിലായത്. ചക്കെരെ ..തേനെ ...പാലേ...എന്നൊക്കെ വിളിച്ചു പുറകെ കൂടിയപ്പോൾ ഇതൊന്നും ഓർത്തില്ല. ഒടുവിൽ വീട്ടുകാരുടെ എതിർപ്പിനെ വക വെക്കാതെ കല്യാണം കഴിച്ചു. അതോടെ ആരുടേയും സഹായം ഇല്ലാതായി. ഇതാണ് പ്രേമ കല്യാണത്തിന്റെ പ്രശ്നം. കല്യാണം കഴിഞ്ഞാൽ കെട്ടിയോന്റെ അടിമയായി കഴിഞ്ഞോണം. നമുക്ക് ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ. നമുക്ക് ഒരു വിലയും ഇല്ല. കുറച്ചുനാൾ അയാൾ മര്യാദക്കാരൻ ആയിരുന്നു. പിന്നെ കുടിയും ഉപദ്രവവും തുടങ്ങി."- അവർ പറഞ്ഞു.
രണ്ടാമത്തെ കുഞ്ഞ് ആയപ്പോഴേക്കും എനിക്ക് 100 കിലോയിൽ കൂടുതൽ തൂക്കം ഉണ്ടായിരുന്നു. ചികിത്സക്കൊന്നും പൈസ ഇല്ല. ആശുപത്രിയിൽ പോയില്ല. കിടന്ന കിടപ്പിൽ തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്നു. ഇങ്ങനെ എപ്പോഴോ കുഞ്ഞുന്റെ കഴുത്തിൽ പൊക്കിൾ കൊടി കുരുങ്ങി ആണ് മരണം....മറക്കാനാവില്ല അതൊന്നും. ആരും തിരിഞ്ഞു നോക്കാനില്ലാതെ ആണ് എന്റെ കുഞ്ഞ് മരിച്ചത്. പെണ്ണിന്റെ കൈയിൽ പണം ഇല്ലെങ്കിൽ അവൾ പിണം ആണ്. എന്റെ കുഞ്ഞ് ശവം ആയതു എന്റെ കൈയിൽ പണം ഇല്ലാത്തതിനാൽ ആയിരുന്നു. പിന്നെ കുട്ടികൾ ഉണ്ടായില്ല. ഭർത്താവു 'കെട്ടവൻ' ആയാൽ അയാളെ പിന്നെ “കെട്ടിയോൻ” എന്ന് പറയാൻ ആവില്ല. കെട്ടിയ പെണ്ണിനെ പൊറുപ്പിക്കാൻ കഴിയാത്തവൻ ഈ പണിക്കു പോകരുത്!. മുൻപും ജോലി ചെയ്യുമായിരുന്നു. എന്നാൽ സ്വന്തം കാലിൽ നിൽക്കണം എന്ന വാശി ഈ സംഭവത്തിനു ശേഷം ആണ് തോന്നിയത് - ജീവിതത്തിന്റെ തീച്ചൂളയിൽ നിന്നേറ്റ അനുഭവ പാഠം ങ്ങളിൽ നിന്ന് ഉരുകി കൊണ്ട് അവർ പറയുകയാണ്.

(ശ്യാമളയുടെ കഥ അവസാനിക്കുന്നില്ല .. അച്ഛന്റെ കല്യാണ സദ്യ ഉണ്ട കഥ ..!!..അടുത്തതിൽ .)



ശ്യാമളയുടെ കഥ - 5
അച്ഛന്റെ കല്യാണ സദ്യ ഉണ്ടു !


ഒരിക്കലും മനസമാധാനം ലഭിക്കാത്ത ജീവിതം ആണ് എന്റേത്. ചിലപ്പോ തോന്നും എന്തിനു ഇങ്ങെനെ
ജീവിച്ചു എന്ന്. കുടുംബത്തിൽ എന്നും വഴക്കായിരുന്നു. ഞാൻ പുത്തൻ ഉടുപ്പും സ്ലേറ്റും കല്ല് പെൻസിലും ഒക്കെ ആയി സ്കൂളിൽ പോയത് ഓർക്കുന്നു. സ്കൂളിൽ പോയി സന്തോഷത്തോടെ തിരിച്ചു വന്നപ്പോൾ കാണുന്നത് അച്ഛൻ അമ്മയെ തല്ലുന്നതാണ്. അമ്മ അലമുറയിട്ടു പെരക്ക് ചുറ്റും ഓടുന്നു. ഞാൻ സ്കൂളിൽ പോയാൽ അച്ഛൻ അമ്മയെ തല്ലുമോ എന്നായിരുന്നു പിന്നെ എന്റെ പേടി.
അച്ഛന് അമ്മയെ സംശയമായിരുന്നു. വിട്ടു മാറാത്ത സംശയം. പുറത്തു പോകുകയാണെന്ന് പറഞ്ഞു പോയിട്ട് പെട്ടെന്ന് തിരിച്ചു വരും. വീട്ടിനകത്ത് ആരെങ്കിലും ഉണ്ടോ എന്ന് കയറി നോക്കും !. തിരച്ചിലെല്ലാം കഴിയുമ്പോൾ അമ്മ അച്ഛനെ ചീത്ത വിളിക്കും. പിന്നെ പരസ്പരം ചീത്തവിളിയും അച്ഛന്റെ വക അടിയും. അമ്മയുടെ നില വിളിയോടും പ്രാക്കോടും കൂടി ആകും മിക്ക ദിവസങ്ങളിലെയും വഴക്ക് അവസാനിക്കുക. അമ്മ ആരോടും മിണ്ടാൻ പാടില്ല...ഇങ്ങനെ എന്നും പീഡനം ആയിരുന്നു. അവസാനം അച്ഛൻ അമ്മയെ അടിച്ചിറക്കി. ഞാൻ സ്കൂളിൽ പഠിക്കുക ആണ് അപ്പോൾ.ഇളയ രണ്ടു പേരും പെണ് കൊച്ചുങ്ങൾ ആയിരുന്നു. മൂത്ത ആൾ ചേട്ടൻ ആണ്. ഒരാൾ മരിച്ചു പോയി.എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ ഞങ്ങൾ 4 മക്കളും അച്ഛനും ഒരു വീട്ടിൽ. കോടതിയിൽ പോയാണ് അച്ഛൻ വിവാഹ മോചനം വാങ്ങിയത്. ഒരിക്കൽ കോടതിയിൽ എന്നെയും കൊണ്ടുപോയി. മുട്ടായി ഒക്കെ വാങ്ങി തന്നു. അമ്മക്ക് എതിരെ എന്തൊക്കയോ കോടതിയിൽ പറയാൻ പറഞ്ഞു.
മുട്ടായി നുണഞ്ഞു പറഞ്ഞ കൈക്കുന്ന സത്യങ്ങൾ ശ്യാമളയെയും സഹോദരങ്ങളെയും അമ്മയിൽ നിന്ന് അകറ്റി. പട്ടിണിക്ക് പുറമേ അമ്മയുടെ കരുതലും സ്നേഹവും ഇല്ലാത്ത അവർ വളർന്നു.
" അധികം താമസിയാതെ അച്ഛൻ വീണ്ടും വിവാഹം കഴിച്ചു. അമ്മക്ക് പകരം ഒരു രണ്ടാനമ്മ വീട്ടിലേക്കു വന്നു. അച്ഛന്റെ കല്യാണത്തിന്റെ സദ്യയിലോക്കെ ഞങ്ങൾ മക്കൾ നാലാളും ഉത്സാഹത്തോടെ പങ്കെടുത്തു. തിരിച്ചറിവില്ലാത്ത പ്രായത്തിൽ അച്ഛന്റെ കല്യാണ സദ്യ ഉണ്ട് പായസം കുടിച്ച മക്കളാണ് ഞങ്ങൾ"- ഒരു ഇരുണ്ട ഫലിതം സ്വയം ആസ്വദിക്കും പോലെ ശ്യാമള ഉറക്കെ ചിരിച്ചു.
രണ്ടാനമ്മയിൽ കുട്ടികൾ ഒന്നും ഉണ്ടായില്ല. പക്ഷെ അവർ ഞങ്ങളെ പട്ടിണിക്കിട്ടും ചീത്ത പറഞ്ഞും നിരന്തരം പീഡിപ്പിച്ചു. അച്ഛന് ഞങ്ങളെ കാര്യമായിരുന്നു. രണ്ടാനമ്മ അടിക്കാൻ ഒന്നും സമ്മതിക്കില്ല. അച്ഛൻ വീടിനു പുറത്തു പോകുമ്പോൾ ചീത്ത പറയും. കഞ്ഞി തരില്ല. അച്ഛൻ അരി വാങ്ങിക്കൊണ്ടു വന്നാൽ അവർ അത് കഞ്ഞി വെക്കുമ്പോൾ പകുതി എടുത്തു ഒളിച്ചു വെക്കും.! ഒളിച്ചു വെക്കുന്നത് എങ്ങനെ എന്നല്ലേ ..? കഞ്ഞി ചട്ടിയിൽ പകർന്നു മൂടി കൊണ്ട് അടച്ചു മണ്ണിൽ കുഴിച്ചിടും. ഞങ്ങൾ പുറത്തു പോകുമ്പോൾ അവർ എടുത്തു കുടിക്കും.!! ഒരിക്കൽ ചേട്ടൻ ഇത് കണ്ടു പിടിച്ചു. കഞ്ഞിച്ചട്ടി അവർ കാണാതെ എടുത്തുകൊണ്ടു പോയി അതിലുള്ള കഞ്ഞി എല്ലാം കുടിച്ചു. ഇതു അറിഞ്ഞ അച്ഛൻ പിന്നെ കുറെ നാൾ ഗോതമ്പ് പൊടിപ്പിച്ചു കൊണ്ട് വരുമായിരുന്നു. അത് അപ്പോൾ തന്നെ കഞ്ഞി വച്ച് വിളമ്പാൻ പറയും. അത് എല്ലാർക്കും വിളമ്പും വരെ അച്ഛൻ കാത്തിരിക്കുമായിരുന്നു. അച്ഛനും രണ്ടാനമ്മയും മരിച്ചു പോയി. എന്റെ അമ്മ എല്ലാം കാണാനും കേൾക്കാനുമായി ഗതി കിട്ടാ പ്രേതത്തെ പോലെ ജീവിച്ചിരിക്കുന്നു.
എത്രേം നേരത്തെ ചത്തുപോയാൽ അത്രേം നല്ലത്. ഈ ലോകത്തിലെ ദുരിതങ്ങൾ അനുഭവിക്കണ്ടല്ലോ? എന്റെ ആഗ്രഹം അതാണ്. സ്വയം ചാകാൻ കഴിയാത്തതിനാൽ ഞാൻ ഇങ്ങനെ ഭൂമിക്കു ഭാരമായി ജീവിക്കുന്നു. ആർക്കും വേണ്ടാത്ത ഒരു ജീവിതം! .
അമ്മയെയും വീണ്ടും വിവാഹം കഴിപ്പിച്ചു അയച്ചു. അതിൽ 3 മക്കൾ ഉണ്ടായി. മൂത്ത ആൾ മരിച്ചു പോയി.പിന്നെ 2 പെണ്മക്കൾ ആയിരുന്നു. അവരുടെ കല്യാണം ഒക്കെ കഴിഞ്ഞപ്പോഴേക്കും അമ്മ വീണ്ടും അനാഥ ആയി. ഇപ്പോൾ എന്റെ മൂത്ത ചേട്ടന്റെ വീട്ടിൽ ആണ്. ഞാൻ കണ്ടിട്ട് വർഷങ്ങൾ ആയി. ആർക്കും എന്നെ വേണ്ട. പിന്നെ എന്തിനു ഞാൻ അവരുടെ ഒക്കെ പടിക്കൽ പോണം. വാശി എനിക്കും ഉണ്ട്. ഇളയ സഹോദരി മാത്രം ഇടക്ക് വിളിക്കും. അവൾ ഓണത്തിന് ഇങ്ങോട്ട് വരം എന്ന് പറഞ്ഞിരിക്കുകയാണ്. !!..അപ്പോൾ ആ സ്വരത്തിൽ സന്തോഷം തിരതല്ലുന്നുണ്ടായിരുന്നു. മുഖത്ത് ഒരു നിറഞ്ഞ ചിരിയും.
( അടുത്ത ഭാഗത്തോടെ ശ്യാമളയുടെ കഥ തൽകാലം അവസാനിക്കുന്നു .... " പേർ എടുക്കാൻ പോയവൾ രണ്ടു പെറ്റോ" ? )


ശ്യാമളയുടെ കഥ – 6 ( അവസാന ഭാഗം )
പേർ എടുക്കാൻ പോയവൾ രണ്ടു പെറ്റോ ?


ഒരുപാടു വീടുകളിൽ കുളിപ്പിക്കാനായി പോയിട്ടുണ്ടല്ലോ ? എന്തെങ്കിലും അനുഭവങ്ങൾ ഓർക്കാൻ ഉണ്ടോ ? 

" ഹ.. ചോദ്യം മനസ്സിലായി. പേർ എടുക്കാൻ പോയവൾ രണ്ടു പെറ്റോ എന്ന് !!!" - ശ്യാമള പതിവിലും ഉത്സാഹത്തോടെ ചിരിച്ചു. 
" എന്റെ അരിക്കൽ ആരുടെയും അഭ്യാസം നടക്കില്ല. ഏതു വീട്ടിൽ ആണെങ്കിലും അടുക്കളയുടെ ഏതെങ്കിലും കോണിൽ ഉപയോഗിക്കാതെ കിടക്കുന്ന ഒരു വാക്കത്തി കാണും. അത് ഞാൻ കിടക്കുന്നിടത്ത് ഒളിച്ചു വെക്കും. പിന്നെ നമ്മുടെ പെരുമാറ്റം പോലെ ഇരിക്കും ഇങ്ങെനെ ഉള്ള ഇളക്കങ്ങൾ. അതിനുള്ള അവസരം നൽകാതിരുന്നാൽ അവെരല്ലം നല്ലവരാണ്.
നല്ലവർ എന്നല്ല പറയണ്ടത് 'പേടിതൊണ്ടന്മാർ" ആണ്. ഈ പെണ്ണ് പ്രതികരിക്കും എന്ന ഒരു വിചാരം ആദ്യമേ നൽകിയാൽ പിന്നെ ആ വീട്ടിൽ പ്രശ്നം ഒന്നും ഉണ്ടാവില്ല . മാത്രമല്ല അവരുടെ വീട്ടിൽ അവർക്ക് നാണോം മാനത്തോടെയും പിന്നെയും ജീവിക്കേണ്ടേ ?
എന്നിട്ടും ഈ വയസ്സ് കാലത്ത് ഒരു അനുഭവം ഉണ്ടായി. ചെങ്ങന്നൂർ ഒരു വീട്ടിൽ കുളിപ്പിക്കാൻ പോയി . പെണ്ണിന് ഒരു 27 വയസ്സ് പ്രായം തോന്നും . കെട്ടിയവന് 40-നു മുകളിലും. അവർ തമ്മിൽ ഇപ്പോഴും വഴക്കാണ്. ഞങ്ങൾ പാവങ്ങളുടെ വീട്ടിലെ വഴക്ക് സഹിക്കാം . ഇത് ഗ്രേഡ് കൂടിയ വഴക്ക്.!!. എന്താ കാരണം എന്ന് എത്ര ശ്രമിച്ചിട്ടും മനസ്സിൽ ആയില്ല. ഒടുവിൽ ആണ് പ്രശ്നം പിടികിട്ടിയത് !! ...പ്രശ്നം ഞാൻ തന്നെ!! .പെണ്ണിന് നല്ല മുഴുത്ത സംശയം. പിറ്റേ ദിവസം ഞാൻ തിരിച്ചു പോന്നു. എന്താ ..ഏതാ എന്നക്കെ ചോദിച്ചോണ്ട് പിറകെ വന്നു . പോകേണ്ട അത്യാവശം ഉണ്ട് എന്ന് പറഞ്ഞു തടി തപ്പി.!!
ചില വീടുകളിൽ പോയാൽ പട്ടിണി ആയിരിക്കും . ഭക്ഷണം വായിൽ വെക്കാൻ കൊള്ളില്ല. മീനൊക്കെ നന്നായി വെട്ടി കഴുകാതെ കുടലും പണ്ടവും ആയി കറി വയ്ക്കുന്നവർ ഉണ്ട്. ഛർദിക്കൻ വരും. മീൻ വെള്ളം കൊണ്ട് മുഖം കഴുകണം എന്ന് പറയുന്ന നാടാണ് എന്റേത്. അതായതു മീൻ വെട്ടി കഴുകി കഴിഞ്ഞാൽ ആ വെള്ളം അത്ര ശുദ്ധം ആയിരിക്കണം എന്ന് സാരം !.
ചില പെമ്പിള്ളാരെ കുളിപ്പിക്കാൻ ചെല്ലുമ്പോൾ അവർക്ക് നാണമാ !. ദേഹത്ത് തുണി ഇട്ടോണ്ട് കുളിപ്പിക്കാൻ ഒക്കുമോ . ഞാൻ വഴക്ക് പറയും. പാവങ്ങളാ..ഈ സമയത്ത് നമ്മൾ പറയുന്നതൊക്കെ കേട്ടോളും.
ഇനി എത്ര നാൾ ഇങ്ങനെ ഒക്കെ ?- ഞാൻ ചോദിച്ചു.
എല്ലാം ചക്കളത്തു കാവിലെ അമ്മക്ക് അറിയാം . ഇങ്ങനെ എങ്കിലും ഈ ജീവിതം തള്ളി നീക്കണം. ആർക്കും വേണ്ടാത്ത എന്നെ കിടപ്പിലക്കാതെ അങ്ങ് എടുത്താൽ മതിയായിരുന്നു. പിന്നെ എല്ലാ മാസവും ഞാൻ ലോട്ടറി ടിക്കറ്റ് എടുക്കും. ഇടയ്ക്ക് കൊച്ചു സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. 5000 രൂപ ആണ് കിട്ടിയ വലിയ തുക. ഈ വർഷം എനിക്ക് 50 ലക്ഷം രൂപ ലോട്ടറി കിട്ടും എന്ന് ഒരു സ്വാമി പറഞ്ഞിട്ടുണ്ട്. പിന്നെന്താ എനിക്ക് കുഴപ്പം - ശ്യാമള പിന്നെയും പിന്നെയും ചിരിച്ചു. സത്യത്തിൽ ലോട്ടറി കിട്ടും എന്ന വിശ്വാസം കൊണ്ടല്ല "ജീവിതത്തിൽ എന്തെങ്ങിലും ഒരു പ്രതീക്ഷ വേണ്ടേ ?"- അവർ ചോദിച്ചു.
****


ശ്യാമളയുടെ കാലാവധി കഴിഞ്ഞു.ഒപ്പം ഞങ്ങളുടെ ആവശ്യവും.ഏജൻസിക്കാർ മൊബൈലിൽ വിളിച്ചു മടങ്ങാൻ നിർദേശം നൽകി. പുതിയ കരാർ ഒന്നും ആയിട്ടില്ല. അവർ സ്വന്തം വീട്ടിലേക്കു മടങ്ങുകയാണ്, ഒരു യുദ്ധക്കളത്തിലേക്ക് എന്ന പോലെ. അവധിക്കാലം കഴിഞ്ഞു ഞങ്ങളും മടങ്ങുകയാണ്. രാവിലെ നട്ടു വളർത്തിയ ചെടികളുടെ അടുത്ത് പോയി കുറെ നേരം നിന്നു.ചില മരുന്ന് ചെടി തൈകൾ പറിച്ചെടുത്തു. ഒരു ഓട്ടോ റിക്ഷ വന്നു നിന്നു. അവർ പഴകിയ എയർബാഗ് അതിനുള്ളിൽ എടുത്തു വച്ചു. "പോട്ടെ " എന്ന് ചോദിച്ചപ്പോൾ ഒരിക്കലും ഉലയാത്ത ആ ശബ്ദത്തിൽ പതർച്ച. കണ്ണുകൾ കലങ്ങിയിരുന്നോ എന്ന് സംശയം. നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് വീണ്ടും ഓട്ടോ റിക്ഷയുടെ കടാ - കടാ ശബ്ദം. ഇത്തവണ ആ ശബ്ദം അസഹനീയം ആയി തോന്നി. ചെവി പൊത്തി, കണ്ണുകൾ അടച്ചു നിൽക്കാൻ തോന്നുന്നു.. അതെ കാഴ്ചയും കേൾവിയും മറച്ചു ജീവിത സത്യങ്ങളിൽ നിന്നുള്ള ഒരു രക്ഷപ്പെടൽ പോലെ.!! പിന്നെ ഓട്ടോ റിക്ഷയുടെ ശബ്ദം അകന്നകന്നു പോയി.
****
( ശ്യാമളയുടെ കഥ തൽക്കാലം ഇവിടെ തീരുന്നു. എന്നാൽ ആ യാത്ര തീരുന്നില്ല. വായിച്ചവർക്കും, പ്രോത്സാഹിപ്പിച്ചവർക്കും, വിമർശിച്ചവർക്കും, അവഗണി ച്ചവർക്കും നന്ദി )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ