Pages

2013 സെപ്റ്റംബർ 21, ശനിയാഴ്‌ച

ഒന്നുപോലെ

മാനുഷരെല്ലാം ഒന്നുപോലെ’ എന്നതിലെ ഒന്ന് കുട്ടിക്കാലത്ത് ഏറെ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. മാവേലി നാട് വാണിരുന്ന കാലത്ത് മനുഷ്യര്‍ 1 എന്ന അക്കം പോലെ മെലിഞ്ഞിരുന്നോ അതോ ഒരേ രൂപസാദൃശ്യത്തോടെയുളള മനുഷ്യരായിരുന്നുവോ അന്ന് ജീവിച്ചിരുന്നതെന്നും ഒക്കെയായിരുന്നു അന്നത്തെ സംശയം!

പിന്നെയാണ് എല്ലാ മനുഷ്യരും സമഭാവനയോടെ, ഒരുപോലെ ജീവിച്ചിരുന്ന കാലമായിരുന്നു അതെന്ന് മനസ്സിലായത്. സോഷ്യലിസത്തെക്കുറിച്ചൊക്കെ മനസ്സിലാക്കിയത് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. എല്ലാ മനുഷ്യരും സമന്മാരാകണം എന്ന് കരുതുന്ന ഒരു ചിന്താധാര നൂറ്റാണ്ടുകള്‍ക്ക്‌ അപ്പുറത്ത്  മലയാളികളുടെ ഇടയില്‍ നിലനിന്നിരുന്നല്ലോ എന്ന് അത്ഭുതത്തോടെ അന്ന് ഓര്‍ക്കുകയും അഭിമാനം കൊളളുകയും ചെയ്തു. എന്നാല്‍ പിന്നെയും ഈ 1 പലതവണ പലപ്രകാരത്തില്‍ കടന്നുവന്നു. 
വൈക്കം മുഹമ്മദ് ബഷീറിന്‍െറ ‘ഒന്നും ഒന്നും കൂടിയാല്‍ ഇമ്മിണി ബല്യ ഒന്ന്’ എന്ന പ്രയോഗം സാമ്പ്രദായിക  കണക്ക് പുസ്തകങ്ങളുടെ അപ്പുറത്തേക്കാണ് കൊണ്ടുപോയത്. അങ്ങനെയാണ് ഒന്ന് ഐക്യത്തിന്‍െറ പ്രതീകമാണെന്ന തിരിച്ചറിവ് ഉണ്ടാകുന്നത്. ഒന്ന് കൊണ്ട് ഒന്നിനെ ഗുണിച്ചാല്‍ ഉത്തരം അതുതന്നെ. ഒന്നിന്‍െറ സ്ക്വയര്‍, ക്യൂബ് തുടങ്ങിയവയും അതുതന്നെ.

റോമന്‍ അക്കങ്ങള്‍ പ്രചാരത്തിലായതോടെയാണ് ഇന്ന് നാം കാണുന്ന 1 ഈ രൂപത്തില്‍ പരിചിതമായത്. കിടക്കുന്ന ഒന്നും (ചൈനീസ്)  പോലെ വളഞ്ഞ ഒന്നും (തെലുങ്ക്‌, കന്നട)  വിവിധ ഭാഷകളില്‍ ഉണ്ട്. ഗ്രീക്കില് ഇത് ‘ആല്‍ഫയാണ്. അതായത് എല്ലാത്തിനും തുടക്കം, ശുഭലക്ഷണം. അറബിയിലും പേര്‍ഷ്യനിലും 1 എഴുതുന്നത് ഏറെക്കുറെ റോമന്‍ അക്കം പോലെ തന്നെ. മലയാളത്തിനും ഉണ്ട് സ്വന്തമായൊരു ഒന്ന്. കീബോര്‍ഡില്‍  വഴങ്ങാത്തതിനാല് ഏകദേശം “” പോലെ ഇരിക്കുമെന്ന് പറഞ്ഞൊഴിയുന്നു. ഒന്ന് എന്നാല്‍ അന്തിമമാണ്. രണ്ടാമതൊന്നില്ല. നിലനില്ക്കുന്ന എല്ലാത്തിന്‍െറയും പരമമായ, അവസാന വാക്ക്. രണ്ടാം സ്ഥാനം എന്നും രണ്ടാംകിട എന്നും മറ്റും നാം പറയുന്നത് ഒന്ന് അന്തിമമാണെന്ന് പറഞ്ഞുറപ്പിക്കാനാണ്.
പ്രമുഖ ഗ്രീക്ക് പണ്ഡിതനായ ‘പ്ലോട്ടിനസ്’ ഒന്നിനെ പരമോന്നതനായ ദൈവത്തിന്‍െറ സ്ഥാനത്ത് ഉറപ്പിച്ചു. ഒരേസമയം ആയിരിക്കുകയും ഇല്ലാതായിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഒന്ന്. നിലനില്‍ക്കുന്ന എല്ലാ വസ്തുക്കളുടേയും മുന്‍പിലാണ് ഒന്നിന്‍െറ സ്ഥാനം. ഏറ്റവും നല്ലതും സുന്ദരവുമായതിനെ വിശേഷിപ്പിക്കുന്നത് ഒന്നാം തരം എന്ന് തന്നെ.

18ാം നൂറ്റാണ്ടിലെ തത്വചിന്തയായ ‘മോണിസം’ പറയുന്നത് വ്യത്യസ്തമായ വസ്തുക്കള്‍ വിശദീകരിക്കപ്പെടുന്പോള്‍ അത് അന്തിമമായ ഒന്നിലേക്ക് എത്തിച്ചേരുന്നുവെന്നാണ്. വ്യത്യസ്തമായത് എന്ന് തോന്നുന്നുവെങ്കിലും തിരഞ്ഞ് പോകുന്പോള്‍ അത് ഒന്നാണെന്ന് തിരിച്ചറിയുന്നു. വസ്തുവും പരമാര്‍ത്ഥവും ഒന്ന് ചേരുന്ന അവസ്ഥയാണിത്. ഭ്രൂണവും ജനിതക ഘടനകളും തന്മാത്രയും ഒക്കെ ഇങ്ങനെ വ്യാഖ്യാനിക്കാം. മനുഷ്യനും മറ്റ് എല്ലാ ചരാചരങ്ങളും ഇങ്ങനെ ഒരു കണികയിലേക്ക് ചുരുങ്ങുന്ന അതിമനോഹരമായ ചിന്താ പദ്ധതിയാണിത്.

മാനുഷരെല്ലാരും ഒന്നുപോലെ’ എന്ന് പറയുന്പോള്‍ അതിന്‍െറ അര്‍ത്ഥവ്യാപ്തി അപാരമാകുന്നു. ഒരുപക്ഷെ നിലവിലുളള മറ്റെല്ലാ തത്വചിന്തകള്‍ക്കും മുകളില്‍ ഇതിനെ പ്രതിഷ്ഠിക്കാന്‍ ഈ ഒരൊറ്റ വരി മതിയാകും. എന്നിട്ടും കേരളം ഭ്രാന്താലയമായി ഇപ്പോഴും തുടരുന്നു.
ഒന്ന് എന്നത് തീര്‍ച്ചയുടെ അവസാന വാക്കാണ്. ഒന്നുപോലെ ആകാനുളള മലയാളികളുടെ അന്വേഷണമാണ് ഓരോ ഓണത്തിലൂടെയും പുനരവതരിക്കുന്നത്. ഭൂമി നഷ്ടപ്പെട്ടവന്‍െറ ദു:ഖവും ഒരിക്കലും ഭൂമി തിരിച്ച് നല്‍കില്ലാ എന്ന ദേവന്‍മാരുടെ തീരുമാനവും നിലനില്‍ക്കെ തന്നെ മഹാബലി ഓരോ തവണയും ‘പരോളില്‍’ വരുന്നത് ഈ ഒന്നിനെ തിരയാനാണ്.

ഹിന്ദുമതത്തില്‍ ബ്രഹ്മാവും വിഷ്ണുവും ശിവനും ചേര്‍ന്ന് ‘ഓംകാരം’ ആകുന്നതുപോലെ ക്രിസ്തുമതത്തില്‍ പിതാവും പുത്രനും പരിശുദ്ധാത്മാവും ചേര്‍ന്ന് ഒന്നാകുന്നു. ഈ ത്രീയേക ദൈവമാണ് സൃഷ്ടി സ്ഥിതി സംഹാരത്തിന്‍െറ അടിസ്ഥാനമെന്ന് ഈ മതവിശ്വാസികള്‍ കരുതുന്നു. അതേസമയം ഇസ്ലാം മതം പരമമായ ഒന്നിലേക്ക് (അളളാഹു) വെളിച്ചം വീശുകയും ഒന്നേയുളളൂവെന്ന് പറഞ്ഞ് ഉറപ്പിക്കുകയും ചെയ്യുന്നു.

ഒന്നായ നിന്നെ ഇഹ രണ്ടെന്ന് കണ്ടളവില്‍
ഉണ്ടായ ഒരിണ്ടല്‍ മിണ്ടാവതല്ല മമ..
എന്ന് എഴുത്തച്ഛന്‍ പറഞ്ഞുവെച്ചത് പരമമായ ഒന്നിനെ (ദൈവത്തെ) നാം പലതായി കാണുമ്പോഴുളള ഇണ്ടലിനെ (ദു:ഖം) പറ്റിയാണ്. ഈശ്വരനെ അന്വേഷിച്ച് വ്രതാനുഷ്ഠാനങ്ങള്‍ നടത്തിയും കഠിനമായ യാത്ര ചെയ്തും മലമുകളിലുളള ക്ഷേത്രസന്നിധിയില്‍ എത്തുമ്പോള്‍  ‘തത്വമസി’ (അത് നീ തന്നെ) എന്ന തിരിച്ചറിവാണ് മലയാളിക്ക് ലഭിക്കുന്നത്. അന്വേഷിക്കുന്ന പരമമായ സത്യവും  അന്വേഷകനും ഒന്നാകുന്ന അവസ്ഥയാണിത്.
സര്‍വ്വ ചരാചരങ്ങളും ഒന്നാകുന്നതിന്‍െറ അതിമനോഹരമായ ദൃശ്യാവിഷ്കാരമാണ് പൂക്കളം. പ്രകൃതിയും മനുഷ്യനും ദൈവവും ഇവിടെ ഒരു കളത്തില്‍ ഒന്നാകുന്നു. അത്തം മുതല്‍ പത്ത് ദിവസം നില്‍ക്കുന്ന ഓണാഘോഷത്തില്‍ ഓരോ ദിവസവും ഓരോ ദേവതക്കും ഒരു പുഷ്പമെന്ന നിലയില്‍ പത്ത് തരത്തിലുളള പൂക്കള്‍ കൊണ്ടുളള ചിത്രമെഴുത്ത് ലോകത്ത് മറ്റെങ്ങും കാണാനില്ല. ചെന്താമ, തെച്ചി, തുമ്പ, വെളുത്ത താമര, തുളസി, മഞ്ഞ തെച്ചി, ഉഷമലരി, അഷ്ഠപുഷ്പങ്ങളില്‍ ഏതെങ്കിലുമൊന്ന്, പാരിജാതം, തുളപ്പൂ എന്നിങ്ങനെ പത്ത് തരം പൂക്കള്‍ തിരുവോണദിവസം ആകുന്പോഴേക്കും കളത്തില്‍ നിറയുന്നു. ഗണപതിയും പാര്‍വതിയും ശിവനും ബ്രഹ്മാവും അറുമുഖനും വിഷ്ണുവുമൊക്കെ ഓരോ പൂക്കളില്‍ കുടിയിരിക്കുന്നുവെന്നാണ് വിശ്വാസം. ഗുരുവിനെ സങ്കല്‍പ്പിച്ചാണ് ഉഷാമലരി ഇടുന്നത്. ഇങ്ങനെ ഇവരെല്ലാം കൂടി ഒരു കളത്തില്‍ നിറയുന്പോള്‍ ഒന്നുപോലെ എന്ന ആശയം കാഴ്ചയുടെ സമൃദ്ധി കൂടിയായി മാറുന്നു.

ഓണസദ്യയും ഏതാണ്ട് ഇതുപോലെ രുചിയുടെയും കാഴ്ചയുടേയും സമൃദ്ധിയില്‍ വയറും മനവും നിറയ്ക്കുന്നു. ഒരിലയില്‍ (അവിടെയും ഒന്ന് ) എല്ലാം വിളന്പുന്ന സമൃദ്ധിയുടെ കാഴ്ചയാണിത്.
ഒന്നാകാനുളള അന്വേഷണത്തിനും ചിന്തകള്‍ക്കും മനുഷ്യനോളം പഴക്കമുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ തുടക്കത്തില്‍ ഒന്നേ ഉണ്ടായിരുന്നുളളൂ. ആദമെന്ന ഒന്നില്‍ നിന്ന് മറ്റൊന്ന് (ഹവ്വ) ഉണ്ടായപ്പോള്‍ രണ്ടല്ല ഉണ്ടായത്, മറിച്ച് മറ്റൊരു ഒന്നാണ്. അതാണ് ബഷീര്‍ പറഞ്ഞത്  ഈ അണ്ഡഖടാഹത്തിലെ ഏത് ഒന്നുകള്‍ ചേര്‍ന്നാലും ഇമ്മിണി ബല്യ ഒന്ന് ആകുമെന്ന്. ഈ ചിന്താധാരക്ക് അപ്പുറം നമുക്ക് വേറിട്ടൊരു ചിന്തവേണ്ട. മതത്തിനും ജാതിക്കും രാഷ്ട്രീയത്തിനും സ്ഥാനമാനങ്ങള്‍ക്കും ഒക്കെ അപ്പുറം മാനുഷരെല്ലാരും ഒന്നുപോലെ എന്ന് ചിന്തിക്കാന്‍ എങ്കിലും ഓണം പ്രേരകമാകട്ടെ.