Pages

2013 ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

ഡോളറും സ്വദേശിയും..

  • ഇന്ത്യന്‍ സാന്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം
ഷാര്‍ളി ബഞ്ചമിന്‍
----------------------
ഇന്ത്യന്‍ രൂപയുടെ വിലയിടിവ് നാം വരുത്തിവച്ച വിനയാണ്. ഒരു രൂപക്ക് അരി നല്‍കുന്പോഴും സര്‍വ്വമേഖലയിലും സബ്സിഡികള്‍ വാരിക്കോരി നല്‍കുന്പോഴും രാജ്യത്തിന്‍െറ സന്പത്ത് വ്യവസ്ഥയാണ് തകരുന്നതെന്ന് കേന്ദ്രനേതൃത്വത്തിന് നന്നായി അറിയാമായിരുന്നു. എന്നിട്ടും കൈയ്യടി നേടാനും വോട്ട് നേടാനും വേണ്ടി ചെയ്ത ജനപ്രിയ ചെപ്പടിവിദ്യകളാണ് ഇപ്പോള്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നത്.ഭക്ഷ സുരക്ഷാബില്‍ പാസാകുന്നതോടെ ഇത് ഇനിയും രൂക്ഷമാകാനാണ് സാധ്യത. അദ്ധ്വാനിക്കാതെ സൌജന്യമായി എല്ലാം ലഭിക്കണമെന്ന ഒരു മാനസിക നിലയിലേക്ക് ഇന്ത്യക്കാരെ വളര്‍ത്തിയെടുക്കാന്‍ യു.പി.എ സര്‍ക്കാരിന് കഴിഞ്ഞു എന്നതാണ് ഇത്തവണത്തെ ഭരണനേട്ടം. 

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പോലെയുളള പരിപാടികളിലൂടെ ശതകോടി കണക്കിന് രൂപയാണ് നഷ്ടമായതെന്ന് സാന്പത്തിക, ആസൂത്രണ മേഖലകളിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്വകാര്യ വ്യക്തികളുടെ പറന്പില്‍ കൃഷിപ്പണി ചെയ്യുന്നതിന് പോലും തൊഴിലുറപ്പ് പദ്ധതിയുടെ പണം ഉപയോഗിക്കുന്നു. മറ്റ് പല സംസ്ഥാനങ്ങളിലും കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ഈ മേഖലയില്‍ നടക്കുന്നത്. 

വിദേശ നിക്ഷേപം പോലെയുളള മേഖലകളില്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി നാം തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. മന്‍മോഹന്‍ സിംഗിന്‍െറ ഉദാരവത്കരണ നയം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിശ്ചലാവസ്ഥയില്‍ ആയിരുന്നു. അതിനാല്‍ തന്നെ ഡോളര്‍ നിക്ഷേപങ്ങള്‍ ഇന്ത്യയിലേക്ക് എത്തുന്നത് കുറഞ്ഞു.നിക്ഷേപകര്‍ ഡോളര്‍ പുറത്തേക്ക് കൊണ്ടുപോകുന്നതിന് നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാല്‍ രൂപയുടെ മൂല്യം കുറയുന്പോള്‍ വന്‍തോതില്‍ ഡോളര്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കുകയും രൂപയുടെ മൂല്യം വീണ്ടും ഇടിയുന്പോള്‍ ഇന്ത്യയില്‍ നിക്ഷേപിക്കുകയും ചെയ്യും. ഇതുകൊണ്ട് നിക്ഷേപകര്‍ക്ക് പ്രയോജനം ഉണ്ടാവുകയും ഇന്ത്യന്‍ സാന്പത്തിക മേഖല അനുദിനം തകരുകയും ചെയ്യും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്പോള്‍ അനധികൃതമായി കളളപണത്തിന്‍െറ (ഹവാല) ഒഴുക്ക് തടയാന്‍ സര്‍ക്കാരിന് കഴിയുന്നുമില്ല. സ്വര്‍ണ്ണം, ഫ്ളാറ്റ് ടിവികള്‍ എന്നിവയുടെ കളളകടത്ത് ഇനി വര്‍ദ്ധിക്കാനാണ് സാധ്യത.സാന്പത്തിക മേഖലയില്‍ ഇന്ത്യയുടെ നിയന്ത്രണം നഷ്ടപ്പെടുന്നതോടെ നിക്ഷേപകര്‍ ഇന്ത്യയിലേക്ക് തിരിഞ്ഞ് നോക്കാതെയാകും. 

എന്തിനും ഏതിനും വിദേശ ഉത്പ്പനങ്ങളേയും അസംസ്കൃത വസ്തുക്കളേയും ആശ്രയിച്ചതോടെ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുളള അന്തരം വര്‍ദ്ധിച്ചു. ഇറക്കുമതിക്ക് ഡോളര്‍ നല്‍കാന്‍ വന്‍തോതില്‍ നാം ഡോളര്‍ വാങ്ങിക്കുട്ടി. കയറ്റുമതിയുടെ അളവ് തുലോം കുറയുകയും ചെയ്തു. ഈ വ്യതിയാനമാണ് ഇപ്പോള്‍ ഡിമാന്‍്റ് ആന്‍്റ് സപ്ലൈ തത്വമനുസരിച്ച് വിപണിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 

കേസിലും മറ്റും പെട്ട് കല്‍ക്കരി പാടങ്ങളിലെ ഖനനം നിന്നതോടെ നിര്‍മ്മാണം പൂര്‍ത്തിയായ താപവൈദ്യുതി നിലയങ്ങള്‍ പോലും പ്രവര്‍ത്തിക്കാതെയായി. വന്‍തോതില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്ത് പ്രതിസന്ധി മറികടക്കാന്‍ ശ്രമിച്ചതോടെ ധാരാളിയുടെ കീശയില്‍ നിന്ന് പണം ചോരുന്നപോലെ ഡോളര്‍ പുറത്തേക്ക് ഒഴുകി. ഇരുന്പ് അയിര് ഉള്‍പ്പടെ പല ഖനനങ്ങളും കേസുകളും വിവാദങ്ങളും മൂലം നിലച്ചിരിക്കുകയാണ്. ഇവ ഇറക്കുമതി ചെയ്യാനും വന്‍തോതില്‍ ഡോളര്‍ വേണ്ടിവന്നു. ഇന്ത്യയിലെ നിലവിലെ കറണ്ട് അക്കൌണ്ട് ഡെഫിസിറ്റ് ( CAD)ആഭ്യന്തര മൊത്ത ഉല്‍പ്പാദനത്തേക്കാള്‍ 4.8 ശതമാനം കൂടുതലാണ് അത് ഇനിയും കൂടും. വിലകയറ്റത്തിന്‍െറ നാളുകള്‍ ഇനിയും വരാനിരിക്കുന്നതേയുളളു. അതോടുകൂടി സാന്പത്തിക വളര്‍ച്ച 5 ശതമാനത്തില്‍ താഴേക്ക് പോകും. തൊഴില്‍ ഇല്ലായ്മ വര്‍ദ്ധിക്കുകയും നിലവിലുളള സ്ഥാപനങ്ങളില്‍ നിന്ന് പിരിച്ചുവിടല്‍ കൂടുകയും ചെയ്യും. 

അടുത്ത പൊതുതെരഞ്ഞെടുപ്പ് വരെ ഈ സ്ഥിതിയില്‍ വലിയ മാറ്റം ഉണ്ടാകുമെന്ന് തോന്നുന്നില്ല. കയറ്റുമതി വര്‍ദ്ധിപ്പിക്കുകയും ഇറക്കുമതി പരമാവധി നിയന്ത്രിക്കുകയുമാണ് അടിയന്തരമായി ചെയ്യേണ്ടത്. ഗാന്ധിജി പറഞ്ഞതുപോലെ ഇന്ത്യന്‍ നിര്‍മ്മിത ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കാനും വൈദേശികമായവ ഒഴിവാക്കാനും ഓരോ ഇന്ത്യക്കാരനും തയ്യാറാകുന്പോള്‍ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുളള അന്തരം കുറയും. അതിലൂടെ ഇന്ത്യക്ക് കുറെ എങ്കിലും ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാം.


ശശിയും മാങ്ങാ കച്ചവടവും !
അഥവാ രൂപയും ഡോളറും !!!

ശശി മാങ്ങാ കച്ചവടം നടത്തുകയായിരുന്നു . 100 രൂപയായിരുന്നു അസ്തി . ഇതിനിടയിൽ ബാബു 100 രൂപയുമായി പങ്കു കച്ചവടത്തിന് എത്തി . കച്ചവടം മെച്ചപ്പെടുമല്ലോ എന്നു കരുതി പാവം ശശി അതിനു വഴങ്ങി. മൊത്തം ആസ്തി 200 രൂപ .
കച്ചവടം തുടങ്ങിയപ്പോൾ ബാബു പറഞ്ഞു ."എന്റെ തുകയ്ക്കുള്ള കച്ചവടം ഞാൻ നടത്തും . ഇഷ്ടമുള്ളപോൾ മുതലും ലാഭവും പിൻ വലിക്കും"...അതും ശശി സമ്മതിച്ചു.
100 രൂപക്കു മാങ്ങാ വാങ്ങി കച്ചവടം നടത്തി . 10 രൂപ ലാഭം . മുതലും ലാഭവും ഉൾപ്പെടെ 110 രൂപയും ആയി ബാബു കച്ചവടത്തിൽ നിന്നു തൽകാലം പിന്മാറി .കടവാടകയും മറ്റ് ചിലവുകളും മാസം 20 രൂപ കണക്കില്‍ ശശി മാത്രം നല്‍കേണ്ടി വന്നു. ശശിയുടെ മുതൽ 80 രൂപ ആയി കുറഞ്ഞു . പിന്നീട് ഈ കച്ചവട 'കളി "യില്‍ ബാബു പലതവണ പങ്ക് ചേര്‍ന്നു . ശശിയുടെ ആസ്തി കുറഞ്ഞു ...കുറഞ്ഞു വന്നു . ബാബു ഇപ്പോഴും കച്ചവടം പൊടിപൊടിക്കുന്നു .
ഓഹരി കച്ചവടത്തിൽ രൂപക്ക് എന്തു സംഭവിച്ചു എന്നും ഡോളർ പുറത്തേക്കു ഒഴുകുന്നത്‌ എങ്ങനെ എന്നും മനസ്സിലായില്ലേ ?..ഇനിയും മനസിലാക്കാത്തത്‌ ആണ് നമ്മുടെ ശാപം .